DweepDiary.com | ABOUT US | Saturday, 27 April 2024

ലക്ഷദ്വീപിലേക്ക് ഇനി വിനോദ സഞ്ചാരികൾ വരുമോ? നമ്മുടെ കടലിന്റെ ഭംഗി പോയോ???

In environment BY Admin On 17 February 2021
ലക്ഷദ്വീപിന്റെ കടലിനൊരു പ്രത്യേകതയുണ്ട് ദ്വീപിന്റെ കടലുകണ്ട് വള൪ന്ന ദ്വീപുവാസികൾക്കും നാട് കാണാൻ വന്ന സഞ്ചാരിക്കും കടൽ ഒരുപോലെ അൽഭുതമാണ് നൽകുന്നത്. ഇത്രകാലം കണ്ടിട്ടും കടലുണ്ടാക്കുന്ന നയനഭംഗി വിസരിപ്പ് നൽകുന്നില്ല. കടൽ ഇത്രയും കാലം നമ്മെ സാമ്പത്തികമായി വള൪ത്തി. മീൻ തന്നും വിനോദസഞ്ചാരികളെ കൊണ്ടു വന്നും നമ്മൾ വള൪ന്നു. ആന്തമാനെക്കാളും മാലി ദ്വീപിനെക്കാളും നമ്മെ വ്യത്യസ്തമ്മാക്കുന്നത് തെളിഞ്ഞ, പച്ച നിറം തോന്നിക്കുന്ന കടലും 0% കുറ്റകത്യ കണക്കുമാണ്. സുരക്ഷിതമായ ട്രിപ്പ് തേടി വരുന്നവരുടെ എണ്ണം കൂടി വരികയാണ്. എന്നാൽ ഭാവിയിൽ നമ്മുടെ കടലിന്റെ നൈസ൪ഗികതയും ഭംഗിയും അത് നൽകുന്ന സാമ്പത്തിക സുരക്ഷയും ഉണ്ടാകുമോ എന്നത് സംശയമാണ്. വില്ലൻ വെറാരുമല്ല പ്ലാസ്റ്റിക് തന്നെ!!!

ലണ്ടന്‍ ബ്രൂണല്‍ സര്‍വകലാശാലയിലെ പരിസ്ഥിതിശാസ്ത്രജ്ഞനും മലയാളിയുമായ ഡോ.അജി പീറ്റ൪ 2014 ലെ കണക്ക് ഉദ്ധരിക്കുന്നത് ഓരോവര്‍ഷവും കടലിലെത്തുന്നത് 800 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണെത്രെ. കടലിൽ എത്തിച്ചേരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വിവിധ തരത്തിലാണ് ജീവജാലങ്ങൾക്ക്‌ ഭീഷണിയാകുന്നത്‌. പല കടൽ ജീവികളും പ്ലാസ്റ്റിക് മാലിന്യങ്ങളെ നേരിട്ട് ആഹാരമാക്കുകയും അതുവഴി ചാകുകയും ചെയ്യുന്നു. വടക്കൻ ശാന്ത സമുദ്രത്തിലെ മത്സ്യങ്ങൾ ഓരോ വർഷവും 12000 മുതൽ 24000 വരെ ടൺ പ്ലാസ്റ്റിക് വസ്തുക്കൾ ആഹരിക്കുന്നുണ്ട് എന്നാണ് കണക്ക്. കുടലുകളിൽ മുറിവിനും അടവിനും മാത്രമല്ല ജീവികളുടെ നാശത്തിനും ഇത് കാരണമാകുന്നു. കൂടാതെ ഭക്ഷ്യശൃംഖലയിൽ ഉയർന്ന തലങ്ങളിലേക്ക് പ്ലാസ്റ്റിക് മാലിന്യം മത്സ്യങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു.

ഏറ്റവും ആയൂസുള്ള കടലാമകൾ പെട്ടെന്ന് ജീവനാശം വരുത്തുന്നത് പ്ലാസ്റ്റിക് ആണ്. കടലാമകൾ വെള്ളത്തിൽ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളെ ആഹാരം എന്ന് തെറ്റിദ്ധരിച്ചാണ് അകത്താക്കുന്നത്. കൂടുതലായും പ്ലാസ്റ്റിക് സഞ്ചികളും തെർമോകോൾ കഷണങ്ങളുമാണ് ഇത്തരത്തിൽ ഇവ അകത്താക്കുന്നത്‌. ആമകളിൽ ഇത് കുടൽ അടഞ്ഞു പോകുന്നതിനും, അവയിൽ ദ്വാരങ്ങൾ ഉണ്ടാകുന്നതിനും വ്രണങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകും. കുടലിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വിശപ്പില്ലായ്മക്കും പ്രത്യുൽപ്പാദന നിരക്കിലെ കുറവിനും കാരണമാകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ജലോപരിതലത്തിലെ പ്ലാസ്റ്റിക് കഷണങ്ങളെ ആഹാരമാക്കുന്നതിലധികവും പക്ഷികളാണ്. ദഹിച്ചു പോകാത്ത പ്ലാസ്റ്റിക് വസ്തുക്കൾ ആമാശയത്തിന്റെ ശേഖരണ ശേഷി കുറക്കുന്നു. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ കടൽ പക്ഷികൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക്‌ നൽകുന്ന ആഹാരത്തിന്റെ 99 ശതമാനവും പ്ലാസ്റ്റിക് വസ്തുക്കൾ ആയിരിക്കുമത്രെ.

പവിഴ ദ്വീപുകൾ പ്ലാസ്റ്റിക് ദ്വീപുകളാകാനുള്ള ദൂരം വളരെയടുത്താണ്. പ്ലാസ്റ്റിക് നിരോധനം വെറും കടലാസ് നിയമമാവരുത്. ദ്വീപുകളുടെ ഐശ്വര്യത്തിനും ഭംഗിക്കും ഇത്രയും കാലം നിലനി൪ത്തിയ കടലിന്റെ പച്ചയും ഇനിയും തുടരണം. ദ്വീപിനോടുള്ള നമ്മുടെ കരുതൽ തുടരണം ഇനിയുമുള്ള കാലം. ഒഴിവാക്കാം പ്ലാസ്റ്റിക്. കടൽ നമ്മുടെ കുപ്പയല്ല, നമ്മുടെ ജീവദാതാവാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY