DweepDiary.com | ABOUT US | Friday, 26 April 2024

വീണ്ടും കൊടുങ്കാറ്റ് മുന്നറിയിപ്പ്, സാഗര്‍ സോമാലിയ കടന്ന് ഒമാനിലേക്ക്

In regional BY Admin On 21 May 2018
തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ മേഖല രൂപം കൊണ്ട സാഹചര്യത്തിൽ ലക്ഷദ്വീപ് ഉൾപ്പെടെ ജാഗ്രതയിൽ. ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലന്‍റെ മധ്യഭാഗത്തായാണ് ന്യൂനമർദ്ദം രൂപം കൊണ്ടത്. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ ദ്വീപ് സമൂഹത്തിനു വടക്കുപടിഞ്ഞാറായാണ് ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നത്. ലക്ഷദ്വീപിനു പടിഞ്ഞാറായി രൂപപ്പെട്ട ന്യൂനമർദം ഒമാൻ തീരത്തേക്കു നീങ്ങുമെന്നാണു കാലാവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തൽ. ഉച്ചയ്ക്ക് സോമാലിയ തീരം സാഗര്‍ കടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്ഷദ്വീപ് പരിസരത്തും ദ്വീപിനു പടിഞ്ഞാറു ഭാഗത്തേക്കും മത്സ്യബന്ധനത്തിനു പോകരുത്. മത്സ്യബന്ധന ഗ്രാമങ്ങളിലും തുറമുഖങ്ങളിലും മുന്നറിയിപ്പു നൽകണമെന്നും അഥോറിറ്റി നിർദേശിച്ചു. ഇക്കുറി കാലവർഷം നേരത്തെയെത്തുമെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ റിപ്പോർട്ടിനെ ശരിവയ്ക്കുന്നതാണ് ഇരു ന്യൂനമർദങ്ങളും എന്നാണ് നിഗമനം. മേയ് 23, 24 തിയതികളിൽ വ്യാപകമായി മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

മേയ് 29നു കാലവർഷം എത്തുമെന്ന് ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രവും 28ന് എത്തുമെന്നു സ്‌കൈമെറ്റ് സ്വകാര്യ കാലാവസ്‌ഥാ സ്‌ഥാപനവും പ്രവചിക്കുന്നുണ്ട്. ശ്രീലങ്കയിൽ നാളെ മഴയെത്തും എന്നാണ് റിപ്പോർട്ട്. കന്യാകുമാരിയിൽ ഇന്ന് വൈകിട്ട് ന്യൂനമർദ്ദം രൂപപ്പെടുകയും ഇത് മഴ തീരുമാനിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

"ഓഖി" ക്ക് ബംഗ്ലാദേശിന്റെ പേര് നല്‍കിയപ്പോള്‍ "സാഗര്‍" ഇന്ത്യന്‍ പേരാണ്. സമുദ്രം എന്നാണ് അര്‍ത്ഥം. വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെകൊടുങ്കാറ്റുകള്‍ക്ക് എട്ട് രാജ്യങ്ങള്‍ ചേര്‍ന്നാണ് പേരിടുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, മാല്ദ്വീപ്, മ്യാന്‍മാര്‍, ഒമാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, തായ്ലാന്‍ഡ് എന്നിവരാണ് ഇത്. ലോക കാലാവസ്ഥ നിരീക്ഷണ സംഘടനയുടെ (World Metrological Organisation) 11 കേന്ദ്രങ്ങളിലൊന്നാണ് വടക്ക് ഇന്ത്യന്‍ സമുദ്ര മേഖല. ഇതില്‍ ആദ്യ പേര് നല്‍കാന്‍ അവസരം ലഭിച്ചത് ബംഗ്ലാദേശിനാണ് "ഒനില്‍" എന്നായിരുന്നു പേര്. കൊടുങ്കാറ്റുകള്‍ ഭയങ്കരമായ നാശനഷ്ടങ്ങളുണ്ടാക്കുന്നുവെങ്കിലും ഇവയുടെ പേര് ജനകീയമാവാറുണ്ട്. "റോഅനു" (ചകിരി കയര്‍ -മാലദ്വീപ്), "കത്രീന", "ദുല്‍ ദുല്‍", ഓഖി" തുടങ്ങിയവ അക്കൂട്ടത്തിലുള്ളതാണ്.

അടുത്ത പേര് മാല്ദ്വീപിന്റെതാണ് "മേകുനു". തുടര്‍ന്ന് വരുന്ന പേരുകള്‍ Daye (മ്യാന്‍മാര്‍), Luban (ഒമാന്‍), Titli (പാകിസ്ഥാന്‍), Gaja (ശ്രീലങ്ക), Phethai (തായ്‍ലാന്‍ഡ്).

SHARE YOUR FEEDBACK

RECENT IN THIS CATEGORY