രണ്ട് പെണ്‍പാറകള്‍
ലക്ഷദ്വീപിനു ചുറ്റും അനേകം പവിഴപ്പാറകള്‍ ഉണ്ട്.പവിഴപ്പാറകള്ക്കു മുകളില്‍ മണ്ണടിഞ്ഞും ചെടികള്‍ വളര്‍ന്നുമാണ് ദ്വീപുകള്‍ ഉണ്ടായിട്ടുള്ളത്.ദ്വീപിന്റെ കടലോരങ്ങളിലും ലഗൂണിലുമെല്ലാം ഇത്തരം പാറകള്‍ കാണാം.
ഇത്തരം പാറകള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും ചില ദ്വീപുകളില്‍ ചില പേരുകള്‍ നല്‍കിയിട്ടുണ്ട്.കില്‍ത്താന്‍ ദ്വീപിലെ "കോക്ക ഫുളുക്കിയാര് " എന്ന കടപ്പുറത്തിലെ കടലില്‍ ഉള്ള പവിഴപ്പുറ്റിന് "സിറാത്തു പാലം" എന്നാണു പേര്.അതില്‍ കയറിനിന്നാല്‍ പൊടിഞ്ഞു താഴെ വീണുപോകും.ചെത്ത്ലാത്തു ദ്വീപിലെ ബില്ലത്തിലുള്ള ഒരു പാറക്ക് "ഉണ്ണിത്താനക്കല്ല് "എന്നാണു പേര്.ഹാര്‍ബര്‍ ഡിപ്പാര്‍ട്ടുമെന്റിലെ എഞ്ചിനീയര്‍ ആയിരുന്ന ഉണ്ണിത്താന് ലഗൂണില്‍ നിന്നും എടുത്ത മണ്ണ് ഒരു പാറയുടെ പുറത്ത് ഇടീപ്പിച്ചു.അതിനാല്‍ ആ പാറക്കല്ലിന് ഉണ്ണിത്താനക്കല് എന്ന പേരുലഭിച്ചു.
ചില പാറക്കല്ലുകള്‍ക്ക് സമീപത്തു നിന്നും ചില പ്രത്യേക ഇനം മത്സ്യങ്ങള്‍ ലഭിക്കും.അത്തരം കല്ലുകള്‍ക്ക് അവിടെ നിന്നു ലഭിക്കുന്ന മീനിന്റെ പേരും നല്‍കും.മണക്കത്ത കല്ല്,മാഞ്ഞാത്തക്കല്ല്,കോദയക്കല്ല്, എന്നിവ ഉദാഹരണങ്ങള്‍.
ലക്ഷദ്വീപ് ചരിത്രത്തില്‍ തന്നെ അറിയപ്പെടുന്ന രണ്ട് പെണ്‍പാറകള്‍ ഉണ്ട്.അതില്‍ ഒന്ന് ബീക്കുന്നിപ്പാറ എന്ന പേരില്‍ അിറയപ്പെടുന്ന പവിഴപ്പാറനിരയാണ്.അഗത്തി ദ്വീപിന്റെ തെക്കെ അറ്റത്ത് സ്ഥിതിചെയ്യുന്ന കല്‍പ്പിട്ടി എന്ന ചെറിയ തുരുത്തിലാണ് ഈ പാറ സ്ഥിതിചെയ്യുന്നത്.ഈ പാറയുടെ അകം ഗുഹ പോലെയാണ്.അകത്തേക്കു കടക്കുവാനുള്ള പല ദ്വാരങ്ങളും ഉണ്ട്.ഈ പാറക്ക് ബീക്കുന്നിപ്പാറ എന്നു പേരുവരാന്‍ ഒരു കാരണമുണ്ട്.ലക്ഷദ്വീപ് ചരിത്രത്തില്‍ത്തന്നെ പരാമര്‍ശിക്കുന്ന ഒരു ചരിത്ര സംഭവം കൂടിയാണത്.
പണ്ട് അറക്കല്‍ രാജവംശം ദ്വീപു ഭരിച്ചിരുന്ന കാലത്ത് അഗത്തി ദ്വീപിലെ ബലിയ ഇല്ലം കുന്നി അഹ്മദ് എന്നൊരാളെ അഗത്തിയില്‍ കാര്യക്കാരനായി നിയമിച്ചിരുന്നു.അദ്ദേഹത്തോട് ആ ദ്വീപില്‍ നിന്നും പരമാവധി നികുതി പിരിച്ചെടുക്കുവാന്‍ അറക്കല്‍ ബീബി കല്പ്പിച്ചിരുന്നു.എന്നുമാത്രമല്ല,കൂടക്കൂടെ നികുതി നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.നികുതി അടക്കുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന പാവങ്ങളായ ദ്വീപുകാരുടെ ദയനീയാവസ്ഥ കണ്ടു മനസ്സലിഞ്ഞ കുന്നി അഹ്മദ് കാര്യക്കാരന്‍ രാജകല്പ്പന നടപ്പിലാക്കുവാന്‍ തയ്യാറായില്ല.ഇതില്‍ കുപിതയായ അറക്കല്‍ ബീബി കാര്യക്കാരനെ യഥാവിധി ശിക്ഷിക്കുന്നതിനു വേണ്ടി പട്ടാളക്കാരെ അഗത്തിയിലേക്കയച്ചു.അവര്‍ അഗത്തിയില്‍ വന്ന് കാര്യക്കാരനേയും അദ്ദേഹത്തിന്റെ എല്ലാ കുടുംബാംഗങ്ങളേയും അടിച്ചുകൊന്നു.അവരുടെ മൃതശരീരം സംസ്കരിക്കുവാന്‍ പോലും വിട്ടുനല്‍കാതെ കടലില്‍ ഒഴുക്കി.അവരുടെ സ്വത്തും വീടും എല്ലാം അവര്‍ കവര്‍ന്നെടുത്തു.ഈ നരനായാട്ടില്‍ നിന്നും ബീക്കുന്നി എന്ന ഒരു ചെറിയ പെണ്‍കുട്ടി മാത്രം ഭാഗ്യത്തിനു രക്ഷപ്പെട്ടു.ആ കുട്ടി അടുത്തുള്ള പൂവായിത്തിയോട എന്ന വീട്ടിലെ കുട്ടികളോടൊപ്പം കളിക്കാൻ പോയിരിക്കയായിരുന്നു..അവിടത്തെ അടിയാന് എന്നയാള്‍ ആ പെണ്‍കുട്ടിയെ പട്ടാളക്കാരുടെ കണ്ണില്‍പ്പെടാതെ കൊണ്ടുവന്ന് കല്പ്പിട്ടിയിലെ ഈ പാറയിടുക്കില്‍ ഒളിപ്പിച്ചു.പട്ടാളക്കാര്‍ തിരിച്ചുപോയതിനു ശേഷം മാത്രമാണ് ബീക്കുന്നിയെ അതില്‍ നിന്നും പുറത്തേക്കു കൊണ്ടുവന്നത്.പിന്നീട് ബീക്കുന്നിയെ അടിയാന് അമിനിയിലേക്കു കൊണ്ടുപോയി അവിടെ താമസിപ്പിച്ചു.പിന്നീട് കടുക്കേം എന്ന വീട്ടിലെ ഒരാള്‍ ബീക്കുന്നിയെ വിവാഹം ചെയ്യുകയും കില്‍ത്താന്‍ ദ്വീപിലേക്കു കൊണ്ടുപോയി അവിടെ വീടുവെച്ച് താമസിക്കുകയും ചെയ്തു എന്നാണ് ചരിത്രം.
രണ്ടാമത്തെ പെണ്പാറ കല്പേനി ദ്വീപിലാണ്.ആക്കത്തിയാട്ടിയപ്പാറ എന്ന പേരിലാണത് അറിയപ്പെടുന്നത്.കല്പേനി ദ്വീപിന്റെ തെക്കു ഭാഗത്താണ് ഈ പാറ സ്ഥിതിചെയ്യുന്നത്.അഗത്തി ദ്വീപില്‍ നിന്നും നാടുകാണുവാന്‍ വേണ്ടി കല്പേനിയില് എത്തിയ ഒരു സ്ത്രീ കൂട്ടുകാരികളുമൊത്ത് ഈ പവിഴപ്പാറക്കു മുകളില്‍ കൂടി നടന്നുപോകുമ്പോള്‍ ഈ പാറകള്‍ക്കിടയിലുള്ള ഒരു കുഴിയിലേക്കു വീണ് അപ്രത്യക്ഷയായി.എത്ര തിരഞ്ഞിട്ടും അവരെ കണ്ടെത്താനൊ രക്ഷിക്കുവാനൊ സാധിച്ചില്ല.അന്നുതൊട്ട് ഈ പാറ നിരക്ക് ആക്കത്തിയാട്ടിയ പാറ എന്ന പേര് ലഭിച്ചു.
ഇങ്ങിനെ ദ്വീപിലുള്ള രണ്ട് പെണ്പാറക്കും അഗത്തി ദ്വീപുകാരായ വനിതകളുടെ പേര് ലഭിച്ചു എന്നത് സവിശേഷത അര്‍ഹിക്കുന്ന കാര്യമാണ്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- മിനിക്കോയി സ്വദേശി ദോന്താത്തക്ക് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിൽ അഭയം
- തളിര് കൂട്ടായ്മ കിൽത്താനിൽ ബീച്ച് ക്ളീനിംഗിന് തുടക്കം കുറിച്ചു
- അമിനിയിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
- കൽപ്പേനിയിൽ ലോക തണ്ണീർത്തട ദിനം ആചരിച്ചു; സജീവ സാന്നിധ്യമായി കൂമേൽ ബ്രദേഴ്സ്
- വർക്ക് അറ്റ് കിൽത്താൻ ; മാതൃകയായി യൂത്ത് കോൺഗ്രസിന്റെ തൊഴിൽ പദ്ധതി