DweepDiary.com | ABOUT US | Saturday, 27 April 2024

കൊടുങ്കാറ്റിനിടെ ആഫ്രിക്കയിലേക്ക് പോകുന്നവർ അഗത്തി വിമാനത്താവളത്തിനടുത്ത് ക്രാഷ് ലാൻഡിങ് നടത്തി !!!

In environment BY Admin On 17 May 2021
അഗത്തി: നമ്മുടെ ചുറ്റും കടലിലും ആകാശത്തും നാം അറിയാതെ എത്ര കൂട്ടം ജീവികളും മനുഷ്യരും ചുറ്റിത്തിരിയുന്നു എന്ന് പ്രകൃതി ഉണ്ടാക്കുന്ന പ്രയാസങ്ങൾ വരുമ്പോയാണ് നാം അറിയുക. അന്യ സംസ്ഥാനങ്ങളിലെ ബോട്ടുകൾ മുതൽ വമ്പൻ ട്രോളറുകൾ വരെ നമ്മുടെ കടലിൽ വിലസുന്നു. എന്തിന് അന്താരാഷ്ട്ര കൊള്ളക്കാരും ആയുധ കച്ചവടക്കാരും വരെ. എന്നാൽ കൊടുങ്കാറ്റ് വന്നപ്പോൾ അതിസുരക്ഷ മേഖലയായ എയർപോർട്ട് പരിസരത്ത് ക്രാഷ് ലാൻഡിങ് നടത്തിയിരിക്കുകയാണ് ദ്വീപിൽ കാണാത്ത തരം പക്ഷി കൂട്ടം. ദ്വീപിലെ പ്രകൃതി ദുരന്ത ചിത്രങ്ങൾ പകർത്തുമ്പോയാണ് സൂചി പോലെ നീണ്ട കൊക്കുകൾ ഉള്ള ഇവയെ കാണുന്നത്. ഒരെണ്ണം മാത്രമാണ് എന്ന് കരുതി ഇരിക്കുമ്പോൾ പരിസരം മുഴുവൻ അവയുടെ സാന്നിധ്യം കണ്ടു. ഏതാണ്ട് 15 നും 30 നും ഇടയ്ക്ക് അംഗ സംഖ്യയുണ്ട്. കാറ്റിനോട് മല്ലിട്ട് ദ്വീപിൽ ഇറങ്ങിയതാണെന്നും മനസ്സിലായി. ഒറ്റനോട്ടത്തിൽ ഇവ കിംഗ് ഫിഷർ (പൊന്മാൻ) ആണെന്ന് തോന്നുമെങ്കിലും ഇവയുടെ ചിത്രങ്ങളും വീഡിയോകളും കേരളത്തിലെ പക്ഷി നിരീക്ഷണ കൂട്ടായ്മയായ Bird Watchers of Kerala ക്ക് അയച്ച് കൊടുത്തപ്പോയാണ് രസകരമായ വിവരങ്ങൾ ലഭിക്കുന്നത്. ഇത് കിംഗ് ഫീഷർ അല്ലെന്നും പാസ്പോർട്ട് എടുക്കാതെ ഭൂലോകം ചുറ്റുന്ന നീല കവിളൻ വേലി തത്ത (Blue Cheeked Bee Eater) ആണെന്നും വിവരം കിട്ടി. വടക്കേ ഇന്ത്യ മുതൽ ആഫ്രിക്ക വരെ ദേശാടനം നടത്തുന്നവരാണ് ഇവ. ഇപ്പൊൾ ആഫ്രിക്കയിലേക്ക് പോകുന്നതാവാം എന്നും പക്ഷി നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഇവ 14 മുതൽ തന്നെ പരിസരങ്ങളിൽ ഉണ്ടായിരുന്നു എന്ന് വിമാനത്താവള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു.

വിമാനത്താവളത്തിന് വേണ്ടി മരങ്ങൾ വെട്ടി മൈതാനമാക്കിയ ഭൂഭാഗം കണ്ടും കുടിക്കാൻ തേൻ കിട്ടാഞ്ഞിട്ടും ഇനി മേലാൽ ഈ ഭാഗത്തേക്ക് വരില്ല എന്ന ഉഗ്ര ശപഥം എടുത്തിട്ടാവാം അവ ആഫ്രിക്കയിലേക്ക് പറന്നത്.


Face book video link: click here

SHARE YOUR FEEDBACK

RECENT IN THIS CATEGORY