DweepDiary.com | ABOUT US | Friday, 26 April 2024

മാസ്റ്റേഴ്സ് ദേശീയ ഫുട്ബോള്‍: ലക്ഷദ്വീപ് മലപ്പുറത്തെ സമനിലയില്‍ തളച്ചു

In sports BY P Faseena On 11 March 2022
തേഞ്ഞിപ്പലം: ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ വിഎഫ്‌സി മലപ്പുറത്തെ ഗോള്‍രഹിത സമനിലയില്‍ തളച്ച് മാസ്റ്റേഴ്‌സ് എഫ്.സി ലക്ഷദ്വീപ്. നാല്‍പ്പത് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ഇന്ത്യന്‍ മാസ്റ്റേഴ്സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കം ഈ മാസം 13വരെയാണ്.
ലക്ഷദ്വീപ്, തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരള എന്നിവിടങ്ങളില്‍ നിന്നുള്ള മികച്ച 12 ടീമുകളാണ് ദേശീയതല മത്സരത്തില്‍ മാറ്റുരക്കുന്നത്. മാസ്റ്റേഴ്‌സ് എഫ്‌സി ലക്ഷദ്വീപ് ടീം ക്യാപ്റ്റന്‍ സീനിയര്‍ പ്ലയറായ ആറ്റക്കോയ എന്‍.പിയാണ്. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളില്‍ നിന്നുള്ള മികച്ച കളിക്കാരാണ് ടീമിന്റെ കരുത്ത്. ആന്ത്രോത്ത് സ്വദേശിയായ റഹ്‌മത്തുള്ള പി യാണ് ടീം കോച്ച്. മാര്‍ച്ച് 9ലെ ആദ്യമത്സരത്തില്‍ ഫാല്‍ക്കന്‍സ് വള്ളിക്കുന്നിനായിരുന്നു ജയം (2-1). വളപ്പട്ടണം ഡബ്ല്യൂ.എഫ്.സി ആണ് ഫാല്‍ക്കന്‍സ് വള്ളിക്കുന്നിനോട് പൊരുതിത്തോറ്റത്. കോഴിക്കോട് മാസ്റ്റേഴ്സും വാഴക്കാട് ജിഗ്രയും തമ്മിലുള്ള പോരാട്ടം 2-2ന് സമനിലയില്‍ കലാശിച്ചു. തിരൂര്‍ യൂണിവേഴ്സല്‍ സോക്കറിനും കണ്ണൂര്‍ എന്‍.സി.എല്ലിനും ഗോള്‍രഹിത സമനിലയായിരുന്നു.
ഇന്നലെ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡുക്കേഷന്‍ മേധാവി ഡോ: സക്കീര്‍ ഹുസൈന്‍ ഇന്ത്യന്‍ മാസ്റ്റേഴ്സ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ഇന്ന് 3മണിക്ക് തുടങ്ങുന്ന മത്സരത്തില്‍ പൂനെ വെറ്റേറന്‍സ് എഫ്‌സിയും മാസ്റ്റേഴ്‌സ് എഫ്‌സി ലക്ഷദ്വീപും തമ്മില്‍ ഏറ്റുമുട്ടും. മാര്‍ച്ച് 13 ഞായറാഴ്ച്ചയാണ് ഫൈനല്‍ മത്സരം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY