DweepDiary.com | ABOUT US | Saturday, 14 September 2024

ചത്ത കപ്പല്‍ (ചെറിയ ദ്വീപിലെ ചെറിയ വിശേഷങ്ങൾ)

In interview Special Feature Article BY Web desk On 24 July 2024
വീണ കപ്പല്‍, പൊളിഞ്ഞ കപ്പല്‍, തകര്‍ന്ന കപ്പല്‍, മുങ്ങിയ കപ്പല്‍ എന്നെല്ലാം നാം കേട്ടിട്ടുണ്ട്. എന്നാല്‍ ചത്തകപ്പല്‍ എന്ന് കേട്ടിരിക്കാന്‍ സാദ്ധ്യത വളരെ കുറവാണ്. കടമത്ത് ദ്വീപിന്‍റെ വടക്ക്പടിഞ്ഞാറ് ഭാഗത്ത് പവിഴപ്പുറ്റിന് മുകളില്‍ കയറി തകര്‍ന്നുപോയ കപ്പലിനെയാണ് ചത്ത കപ്പല്‍ എന്നറിയപ്പെടുന്നത്. ഒരു പ്രദേശത്തെ ജനങ്ങളുടെ സംസ്കാരം, നിലപാടുകള്‍, കാഴ്ചപ്പാടുകള്‍ ഒക്കെയാണ് അവരുടെ സംസാര ഭാഷയില്‍ പ്രതിഫലിക്കുന്നത്.

ഫിലിപ്പിന്‍സില്‍ നിന്നും വരികയായിരുന്ന പസഫിക്കോ എവററ്റ് ലൈന്‍ എന്ന ചരക്കു കപ്പലാണ് കടമത്ത് ദ്വീപിന്‍റെ വടക്ക് റീഫില്‍ കയറി ഉറച്ചുപോയത്. മൊണ്‍റോവിയോ എന്ന തുറമുഖത്ത് രജിസ്റ്റര്‍ ചെയ്ത ലൈബീരിയന്‍ ഫ്ളാഗ് ഷിപ്പാണ് ഇത്. 1976 മെയ് 31 നാണ് കപ്പല്‍ അപകടത്തില്‍ പെയുന്നത്. വര്‍ഷക്കാലത്തിന്‍റെ ആരംഭനാളുകളായിരുന്നു അത്. ഇടിയും മഴയും മിന്നും എല്ലാം ഉള്ള ഒരു തണുത്ത വെളുപ്പാന്‍ കാലത്താണ് അപകടം നടന്നത്. കില്‍ത്താന്‍ ദ്വീപിന്‍റെ അടുത്തുകൂടിപ്പോകുന്ന കൊളംബോ ഏഡന്‍ ഗതാഗത മാര്‍ഗ്ഗത്തില്‍കൂടി സഞ്ചരിച്ചിരുന്ന കപ്പല്‍ കടമത്ത് ദ്വീപിന്‍റെ കച്ചേരി പരിസരത്തില്‍ ഉണ്ടായിരുന്ന ഒരു വിളക്കുമാടത്തില്‍ നിന്നും പ്രസരിച്ചിരുന്ന പ്രകാശം കണ്ട് അത് ലൈറ്റ് ഹൗസാണെന്ന് തെറ്റിദ്ധരിച്ച് കില്‍ത്താന്‍ ദ്വീപിനും കടമത്ത് ദ്വീപിനും ഇടയില്‍ക്കൂടി കടന്നു പോകാം എന്ന് തീരുമാനിച്ചിടത്താണ് അവര്‍ക്ക് അപകടം പിണഞ്ഞതും പാറയിടുക്കില്‍ ഉറച്ചുപോയതും.

അപകടവിവരം അറിഞ്ഞ് കുതിച്ചെത്തിയ ഇന്ത്യന്‍ നേവി കപ്പലിനെ വലിച്ചിറക്കാനുള്ള സകല ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടു. അങ്ങിനെ കപ്പല്‍ ലോക്കുചെയ്യുകയും അതിലെ ജീവനക്കാരെ ഇറക്കി കൊണ്ടുവന്ന് കടമത്ത് ദ്വീപിന്‍റെ വടക്കുഭാഗത്ത് ഷെഡ്ഡ് നിര്‍മ്മിച്ച് അവരെ അവിടെ താമസിപ്പിക്കുകയും ചെയ്തു.കടമം ദ്വീപിന്‍റെ പടിഞ്ഞാറ് ജെട്ടി മുതല്‍ വടക്കേ അറ്റം വരെയുള്ള കടപ്പുറം ഭാഗത്ത് 144-ാം വകുപ്പ് പ്രകാരമുള്ള നിരോദനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.കപ്പലില്‍ ഉണ്ടായിരുന്ന ചരക്കുകളില്‍ ചിലത് ഇറക്കി ലേലം ചെയ്ത് വിറ്റു.കപ്പല്‍ ജീവനക്കാര്‍ മൂന്ന് മാസക്കാലം അവിടെ താമസിച്ചു. മൂന്ന് മാസത്തെ താമസത്തിനു ശേഷം കപ്പലില്‍ അവര്‍ എത്തിനോക്കിയപ്പോള്‍ അതിന്‍റെ ലോക്കുകള്‍ പൊട്ടിച്ച് ചരക്കുകള്‍ അധികവും കവര്‍ന്ന നിലയില്‍ ആയിരുന്നു അവസ്ഥ.അമിനിയിലേയും കടമത്തിലേയും ആളുകള്‍ രാത്രിയുടെ മറവില്‍ കാട്ടിക്കൂട്ടിയതായിരുന്നു അത്.പരാതികള്‍ ഉണ്ടായെങ്കിലും കേസും കൂട്ടവും ഒന്നും ഇല്ലാതെ അത് ഒതുക്കപ്പെട്ടു.കപ്പല്‍ ജീവനക്കാര്‍ അവരുടെ നാടുകൊള്ളെ പോവുകയും ചെയ്തു.

കപ്പല്‍ പൊളിച്ചെടുക്കാന്‍ ബാംഗ്ലൂരിലെ ഒരു കമ്പനിക്ക് കരാര്‍ നല്‍കി.അവര്‍ക്കാവശ്യമായുള്ളതും മുറിച്ചെടുക്കുവാന്‍ സാധിക്കുന്നതുമായ ഭാഗങ്ങളത്രയും അവര്‍ മുറിച്ചെടുക്കുകയും ബാക്കിയുള്ളവ അവിടെ ഉപേക്ഷിച്ച് ബാംഗ്ലൂര്‍ കമ്പനി പിന്‍വാങ്ങുകയും ചെയ്തു.ദ്വീപിലെ ചില വിദഗ്ദന്‍മാര്‍ അവരുടെ നാടന്‍ വൈദഗ്ദ്യം ഉപയോഗിച്ച് കഴിയുന്നത്രയും ഭാഗങ്ങള്‍ മുറിച്ചെടുത്ത് മംഗലാപുരത്ത് കൊണ്ടുപോയി വില്‍പ്പന നടത്തി പണം സമ്പാദിച്ചു.മുറിച്ചെടുക്കാന്‍ സാധിക്കാത്ത ചത്ത കപ്പലിന്‍റെ ഭാഗങ്ങള്‍ ഇന്നും അവിടെ പവിഴപ്പുറ്റില്‍ ലയിച്ചുകിടക്കുന്നത് കാണാവുന്നതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY