DweepDiary.com | ABOUT US | Friday, 26 April 2024

പഞ്ചായത്ത് റെഗുലേഷന്‍: ദ്വീപ് പഞ്ചായത്തുകൾക്ക് സ്ഥല പുനർനിർണ്ണയവും പേര് മാറ്റവും നടത്തും

In main news BY P Faseena On 01 December 2022
കവരത്തി: പുതിയ പഞ്ചായത്ത് റെഗുലേഷന്‍ പ്രാബല്യത്തില്‍ വന്നാല്‍ ലക്ഷദ്വീപിലെ പഞ്ചായത്തുകളുടെ അതിർത്തി പുനർനിർണ്ണയം നടത്തും ഒപ്പം പഞ്ചായത്തുകളുടെ പേരും മാറും. 2022 ലെ ലക്ഷദ്വീപ് പഞ്ചായത്ത് റെഗുലേഷന്റെ സെക്ഷന്‍ മൂന്ന് ലെ ഉപവകുപ്പ് രണ്ട് പ്രകാരം പഞ്ചായത്തുകളെ വിവിധ മേഖലകളായി അതിർത്തി തിരിച്ചാണ് പേരുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം ഓരോ ദ്വീപിലും രണ്ടും മൂന്നും പഞ്ചായത്തുകള്‍ ഉണ്ടായിരിക്കും. ചില ദ്വീപുകൾ ഒന്നിച്ചൊരു പഞ്ചായത്തായി മാറ്റും. നിലവിൽ ലക്ഷദ്വീപിൽ ഓരോ ദ്വീപും വില്ലേജ് ദ്വീപ് പഞ്ചായത്തുകൾ ആയാണ് അറിയപ്പെടുന്നത്.
പുതിയ റെഗുലേഷന്‍ പ്രകാരം അഗത്തി, അമിനി, കടമത്ത്, മിനിക്കോയ് എന്നീ ദ്വീപുകളില്‍ രണ്ട് പഞ്ചായത്തുകള്‍ വീതവും, ആന്ത്രോത്ത് കവരത്തി എന്നീ ദ്വീപുകളില്‍ മൂന്ന് പഞ്ചായത്തുകളും, കല്‍പേനി, കില്‍ത്താന്‍ എന്നീ ദ്വീപുകളില്‍ ഒരോ പഞ്ചായത്തും. ചെത്ത്‌ലാത്ത് ബിത്ര എന്നിവ ഒറ്റ പഞ്ചായത്തായും ഏകീകരിക്കും. നിലവില്‍ ചെത്ത്‌ലാത്തും ബിത്രയും വ്യത്യസ്ത ദ്വീപ് പഞ്ചായത്തുകളാണ്.
അഗത്തിയിലെ വെസ്റ്റേണ്‍ ജെട്ടി മുതല്‍ ശെെക്കിന പള്ളി വരെയുള്ള മേഖലയിലെ പഞ്ചായത്ത് ലാല്‍ബഹദൂര്‍ ശാസ്ത്രി പഞ്ചായത്ത്,  ഷൈക്കിന പള്ളി മുതല്‍ വിമാനത്താവളം വരെയുള്ളത് ഭഗത് സിംഗ് ഗ്രാമപഞ്ചായത്ത് എന്ന പേരിലും. അമിനിയിലെ പുതിയോളിപ്പള്ളി കോപ്പറേറ്റീവ് സൊസൈറ്റി വരെ സര്‍ദാര്‍ പട്ടേല്‍ ഗ്രാമപഞ്ചായത്ത്, അമിനി ഫിഷറീസ് ഓഫീസ് മുതല്‍ തെക്കേ അറ്റം വരെ മഹാത്മഗാന്ധി ഗ്രാമ പഞ്ചായത്ത് എന്ന പേരിലും. ആന്ത്രോത്ത് പടിഞ്ഞാറ് മുതല്‍ നങ്ങമ്മട വീട് വരെ സോമനാഥ് ശര്‍മ ഗ്രാമ പഞ്ചായത്ത് നങ്ങമ്മാട ഹൗസ് മുതല്‍  ആയുര്‍വേദ ആശുപത്രിവരെ വിക്രം ബത്ര ഗ്രാമപഞ്ചായത്ത്. കാട്ടുപുര വീട് മുതല്‍ ആയുര്‍വേദ ആശുപത്രിയുടെ കിഴക്ക് വരെ വെങ്കടേഷ് ഗ്രാമ പഞ്ചായത്ത്. ചെത്ത്ലാത്ത് ബിത്ര ദ്വീപുകള്‍ക്ക് ഗംഗ ഗ്രാമപഞ്ചായത്ത് എന്ന പേരില്‍ ഒറ്റ പഞ്ചായത്ത് ആയിരിക്കും. കടമത്ത് നോര്‍ത്ത് മുതല്‍ പി.എന്‍ ഇബ്രാഹിം ഹൗസ് വരെ സഹ്യാദ്രി ഗ്രാമപഞ്ചായത്ത്, ചമയം ഹൗസ് മുതല്‍ തെക്കേ അറ്റം വരെ സുബാഷ് ചന്ദ്ര ബോസ് ഗ്രാമ പഞ്ചായത്ത് എന്ന പേരിലുമായിരിക്കും അറിയപ്പെടുക. ഝാന്‍സി ക്കി റാണി എന്ന പേരില്‍ കല്‍പേനിയിലെ പഞ്ചായത്തും, അബ്ദുല്‍ ഹമീദ് ഗ്രാമപഞ്ചായത്ത് എന്ന പേരില്‍ കില്‍ത്താനിലെ പഞ്ചായത്തും അറിയപ്പെടും. കവരത്തിയില്‍ സ്വാമി വിവേകാനന്ദ ഗ്രാമ പഞ്ചായത്ത്, ബിര്‍സ മുണ്ട ഗ്രാമ പഞ്ചായത്ത്, കാവേരി ഗ്രാമ പഞ്ചായത്ത് എന്ന പേരിലും. മിനിക്കോയ് ദ്വീപില്‍ ഗോദാവരി ഗ്രാമ പഞ്ചായത്ത്, ദാരാഷികോ ഗ്രാമ പഞ്ചായത്ത്, വിശ്വേശ്വരായ ഗ്രാമ പഞ്ചായത്ത് എന്ന പേരിലും അിയപ്പെടും. സെക്ഷന്‍ 3 ന്റെ ഉപവകുപ്പ് ഒന്ന് പ്രകാരം എല്ലാ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളും ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് രൂപീകരിക്കുകയും ജില്ലാ പഞ്ചായത്ത് എന്നപേരില്‍ വിളിക്കുകയും ചെയ്യും.
അതേസമയം പുതിയ പഞ്ചായത്ത് റെഗുലേഷന്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ടി.അബ്ദുല്‍ഖാദര്‍, ലക്ഷദ്വീപ് ഡിസ്ട്രിക്ട് പഞ്ചായത്ത് വൈസ് ചീഫ് കൗണ്‍സിലര്‍ അബ്ബാസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.  പുതിയ റെഗുലേഷനിലെ പല സെക്ഷനുകളും ഭരണഘടനാ വിരുദ്ധമാണ്. നിലവിലുള്ള പഞ്ചായത്ത് റെഗുലേഷനെതിരെ പരാതിയൊ പ്രശ്‌നമൊ നിലവിലില്ലാത്ത സാഹചര്യത്തില്‍ പുതിയ റെഗുലേഷൻ പഞ്ചായത്ത് സംവിധാനങ്ങളുടെ ജനാധിപത്യ സ്വഭാവത്തെ തകര്‍ക്കുന്നതാണെന്നും പുതിയ റെഗുലേഷന്‍ റദ്ദാക്കണം എന്നും ഹർജിക്കാർ ചൂണ്ടികാട്ടുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY