DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപ് ഓഫീസിലേക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാര്‍ച്ച്

In main news BY Admin On 23 September 2017
മട്ടാഞ്ചേരി - ലക്ഷദ്വീപിലെ മനുഷ്യവകാശലംഘനത്തിലും പൊലീസ് പീഡനത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐലന്‍ഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ബിജെപിക്കുവേണ്ടി പാദസേവ ചെയ്യുന്ന ലക്ഷദ്വീപ് ഭരണത്തിന്റെ ജനാധിപത്യവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.
ആഗസ്ത് 23ന് അബൂബക്കര്‍ എന്ന ചെറുപ്പക്കാരന്‍ ശ്വാസതടസത്തിന് മതിയായ ചികിത്സകിട്ടാതെ മരിച്ചു. അഗത്തി രാജീവ്ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയില്‍നിന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം കൊച്ചിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. എന്നാല്‍ അത്യാസന്നനിലയിലായിരുന്ന രോഗിയെ പരിഗണിക്കാത്ത അധികാരികള്‍, ടൂറിസ്റ്റുകളുമായി സഞ്ചരിക്കാന്‍ ഹെലികോപ്ടറിന് അനുമതി കൊടുക്കുകയായിരുന്നു. തുടര്‍ന്ന് 24ന് വൈകിട്ട് കൊച്ചിയിലേക്ക് പുറപ്പെട്ട രോഗി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമ്പോഴേക്കും മരിച്ചു. ഇതിനെതിരെ പ്രതിഷേധിച്ച എട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. ബിജെപി ഗവണ്‍മെന്റിനെതിരെ പ്രതികരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും പൊലീസ് അധികാരികളും സ്വീകരിച്ചത്.
ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി അഡ്വ കെ എസ് അരുണ്‍കുമാര്‍, കെ വി അനില്‍കുമാര്‍, സജി ജോര്‍ജ്, പി ബി രതീഷ്, സോളമന്‍ ഷിജോ, വിപിന്‍ രാജ് എന്നിവര്‍ സംസാരിച്ചു.
(കടപ്പാട്- ദേശാഭിമാനി)

SHARE YOUR FEEDBACK

RECENT IN THIS CATEGORY