DweepDiary.com | ABOUT US | Saturday, 27 July 2024

വേതന വർദ്ധനവ് ആവശ്യപ്പെട്ട് ബോട്ട് ജീവനക്കാർ പ്രതിഷേധിച്ചു

In regional BY P Faseena On 07 November 2023
കൽപേനി: കൽപേനിയിലെ സ്വകാര്യ ബോട്ട് ജീവനക്കാർ പ്രതിഷേധത്തിൽ.ജീവനക്കാർക്ക് ലഭിക്കുന്ന വേതനം ഇന്ധനത്തിനുപോലും തികയാത്ത സാഹചര്യത്തിൽ ദിവസ വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ പ്രതിഷേധം നടത്തിയത്.
മുമ്പ് കപ്പൽ വന്നാൽ യാത്രക്കാരെ ഇറക്കാനും കയറ്റാനും കിഴക്ക് ഭാഗത്തുള്ള ജെട്ടിയായിരുന്നു ഉപയോഗിച്ചിരുന്നത്. വേനൽക്കാലമായതോടെ ബോട്ട് പടിഞ്ഞാറു ലഗുണിനകത്താണ്. കപ്പൽ വന്നാൽ വടക്ക് ഭാഗത്തുകൂടെയോ തെക്ക് വഴിയോ വേണം ബോട്ട് വരാൻ. യാത്രക്കാരെ ബ്രേക്ക് വാട്ടറിൽ ഇറക്കി തിരിച്ചു പോകുമ്പോളേക്കും 45 ലിറ്ററോളം ഇന്ധന ചെലവ് വരുന്നുണ്ട്. ഇവർക്ക് ലഭിക്കുന്ന ദിവസം വേതനം 5000 രൂപയാണ്. ഇത് ഇന്ധന്നതിനു പോലും തികയില്ല എന്നും അതിനാൽ വേതനം വർദ്ധിപ്പിക്കണമെന്നും അതല്ലെങ്കിൽ പടിഞ്ഞാറു ഭാഗത്തേക്ക് കപ്പൽ അടുപ്പിക്കണമെന്നും ബോട്ട് ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഇറങ്ങാനുള്ള സൗകര്യം അടിസ്ഥാനമാക്കി കിഴക്ക് ഭാഗത്തു തന്നെ തങ്ങളെ ഇറക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.
കപ്പലിൽ നിന്ന് യാത്രക്കാരെ ഇറക്കാൻ തയ്യാറല്ലെന്ന് പറഞ്ഞിട്ടില്ല ആവശ്യം ഉന്നയിക്കുകയാണ് ചെയ്തതെന്ന് പ്രതിഷേധക്കാർ പറയുന്നു. എന്നാൽ അധികൃതർ ബോട്ട് ജീവനക്കാർ എമ്പാർക്കേഷൻ തയ്യാറല്ല എന്ന് റിപ്പോർട്ട്‌ നൽകുകയായിരുന്നു. തുടർന്ന് മിനിക്കോയിൽ നിന്ന് അഹമ്മദ് സൂഫി, കവരത്തിയിൽ നിന്ന് പിട്ടി എന്നീ ബോട്ടുകൾ എത്തിയാണ് യാത്രക്കാരെ ഇറക്കിയത്. കൽപേനിയിലുള്ള ചെറിയ തോണികളുപയോഗിച്ചും യാത്രക്കാരെ ഇറക്കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY