DweepDiary.com | ABOUT US | Saturday, 14 September 2024

എണ്ണയും തിരയും (ചെറിയ ദ്വീപിലെ ചെറിയ വിശേഷങ്ങൾ)

In interview Special Feature Article BY Web desk On 10 July 2024
ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ കസ്റ്റമര്‍ സര്‍വ്വീസ് സെന്‍ററില്‍ ജോലി ചെയ്തിരുന്ന കാലത്ത്, ആളൊഴിഞ്ഞ നേരങ്ങളില്‍ കഴിഞ്ഞ കാലങ്ങളിലെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുതന്നിരുന്ന ഒരു സഹപ്രവര്‍ത്തകന്‍ എനിക്കുണ്ടായിരുന്നു. ഞങ്ങളെല്ലാം സ്നേഹപൂര്‍വ്വം "ചന്തൻ" എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. നാട്ടുകാര്‍ക്ക് അദ്ദേഹം "കമ്പിച്ചന്തന്‍" ആയിരുന്നു. കമ്പിയില്ലാക്കമ്പി ആരംഭിച്ച കാലം തൊട്ടേ ഡിപ്പാര്‍ട്ടുമെന്‍റില്‍ അദ്ദേഹം ഉണ്ടായിരുന്നു. കമ്പി സന്ദേശങ്ങള്‍ മേല്‍വിലാസക്കാര്‍ക്ക് കൊണ്ടെക്കൊടുത്തിരുന്നത് അദ്ദേഹമായിരുന്നു. നാല്പതു വര്‍ഷക്കാലം അദ്ദേഹം സര്‍വ്വീസില്‍ ഉണ്ടായിരുന്നു. അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഇല്ല. അദ്ദേഹം അന്ന് പറഞ്ഞുതന്നവയില്‍ നിന്നുള്ള ഒരു അനുഭവമാണ് ഇവിടെ പങ്കുവെക്കുന്നത്.
ഒരിക്കല്‍ അദ്ദേഹം പുതിയപുര ഹാരീസ് എന്ന 'നാനാ കോയ' യോടൊപ്പം നാനാകോയയുടെ 'കാശി' എന്ന ബോട്ടില്‍ അമിനി ദ്വീപിലേക്കു പോയി. പുതിയപുര മുഹമ്മദലി എന്ന ആളും കൂടെ ഉണ്ടായിരുന്നു.നാനാ കോയയുടെ ഒരു ബന്ധുവാണ് മുഹമ്മദലി.അമിനിയില്‍ എത്തി അവിടെ കഴിയുന്നതിനിടയില്‍, അവിടെയുളള ഒരാള്‍ തെങ്ങില്‍ നിന്നും താഴെ വീണ് മാരകമായി പരിക്കുപറ്റി. വേദന സഹിക്കാന്‍ കഴിയാതെ അദ്ദേഹം നിലവിളിക്കുകയാണ്. അമിനിയിലെ പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ നിന്ന് ഒന്നും ചെയ്യുവാന്‍ സാധിക്കുന്നില്ല.പരിക്കുപറ്റിയ ആളെ വിദഗ്ദ ചികിത്സക്കായി വന്‍കരയിലേക്ക് അയക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു. അമിനിയുടെ പുറം കടലില്‍ ഭാരത് സീമാ കപ്പല്‍ നങ്കൂരമിട്ടു കിടക്കുന്നുണ്ട്.പക്ഷേ ബോട്ടുകള്‍ക്കൊന്നും കപ്പലിലേക്കു പോകുവാന്‍ സാധിക്കുന്നില്ല. കാറ്റും കടലും അത്ര ഉഷാറാണ്. എന്‍ട്രന്‍സിലും നല്ല കടലുണ്ട്.
ബോട്ടുടമസ്ഥരെല്ലാം നിസ്സഹായരായി നോക്കിനില്‍ക്കുമ്പോള്‍, അവിടെ എത്തിയ നാനാ കോയാ പറഞ്ഞു നിങ്ങള്‍ തയ്യാറാണെങ്കില്‍ ഞാന്‍ കൊണ്ടുപോയി കപ്പലില്‍ കേറ്റിത്തരും. അവര്‍ തയ്യാറായി. ആളുകള്‍ ജെട്ടിയില്‍ തടിച്ചുകൂടി നിന്നു. രോഗിയും ബന്ധുക്കളും ബോട്ടില്‍ കയറി. നാനാ കോയാ കൂടെ ഉള്ളവര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. മുഹമ്മദലിയെ വിളിച്ച് ജാഗ്രതയോടെ എഞ്ചിന്‍റെ അടുത്തു നിറുത്തി. ചന്തനോട് പറഞ്ഞു നീ ഒരു ബക്കറ്റില്‍ നിറയെ ഡീസലുമെടുത്തു ബോട്ടിന്‍റെ അണിയത്തില്‍ തയ്യാറായി നില്‍ക്കുക. ഞാന്‍ പറഞ്ഞാല്‍ ഡീസല്‍ കോരി തിരകള്‍ക്കു മുകളിലേക്കു തളിച്ചുകൊണ്ടിരിക്കണം. നിര്‍ദ്ദേശങ്ങള്‍ക്കു ശേഷം ബോട്ടു പുറപ്പെട്ടു. അഴിമുഖം എത്തിയതും കൂറ്റം തിരകള്‍ ഉയര്‍ന്ന് ഉയർന്നു വന്നു. നാനാക്കോയാ നിര്‍ദ്ദേശം നല്‍കി. ചന്തന്‍ ഡീസല്‍ കോരി തിരകള്‍ക്കു മുകളിലേക്കു വര്‍ഷിച്ചു തുടങ്ങി. തിരകള്‍ ഉയര്‍ന്നപോലെ താഴ്ന്നു. ബോട്ട് മുന്നോട്ട് കുതിച്ചു. കപ്പലില്‍ എത്തിച്ചേര്‍ന്നു. രോഗിയെ കപ്പലില്‍ കയറ്റിയിട്ടു തിരിച്ചുവന്നു. ജെട്ടിയില്‍ കൂടി നിന്നവര്‍ മൂക്കത്ത് വിരല്‍ വെച്ചു.
ഈ സംഭവത്തിലെ പരിക്കു പറ്റിയ അളുടെ പേരും വീടും എല്ലാം ചന്തന്‍ പറഞ്ഞു തന്നിരുന്നു എങ്കിലും ഓര്‍മ്മയില്‍ നിന്നും അവ നഷ്ടപ്പെട്ടുപോയി. നാനാകോയാ, മുഹമ്മദലി, ചന്തന്‍ എന്നീ മൂന്നുപേരും മരണപ്പെട്ടുപോയി. കഠിനാദ്ധ്വാനത്തിന്‍റെയും ദുരിതങ്ങളുടെയും പോരാട്ടങ്ങളുടേയും ത്യാഗങ്ങളുടേയും അനേകം അനുഭവങ്ങള്‍ ഉള്ളവരായിരുന്നു അവരെല്ലാവരും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY