ചെറുതാലം (ചെറിയ ദ്വീപിലെ ചെറിയ വിശേഷങ്ങൾ)
പണ്ട് അഗത്തി ദ്വീപില്‍ പോയി വരുന്ന കാരണവന്‍മാര്‍ വളരെ പ്രാധാന്യത്തോടെ കൊണ്ടുവന്നിരുന്ന ഉണക്കമീന്‍,കട്ടി ( ശര്‍ക്കര ) പോലെയുള്ളവയുടെ കൂട്ടത്തില്‍ നാലഞ്ച് മരക്കമ്പുകളും ഉണ്ടാകുമായിരുന്നു.കൊപ്ര കളറ്റാന്‍ (ഇളക്കാന്‍) ഉപയോഗിക്കുന്ന പാരെ കോല്‍ ഉണ്ടാക്കാന്‍ വേണ്ടിയാണ് ഈ ചെടിക്കമ്പുകള്‍ കൊണ്ടുവന്നിരുന്നത്.ചെറുതാലം എന്ന ചെടിയുടെ കമ്പുകളായിരുന്നു അത്. പാരക്കോല്‍ ഉണ്ടാക്കാന്‍ ചെറുതാലം കമ്പുകള്‍ മാത്രമേ അന്ന് ഉപയോഗിച്ചിരുന്നുള്ളൂ.കടലില്‍ ചീയിച്ചെടുത്ത തൊണ്ടുകള്‍(തോടി) തല്ലി ചകിരിയുണ്ടാക്കിയിരുന്ന കാലത്ത്, തൊണ്ട് തല്ലാന്‍ ഉപയോഗിച്ചിരുന്ന കുറട് എന്ന ടൂള്‍ ഉണ്ടാക്കിയിരുന്നതും ചെറുതാലം തടി കൊണ്ടായിരുന്നു.
അഗത്തി ദ്വീപിന്‍റെ തെക്കേ അറ്റത്തെ കടല്‍ തീരത്തും,ബംഗാരം,തിണ്ണകര, പരളി ദ്വീപുകളിലും ഇവ യഥേഷ്ടം ഉണ്ടായിരുന്നു. ഇന്നും ഒരുപാടുണ്ട്.
കില്‍ത്താന്‍ ദ്വീപിന്‍റെ തെക്കേയറ്റത്തെ വളവില്‍ പവിഴപ്പാറകള്‍ക്കിടയില്‍ ഒരു ചെറുതാലം ചെടി എന്‍റെ ഓര്‍മ്മവെച്ചകാലത്ത് ഉണ്ടായിരുന്നു.ഒരു തരി മണ്ണ്പോലും ഇല്ലാത്ത പാറക്കുമുകളിലാണ് അത് വളര്‍ന്നു നിന്നിരുന്നത്.കടല്‍ത്തിരമാല ആഞ്ഞടിക്കുന്ന സ്ഥലം കൂടിയാണത്.വര്‍ഷങ്ങളോളം കാലത്തെ അതിജീവിച്ച് അത് നിലനിന്നിരുന്നു.
നമ്മുടെ ചുറ്റുവട്ടത്ത് ഇത്തരം പല ചെടികളും വൃക്ഷങ്ങളും ഉണ്ടായിരുന്നു.അവയില്‍ പലതും ഇല്ലാതായിക്കഴിഞ്ഞു.മറ്റ് ചിലത് നാശത്തിന്‍റെ വക്കിലുമാണ്.അവയൊക്കെ എന്താണ് ,അതിന്‍റെ ഗുണങ്ങള്‍ എന്താണ് ,അത് കൊണ്ടുള്ള പ്രയോജനം എന്താണ് ,എന്നൊന്നും നമുക്കറിയില്ല.നാമാരും അതിനെക്കുറിച്ച് ചിന്തിക്കാറില്ല.വളരെ മൂല്യമുള്ള പല ചെടികളും ഇങ്ങനെ പാഴ്ച്ചെടികളായി അവഗണിക്കപ്പെട്ടിട്ടുണ്ടിവിടെ.
കടല്‍ തീരങ്ങളിലെ ചുണ്ണാമ്പുകല്ലുകളിലാണ് സാധാരണ ഈ വൃക്ഷം വളരുന്നത്.കൂട്ടംകൂടിയ നിലയിലാണ് ഇവയെ കണ്ടുവരുന്നത്.ചെറിയ മരങ്ങളായും കുറ്റിച്ചെടികളായും ഇത് വളരുന്നുണ്ട്.അതെല്ലാം വളരുന്ന സ്ഥലത്തെ പാരിസ്ഥിതിക ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
ഇതിന്‍റെ കാണ്ഡം സാധാരണ നിലയില്‍ വളഞ്ഞുപുളഞ്ഞ നിലയിലാണ് കണ്ടുവരുന്നത്.മാംസളമായതും അല്ലാത്തതുമായ ചെറിയ ഇലകളാണ് ചെറുതാലത്തിന് ഉള്ളത്.
പെംഫിസ് (Pemphis) എന്നാണ് ഈ ചെടിയുടെ പേര്.ലിത്രേസ് കുടുംബത്തില്‍പ്പെട്ട കടല്‍ സസ്യങ്ങളുടെ ഒരു ജനുസ്സാണ് പെംഫിസ്.
പെംഫിസ് ആസിഡു ( ചോണം),
പെംഫിസ് ഹെക്സാണ്ഡ്ര,
പെംഫിസ് മഡഗാസ്ക്കറിയന്‍സ്,
പെംഫിസ് സ്റ്റാക്കിഡിഫോളിയ,
എന്നിവയാണ് പ്രധാന പെംഫിസ് ഇനങ്ങള്‍.
നല്ല കട്ടിയുള്ള കാണ്ഡം ആയതിനാല്‍ പെട്ടെന്ന് ഒടിക്കുവാനും മുറിക്കുവാനും സാധിക്കുകയില്ല.ആശാരിമാര്‍ക്കും കൊത്തുപണിക്കാര്‍ക്കും എളുപ്പം വഴങ്ങാത്തതാണ് ചെറുതാലത്തിന്‍റെ പ്രകൃതം.
ഊന്നുവടികള്‍,ആങ്കറുകള്‍, വേലിപോസ്റ്റുകള്‍, ടൂള്‍ഹാര്‍ഡിലുകള്‍ എന്നിവ ഉണ്ടാക്കുവാനാണ് ചെറുതാലത്തിന്‍റെ തടി ഉപയോഗിക്കുന്നത്. കടലാക്രമണത്തെ തടഞ്ഞുനിറുത്തി മണ്ണൊലിപ്പ് തടയുവാനും അതിലൂടെ ദ്വീപിന്‍റെ വലിച്ചുപോക്ക് ഇല്ലാതാക്കുവാനും ഇത്തരം ചെടികളുടെ ആധിക്യം കാരണമാകുന്നുണ്ട്.