DweepDiary.com | ABOUT US | Monday, 06 May 2024

ആറ്റക്കോയാ വൈദ്യര്‍ (ചെറിയ ദ്വീപിലെ ചെറിയ വിശേഷങ്ങൾ - 16)

In interview Special Feature Article BY Web desk On 24 April 2024
അഗത്തി ദ്വീപില്‍ മുള്ളിപ്പുര ആറ്റക്കോയാ എന്ന പ്രസിദ്ധനായ ഒരു വൈദ്യര്‍ ഉണ്ടായിരുന്നു.ദ്വീപിലും ദ്വീപിനു പുറത്തും അദ്ദേഹം പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു.കോഴിക്കോട്,മംഗലാപുരം,ഭാഗങ്ങളില്‍ ദ്വീപു വൈദ്യര്‍ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.കോഴിക്കോട്ടില്‍ പോയാല്‍ വെള്ളയില്‍ ഉള്ള ഒരു വീട്ടിലായിരുന്നു അദ്ദേഹം തങ്ങിയിരുന്നത്.
അവിടത്തെ സ്ത്രീകള്‍ അദ്ദേഹത്തിനു മരുന്നുകള്‍ അരച്ചു കൊടുത്തും പിഴിഞ്ഞു കൊടുത്തും മറ്റും സഹായിച്ചിരുന്നു.ആ വീട്ടില്‍ ഇരുന്നായിരുന്നു അദ്ദേഹം ചികിത്സ നടത്തിയിരുന്നത്.മംഗലാപുരത്തും അതിന്‍റെ പ്രാന്തപ്രദേശങ്ങളിലും അദ്ദേഹത്തിനു നല്ല സ്വീകാര്യത ഉണ്ടായിരുന്നു. മംഗലാപുരത്തെ ബട്ടക്കുളം എന്ന സ്ഥലത്ത് ഒരിക്കല്‍ വിവാഹം ഉറപ്പിച്ച ഒരു പെണ്‍കുട്ടിക്ക് മാനസിക വിഭ്രാന്തി പിടിപെട്ടു.കല്യാണത്തിനു ആവശ്യമായ സാധനങ്ങള്‍,ഫര്‍ണീച്ചറുകള്‍ എല്ലാംവാങ്ങി വെച്ച വീട്ടുകാര്‍ ആകെ വിഷമത്തിലായി.ഈ പെണ്‍കുട്ടിക്ക് അവരാല്‍ കഴിയുന്ന ചികിത്സകള്‍ എല്ലാം അവര്‍ നല്‍കി.പക്ഷേ രോഗശമനം മാത്രം ഉണ്ടായില്ല.പെണ്‍കുട്ടി കൂടക്കൂടെ വൈലന്‍റ് ആകാനും തുടങ്ങി.ബന്ധുക്കള്‍ ദ്വീപു വൈദ്യരുടെ മുമ്പില്‍ എത്തി,പ്രശ്നം അവതരിപ്പിച്ചു.അദ്ദേഹത്തെ അവര്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.വൈദ്യര്‍ പെണ്‍കുട്ടിയുടെ നാഡി പരിശോധിച്ചു.എന്നിട്ട് സ്വല്‍പ്പം ചൂടുവെള്ളവും കുറച്ച് ഉപ്പും കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു.അവ കിട്ടിയപ്പോള്‍ ചൂടുവെള്ളത്തില്‍ ഉപ്പു ചേര്‍ത്ത്,പെണ്‍കുട്ടിയെ ചെരിച്ചു കിടത്തിയിട്ട് ചെവിയിലേക്കു ഈ വെള്ളം ഒഴിച്ചു കൊടുത്തു. അല്പം കഴിഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുക്കി.പുറത്തേക്ക് ഒഴുകിയ ആ വെള്ളത്തില്‍ കൂടി ഒരു പ്രാണിയും പുറത്തേക്കു വന്നു.അതോടെ പെണ്‍കുട്ടിയുടെ വിഭ്രാന്തിയും മാറി.ഈ പ്രാണി ചെവിക്കകത്തു ചലിക്കുവാനും കടിക്കാനും എല്ലാം തുടങ്ങിപ്പോയാണ് ഈ കുട്ടിക്ക് അസ്വസ്ഥതകള്‍ ആരംഭിച്ചത്.അത് കൂടിക്കൂടി വന്നാണ് ഭ്രാന്തിന്‍റെ വക്കിലേക്കെത്തിയത്. കല്യാണത്തിനു വാങ്ങിവെച്ച കട്ടിലും കിടക്കയും അടക്കം പലതും പാരിതോഷികമായി നല്‍കി അവര്‍ വൈദ്യരെ യാത്രയാക്കി.
അഗത്തി ദ്വീപിലേക്ക് ആദ്യമായി ഒരു ഡോക്ടറെ നിയമിച്ചു.കരയില്‍ നിന്നുള്ള ആ ഡോക്ടര്‍ അഗത്തിയില്‍ എത്തിച്ചേര്‍ന്നു.ദ്വീപിലേക്കു വന്ന ആദ്യത്തെ ഡോക്ടര്‍ ആണെന്ന സ്വല്‍പ്പം അഹങ്കാരത്തോടെയായിരുന്നു അദ്ദേഹത്തിന്‍റെ നടപ്പ്.അങ്ങനെ പോകവെ ഡോക്ടര്‍ക്ക് കലശലായ മുട്ടുവേദന വന്നു.തന്‍റെ കൈവശമുള്ള മരുന്നുകള്‍ എല്ലാം പ്രയോഗിച്ചു നോക്കിയിട്ടും ഫലം ഉണ്ടായില്ല.അങ്ങിനെ ഡോക്ടര്‍ മുട്ട് വേദന മൂലം ദുരിതത്തിലായി. ഈ സന്ദര്‍ഭത്തിലാണ് ഡോക്ടര്‍ക്കു വേണ്ട ഒത്താശകള്‍ എല്ലാം ചെയ്തു കൊടുത്തിരുന്ന "അപ്പല്‍ കാക്കാ" എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുഹമ്മദ്, ഡോക്ടറോട് വൈദ്യരെ കാണിക്കുന്ന കാര്യം ഉണര്‍ത്തിയത്.ആദ്യം ഡോക്ടര്‍ക്കത് ഉള്‍ക്കൊള്ളാന്‍ ആയില്ലെങ്കിലും മുട്ടു വേദന കൂടിക്കൊണ്ടിരുന്നതിനാല്‍ അവസാനം വൈദ്യരെ കാണുവാന്‍ അദ്ദേഹം തയ്യാറായി.അങ്ങിനെ കാക്കാ വൈദ്യരെ കൂട്ടിക്കൊണ്ടുവന്നു.വൈദ്യര്‍ വന്ന് ഡോക്ടറെ പരിശോധിച്ചു.എന്നിട്ട് ഒരു നാടന്‍ കോഴിയെ കൊണ്ടുവന്ന് അതില്‍ എന്തൊക്കെയോ ചേര്‍ത്ത് സൂപ്പ് ഉണ്ടാക്കി ഡോക്ടര്‍ക്കു നല്‍കി.അതു കഴിച്ചതോടെ ഡോക്ടറുടെ മുട്ടുവേദന മാറി.അന്നുമുതല്‍ക്ക് ഡോക്ടര്‍ക്ക് വൈദ്യരോട് ബഹുമാനവും ആദരവും അടുപ്പവും ഉണ്ടായിത്തുടങ്ങി.അന്നു മുതല്‍ എന്നും രാവിലെ ആശുപത്രിയിലേക്കു പോകുന്ന വഴിയില്‍ വൈദ്യര്‍ തന്‍റെ വീട്ടിന്‍റെ പൂമുഖത്തില്‍ ഇരിക്കുന്നതു നോക്കി അദ്ദേഹത്തെ വിഷ് ചെയ്തിട്ടല്ലാതെ ഡോക്ടര്‍ പോയിരുന്നില്ല. വാര്‍ദ്ധക്യകാലത്തു വൈദ്യര്‍ക്കു ഒരു വയറിളക്കം പിടിപെട്ടു.ഈ രോഗത്തില്‍ നിന്നും തനിക്കു മോചനം ഉണ്ടാകില്ലെന്നു അദ്ദേഹം പറയുകയും ചെയ്തു.എന്നിട്ടും ബന്ധുക്കൾ പല ചികിത്സകളും നടത്തി.ഫലം കാണാതെ അവർ അദ്ദേഹത്തെ അമിനി ദ്വീപിലേക്കു കൊണ്ടുപോയി.അവിടെ നിന്നും സുഖം ലഭിക്കാതെ മംഗലാപുരത്തേക്കും കൊണ്ടുപോയി.മംഗലാപുരത്തു വെച്ച് അദ്ദേഹം മരണപ്പെട്ടു.മംഗലാപുരം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് അദ്ദേഹത്തിന്‍റെ ഖബറിടം.1955ലൊ 1957ലൊ ആണ് അദ്ദേഹം മരണപ്പെട്ടത്

SHARE YOUR FEEDBACK

RECENT IN THIS CATEGORY