DweepDiary.com | ABOUT US | Friday, 26 April 2024

കിൽത്താൻ പോലീസ് സ്റ്റേഷന് മുമ്പിൽ മണ്ണിൽ തട്ടിയ നിലയിൽ ദേശീയ പതാക

In main news BY P Faseena On 17 August 2022
കിൽത്താൻ: കിൽത്താൻ ദ്വീപിൽ മണ്ണിൽ തട്ടിയ നിലയിൽ പോലീസ് വാഹനത്തിൽ ചാരിവച്ച ദേശീയ പതാകകളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. പോലീസ് സ്റ്റേഷന് മുമ്പിൽ നിർത്തിയിട്ട വാഹനത്തിൽ പതാകകൾ ചാരിവെച്ച നിലയിലാണ്. ദേശീയ പതാകയെ അപമാനിച്ച കിൽത്താൻ പോലീസിനെതിരെ ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്നത്.
നിയമം പോലീസിനും ബാധകമാണെന്നും ബി.ജെ.പി ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്ത ലക്ഷദ്വീപ് പോലീസ് എന്തുകൊണ്ട് പോലീസ് സേനയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ കേസെടുക്കുന്നില്ല എന്ന് ബി.ജെ.പി മീഡിയാ കൊ ഓർഡിനേറ്റർ ആറ്റബി ചോദിച്ചു. ദേശീയ പതാകയെ ഈ രൂപത്തിൽ പോലീസ് തന്നെ അവഹേളിക്കുമ്പോൾ അത് ജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് അവർ ചോദിച്ചു.
ദേശീയ പതാക തലതിരിച്ചു പിടിച്ച് അപമാനിച്ച വിഷയത്തിൽ ബി.ജെ.പി ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിമിനെതിരെ കവരത്തി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. 1971ലെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതിനെതിരായ നിയമത്തിലെ വകുപ്പ് 2 പ്രകാരം മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണ് കാസിമിനെതിരെ ലക്ഷദ്വീപ് പോലീസ് ചുമത്തിയിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY