DweepDiary.com | ABOUT US | Saturday, 27 April 2024

പത്മശ്രീ അലി മാണിക്ഫാന്റെ ജീവചരിത്രം പുറത്തിറങ്ങുന്നു

In main news BY P Faseena On 30 September 2022
കോഴിക്കോട്: ശാസ്ത്ര ഗവേഷണ പ്രതിഭയും പത്മശ്രീ പുരസ്‌കാര ജേതാവുമായ അലി മാണിക്ഫാന്റെ ജീവചരിത്രം പുറത്തിറങ്ങുന്നു. ''പത്മശ്രീ അലിമാണിക് ഫാന്‍ കണ്ടുപിടിത്തങ്ങളുടെ കപ്പിത്താന്‍'' എന്നാണ് മാണിക്ഫാന്റെ ജീവചരിത്രത്തിന്റെ പേര്. തലശ്ശേരിയിലെ ബി.എസ്.എം ട്രസ്റ്റാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 272 പേജും 31 അധ്യായവുമുള്ള പുസ്തകം പൂര്‍ണമായും സൗജന്യമായി വെള്ളിയാഴ്ച മുതല്‍ വായനക്കാരുടെ കൈകളിലെത്തും. സദ്‌റുദ്ധീന്‍ വാഴക്കാടാണ് രചന.
ആഴക്കടലില്‍ നിന്ന് ആരംഭിച്ച് ഭൂമിയിലൂടെ സഞ്ചരിച്ച് ആകാശത്തോളം ചെന്നെത്തിയ ഗവേഷണ പ്രതിഭയെന്ന നിലയിലാണ് സദ്‌റുദ്ദീന്‍ വാഴക്കാട് പുസ്തകത്തിലൂടെ മാണിക്ഫാനെ പരിചയപ്പെടുത്തുന്നത്. സമുദ്ര ഗവേഷകന്‍, ഗോള ശാസ്ത്രജ്ഞന്‍, ബഹുഭാഷ പണ്ഡിതന്‍, കൃഷിശാസ്ത്രജ്ഞന്‍, പരിസ്ഥിതി പരിപാലകന്‍, കപ്പല്‍ നിര്‍മാതാവ്, ചന്ദ്രമാസകലണ്ടറിന്റെയും ഐക്യത്തിന്റെയും ശക്തനായവക്താവ്, പ്രചാരകന്‍ തുടങ്ങിയ വിശേഷണങ്ങള്‍ അന്യര്‍ഥമാക്കുന്ന ജീവിതമാണ് മാണിക് ഫാന്റേത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ക്കിടയില്‍ പരിസ്ഥിതിയുടെ ആത്മീയത തേടി അന്വേഷണങ്ങളില്‍ മുഴുകുന്ന സൂഫി എന്ന നിലയിലും മാണിക്ഫാന്റെ ജീവിതം പുസ്തകത്തില്‍ വിശദമായി രേഖപ്പെടുത്തുന്നു.
ലക്ഷദ്വീപിന്റെ ചരിത്രവും വര്‍ത്തമാനവും സാംസ്‌കാരിക സവിശേഷതകളും സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത കൃതി അടിവരയിടുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് കെ.പി കേശവ മേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഗ്രന്ഥം പ്രകാശനം ചെയ്യും. ആര്‍കിടെക്ട് ഡോ. ജി.ശങ്കര്‍ പുസ്തകം ഏറ്റുവാങ്ങും. കെ.വി മോഹന്‍കുമാര്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും.
ലക്ഷദ്വീപ് മിനിക്കോയ് സ്വദേശിയായ അലിമാണിക് ഫാന് തന്റെ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി 2021 ലാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. ഔപചാരിക വിദ്യാഭ്യാസം ഇല്ലാതെയും നിരവധി വിഷയങ്ങളില്‍ വിദഗ്ധനായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബിക്, ലാറ്റിന്‍, ഫ്രഞ്ച്, റഷ്യന്‍, ജര്‍മന്‍, സിംഹള, പേര്‍ഷ്യന്‍, സംസ്‌കൃതം, തമിഴ്, ഉറുദു തുടങ്ങി നിരവധി ഭാഷകളും മാണിക് ഫാന് കാണാപാഠമാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY