DweepDiary.com | ABOUT US | Friday, 26 April 2024

എം.വി കവരത്തി: അറ്റക്കുറ്റപണികള്‍ക്ക് ശേഷമുള്ള പരീക്ഷണ ഓട്ടം വിജയകരം

In main news BY P Faseena On 05 December 2022
കവരത്തി: യാത്രക്കിടയില്‍ തീപിടുത്തമുണ്ടായ എം.വി കവരത്തി കപ്പലിന്റെ അറ്റക്കുറ്റപണികള്‍ക്ക് ശേഷമുള്ള ആദ്യ പരീക്ഷണ ഓട്ടം വിജയകരം. ദ്വീപിലെ ഏറ്റവും വലിയ യാത്രകപ്പലിന്റെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കും എന്ന പ്രതീക്ഷയിലാണ് ദ്വീപുജനത. അപകടം നടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് കപ്പലിന്റെ തകരാറുകള്‍ പരിഹരിക്കുന്നത്. രണ്ട് ദിവസത്തിനകം കപ്പല്‍ സര്‍വേ പൂര്‍ത്തിയാക്കി ഒഴിവുള്ള പോസ്റ്റിലേക്ക് ജീവനക്കാരെ നിയമിച്ചതിന് ശേഷം ഒരാഴ്ച്ചക്കുള്ളില്‍ സര്‍വീസ് പുനരാരംഭിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്. എൽ. ഡി.സി.ക്ക് കീഴിലായിരുന്ന കപ്പൽ സർവീസ് ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലേക്ക് മാറ്റിയതും കപ്പൽ തീ പിടിച്ചപ്പോൾ കേടുപാടുകൾ സംഭവിച്ച കേബിളുകൾ വിദേശത്ത് നിന്നും കൊണ്ടുവരാൻ താമസിച്ചതുമാണ് കപ്പൽ തകരാർ പരിഹരിക്കാൻ ഒരു വർഷത്തോളം കാലതാമസം എടുത്തത്.
2021 ഡിസംബറില്‍ കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് യാത്രക്കാരുമായി പോകുന്നതിനിടെയാണ് എം.വി കവരത്തി കപ്പലിലെ എന്‍ജിന്‍ റൂമില്‍ തീപടര്‍ന്നത്. അഗ്നിരക്ഷാ വിഭാഗം ഉടന്‍ തീയണച്ചതിനാല്‍ ആളപായമുണ്ടായില്ല. കൊച്ചിയല്‍ നിന്ന് യാത്രപുറപ്പെട്ട് കവരത്തിയിലെത്തി അവിടെനിന്ന് ആന്ത്രോത്തിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടാകുന്നത്. കവരത്തിയില്‍ നിന്ന് 29 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു കപ്പല്‍. 624 യാത്രക്കാരും ഉദ്യോഗസ്ഥരും കാന്റീന്‍ ജീവനക്കാരുമുള്‍പ്പെടെ 85 ക്രൂ അംഗങ്ങളാണ് അപകടസമയത്ത് കപ്പലില്‍ ഉണ്ടായിരുന്നത്. 700 ഓളം യാത്രക്കാരെ ഉള്‍കൊള്ളാവുന്ന ലക്ഷദ്വീപില്‍ സര്‍വീസ് നടത്തുന്ന കപ്പലുകളില്‍തന്നെ ഏറ്റവും വലിയ കപ്പലാണ് എം.വി കവരത്തി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY