DweepDiary.com | ABOUT US | Thursday, 28 March 2024

ഇന്ന് ലോക ചൂരദിനം - ദ്വീപുകാരൂടെ ഹരമുള്ള കഥയാണ് ചൂര

In environment BY Admin On 02 May 2021
മെയ് 2, ലോക ചൂര ദിനം. 2016 മുതലാണ് ഐക്യ രാഷ്ട്ര സഭ ഈ ദിനം ആചരിച്ചു തുടങ്ങിയത്. ചൂര ദ്വീപുകാരൻ്റെ ചോരയാണ്. അത് ദ്വീപുകാരൻ്റെ സാമ്പത്തിക ഭദ്രത മാത്രമല്ല സാംസ്കാരിക ചിഹ്നം കൂടി ആണ്. പല ദ്വീപ് ചൊല്ലുകൾ പോലും ചൂരയുമായി ബന്ധപ്പെട്ടതാണ്. കണ്ട കട്ടം കേറാൻ പോകുന്നവൻ (എല്ലായിടത്തും ഇരക്കാൻ പോകുന്നവൻ), നാട് കാണുവാൻ മുമ്പേ ശുടതാൻ താക്കായെ (നാടും കാണും മുമ്പ് അടുപ്പ് അണയ്ക്കരുത്) ഇങ്ങനെ പല ചൊല്ലുകളും കടലും ചൂരയും ദ്വീപിനു സമ്മാനിച്ചു. എന്തിന് ദ്വീപിലെ ചില വലിയ തറവാട് പേരുകൾ പോലും ചൂരയുടെ മുഖ്യ ഭക്ഷണമായ ചാളയുടെ പേരിലാണ്. ചാളകാട് എന്ന തറവാട്ട് പേര് പല ദ്വീപുകളിലും കാണാം.

ലക്ഷദ്വീപിൻ്റെ രാഷ്ട്രീയപരമായ തലസ്ഥാനം കവരത്തി ആണെങ്കിലും മത്സ്യബന്ധന തലസ്ഥാനം അഗത്തി ദ്വീപാണ്. അഗത്തി ദ്വീപിലെ സ്കൂളുകളിൽ പണ്ട് കേരളത്തിലെ കണക്ക് അധ്യാപകർ പഠിപ്പിക്കുമ്പോൾ പിള്ളാരെ ചീത്ത പറയുന്നത് ചൂര തല തിന്നു തിന്നു കണക്കിൽ മണ്ടനായി ചൂരത്തലയൻ ആയി എന്നാണ്. ചൂര തലയും കണക്കിലെ പിന്നോക്കം നിൽക്കുന്നതും ശാസ്ത്രീയമായ ബന്ധമില്ല എങ്കിലും ചൂര കാരണം ചീത്ത കേൾക്കുന്നതും ഒരു രസമാണ്. വൻകരയിലെ കോളേജുകളിൽ ദ്വീപുകാരുടെ കൂടെ പഠിക്കുന്ന സഹപാഠികൾ മാസ്, മാസ് അപ്പം എന്നിവ കഴിക്കാത്തവർ ചുരുക്കമായിരിക്കും. അതിൽ പ്രധാനിയാണ് ചൂര അച്ചാർ. കേട്ടാൽ വായിൽ കപ്പലോടിക്കാൻ കണക്കെ വെള്ളം നിറയും. Yellow Fin എന്നറിയപ്പെടുന്ന ക്വിൻറൽ ചൂര അതവാ ചെവിയൻ ചൂര കൊണ്ടുള്ള ചൂര അച്ചാർ അതിലെ പ്രധാനിയാണ്. ചൂര അച്ചാറിൻ്റെ ഓരോ ദ്വീപിലെയും രുചി വ്യത്യസ്ഥമാണ്. മിനിക്കോയ് ദ്വീപിലേതിൽ മസാലകൾ കൂടുതലായിരിക്കും. ചിലദ്വീപുകളിൽ സൂ൪ക്കയും എരിവും കുറച്ചാണെങ്കിൽ അഗത്തി ദ്വീപുകാ൪ സൂ൪ക്കയും എരിവും ധാരാളം ചേ൪ക്കും. കഴിക്കുമ്പോൾ തെങ്ങിൻ സൂ൪ക്കയും (vinagar) എരിവും കൊണ്ട് ചോ൪ എത്ര കഴിക്കുന്നു എന്ന് പോലും മറന്ന് പോകും. ഹോസ്റ്റൽ അന്തേവാസികൾ ഫാസ്റ്റ് ഫുഡ് പ്രേമികളായതോടെ ബ്രഡും മീൻ അച്ചാറും സംഭവമേ യുഗേ യുഗേ ആയി.

ദ്വീപിലെ മത്സ്യ ബന്ധന രീതി പോൾ ആൻഡ് ലൈൻ ആണ്. അതായത് വലയിട്ട് വാരി എടുക്കുന്ന രീതി അല്ല മറിച്ച് കടലിലെ ആവാസ വ്യവസ്ഥക്ക് പ്രയാസം ഉണ്ടാക്കാത്ത മത്സ്യ രീതി. നല്ല ഉയരമുള്ള മുളവടി, അതിൻ്റെ അറ്റത്ത് നൂലിൽ ചൂരയുടെ പ്രിയ ആഹാരമായ ചാള പോലെ തോന്നിക്കുന്ന ചൂണ്ട. ഇതാണ് പോൾ ആൻഡ് ലൈൻ. ചൂരയെ ആകർഷിക്കാൻ ലഗൂണിൽ നിന്നും ശേഖരിക്കുന്ന ജീവനുള്ള ചാള മത്സ്യത്തെയും പിടിച്ച് ദ്വീപ് ബോട്ടുകൾ ചൂര പക്കി തേടി പുറം കടലിലേക്ക് ഓടുന്നു. ചൂര പക്കീ അഥവാ ചാള പക്കി എന്നത് കടൽ പക്ഷിയാണ്. ചൂരയുടെ ചാള ആഹാരം ഇഷ്ടപ്പെടുന്ന ഈ പക്ഷി കൂട്ടം കടലിൽ കണ്ടാൽ പരമ്പരാഗത മുക്കുവർക്ക് കാര്യം പിടികിട്ടും. ചാള തേടി വന്ന പക്ഷിയുടെ സാന്നിധ്യത്തിൽ ചൂര കൂടി ഉണ്ടാകും. ബോട്ടുകൾ അങ്ങോട്ട് കുതിക്കും. ബോട്ടിൽ കരുതിയിരിക്കുന്ന ജീവനുള്ള ചാള കടലിൽ എറിയുന്നതോടെ അവയെ ആഹരിക്കാൻ ചൂര ഓടി എത്തുന്നു. ഇതിനിടയ്ക്ക് ചാള പോലെ തോന്നുന്ന ചൂണ്ടയും ചൂര കടിക്കുന്നു. ഹുക്കില്ലാത്തത്തിനാൽ ചൂണ്ടയിൽ ചൂര കുടുങ്ങി കിടക്കുകയില്ല. ചൂര ബോട്ടിലെതുമ്പോയേക്കും തനിയെ വിട്ട് പോകും. ചൂര പിടിത്തകാരൻ്റെ മാന്ത്രിക കൈയാൽ മിനിട്ടുകൾ കൊണ്ട് ബോട്ട് നിറച്ച് ദ്വീപിലേക്ക് തിരിച്ച് എത്തുന്നു.


(ചിത്രം കടപ്പാട്: Dakshin Foundation)

ഇനി ചൂരപിടിച്ച് കരയിൽ എത്തിയാലുമുണ്ട് കുറേ വിശേഷങ്ങൾ. കേരളത്തിലാണെങ്കിൽ ഐസിട്ട ചൂരയിൽ വീണ്ടും ഐസിട്ട് ലേല ഹാളിലേക്ക് പോകുന്നു. ഐസിട്ടാൽ ചൂരയുടെ രുചി പോകുമെന്നാണ് ദ്വീപ് മതം. രാവിലെ പിടിച്ച ചൂര ഉച്ച കഴിയുമ്പോയേക്കും ദ്വീപിലെത്തുന്നു. കടപ്പുറത്തെ വെള്ള മണ്ണിൽ ബോട്ടുകാ൪ ചൂര ചിത്രത്തിൽ കാണുന്ന പോലെ കൂട്ടിയിടുന്നു. ചൂരയുടെ തലയും കുടലും നീക്കം ചെയ്യുന്നു. ചുറ്റും കുട്ടികളുണ്ടാകും. ചൂരമുട്ട എന്ന "പനഞ്ഞി" (ചില ദ്വീപുകളിൽ ഫലഞ്ഞി എന്നും പറയുന്നു) ബോട്ടുകാരുടെ അനുവാദത്തോടെ ശേഖരിക്കും. കൂടെ മീനിന്റെ "പാൽ" എന്ന ഭാഗവും കൊമ്മക്ക എന്ന ഭാഗവും. ഇത് കൂട്ടികൾക്കും മുതി൪ന്നവ൪ക്കും സൗജന്യമായി കിട്ടും. കൂട്ടികളുടെ ഇഷ്ട വിഭവമാണ് ഇവ. കരയിൽ നിന്ന് ചൂണ്ടയിടുന്നവരാവട്ടെ ചൂരയുടെ കുടലും വയറും ചോദിച്ച് വാങ്ങും. ചൂണ്ടയിടുന്നവരുടെ പ്രധാന ഇരയാണത്. ബോട്ടുടമസ്ഥന്റെ വീട്ടുകാ൪ ഈ സമയം മുറിച്ച ചൂര കടലിൽ തന്നെ കഴുകി അതിലേക്ക് വീണ്ടും കടൽ വെള്ളം ചേ൪ത്ത് പുഴുങ്ങിയെടുക്കുന്നു. കടപ്പുറത്ത് തന്നെയുള്ള ഫാണ്ട്യാലയോട് (പാണ്ടികശാലകൾ) ചേ൪ന്ന് അതിനുള്ള സൗകര്യമുണ്ടാവും. പുഴുങ്ങിയ ചൂര ദിവസങ്ങളോളം പുക കൊള്ളിക്കുന്നതോട് കൂടി പ്ിസ൪വേറ്റീവ്സ് ഒന്നും കൂടാതെ സൂക്ഷിച്ച് വെക്കാം. ഇതിനെയാണ് മാസ് എന്ന് വിളിക്കുന്നത്. ഈ മാസാണ് ശ്രീലങ്കയിലും ഗൾഫ് രാജ്യങ്ങളിലും വൻ ഡിമാൻറുള്ള സാധനം.

ചൂര മുളക് തണ്ണി അതവാ മുളക് കറി, മാസിട്ട ഉള്ളി ബജ, മാസ് ബിരിയാണി, മാസപ്പം, മാസ് കൃത, മാസ് ശക്കര, ചൂര അച്ചാ൪ എന്നിവ ജപ്പാൻകാ൪ക്ക് അവരുടെ സൂഷി പോലെ ദ്വീപുകാ൪ക്ക് മുന്തിയ വിഭവങ്ങളാണ്. കേരളത്തിൽ പൊറോട്ടയും ബീഫും എന്ന് പറയുമ്പോൾ അഗത്തി ദ്വീപുകാ൪ പോയി പണി നോക്കാൻ പറയും. അവ൪ പറയുക പൊറോട്ടയും ചൂരമുളക് കറിയും എന്നാണ്. തേങ്ങാ ചോറും സൂ൪ക്കയിട്ട മുളക് ചൂരക്കറിയും മലയാളികൾ ഒരിക്കൽ കഴിച്ചാൽ പിന്നെ ട്രെയിൻ പിടിച്ച് ദ്വീപിലേക്ക് വരുമെന്നാണ് ദ്വീപുകാരുടെ ചൊല്ല്. കഥ ഇങ്ങനെയൊക്കെ ആണെങ്കിലും ചൂര പിടിക്കുന്ന പാവം ദ്വീപുകാരന്റെ സങ്കടം കൂടി പറയാതെ ചൂര ദിനം കഴിഞ്ഞ് പോകാറില്ല. സബ്സീഡി ഇനത്തിൽ ലഭിക്കുന്ന തുച്ഛമായ ഡീസൽ കൊണ്ട് ചൂര തേടി പോകുമ്പോൾ ഒരുപാട് നഷ്ടമുണ്ടാകാറുണ്ട്. ഒരു കാലത്ത് സാറ്റലൈറ്റുകളുടെ സഹായത്തോടെ ചൂര സാന്നിധ്യം മൽസ്യ തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പ് അറിയിച്ച് കൊടുക്കുന്ന സംവിധാനം ഉണ്ടായിരുന്നു എങ്കിലും അത് അവരിൽ പ്രാബല്യത്തിൽ എത്തിക്കാൻ ഭരണകൂടം താൽപര്യം കാണിച്ചില്ല. ഫലമോ ചില ദിവസങ്ങളിൽ ചൂരപക്ഷിയെ തേടി ബോട്ട് ഓടി ഒന്നും കിട്ടാതെ ഡീസലും കത്തിച്ച് തീ൪ത്ത് വൻ നഷടവുമായി ദ്വീപുകാരൻ കര അണയും. രണ്ടാമത്തെ പ്രശ്നം അമോണിയ പോലുള്ള ചേ൪ത്ത ഐസോ വിഷാംശങ്ങൾ ഉള്ള ഒന്നും ചേ൪ക്കാതെ തയ്യാറാക്കുന്ന മാസ് മീനിന് വിപണി കണ്ടെത്താൻ ലക്ഷദ്വീപ് വികസന കോ൪പ്പറേഷനോ ദ്വീപ് ഭരണകൂടമോ ഇതുവരെ വിജയിച്ചിട്ടില്ല. വൻകരയിലേക്ക് അയക്കുമ്പോൾ ഏജന്റുമാരുടെ ചൂഷണവും വേറെ. കടപ്പുറത്തെ ഈ മാസ്സ് നിർമ്മാണ കേന്ദ്രങ്ങൾ ഒക്കെ തകർത്ത് എറിഞ്ഞ് അവിടെ ഒക്കെ വമ്പൻ കുത്തക വിനോദ സഞ്ചാര ഉദ്യമങ്ങൾ തീർക്കാൻ പുതിയ ദ്വീപ് അഡ്മിനിസ്ട്രേറ്റർ കൂടി ഇറങ്ങിയതോടെ ദ്വീപു കാരൻ്റെ ഹാൽ ബേജാ ആറിൽ ആണ്.

ചൂര ദ്വീപുകാരന്റെ സ്നേഹമുള്ള കഥ പറച്ചിലുകാരൻ മാത്രമല്ല കണ്ണീര് കൂടിയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY