DweepDiary.com | ABOUT US | Friday, 26 April 2024

വീണ്ടും മരണം! കപ്പല്‍ കൊച്ചി എത്താന്‍ വൈകി - രോഗി മരിച്ചു

In main news BY Admin On 05 July 2016
മിനിക്കോയ് (04/07/2016): യഥാ സമയം ചികില്‍സ ലഭിക്കാതെ മിനിക്കോയിയില്‍ ഒരു രോഗി മരിച്ച ഞെട്ടല്‍ തീരും മുമ്പ് വീണ്ടും ദുരന്തം തേടിയെത്തിയിരിക്കുകയാണ് മിനിക്കോയിക്കാരെ. ഞായറാഴ്ച (03/07/2016) ഇവിടെ എത്തിയ ലക്ഷദ്വീപ് സീ കപ്പലില്‍ കയറിയ സൊക്കിഗോത്തി മൂസ (50) ആണ് കപ്പല്‍ കൊച്ചി എത്താന്‍ ഏതാനും വാര അകലേയായിരിക്കെ മരണപ്പെട്ടത്. ഗുരുതരമായ വൃക്ക രോഗിയായ മൂസയെ വിദഗ്ദ്ധ ചികില്‍സയ്ക്കായി വന്‍കരയിലേക്ക് അയക്കുകയായിരുന്നു. മോശം കാലാവസ്ഥ കാരണം കിഴക്കന്‍ എമ്പാര്‍ക്കേഷന്‍ ജെട്ടിയില്‍ കപ്പലിന് അടുപ്പിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സാധാരണ ചെയ്യാറുള്ളപോലെ യന്ത്രവല്‍കൃത വള്ളങ്ങളില്‍ രാവിലെ 11 മണിയോടെ യാത്രക്കാരെ കപ്പലില്‍ കയറ്റി. പക്ഷെ ചരക്കിറക്കാന്‍ വന്ന ബാര്‍ജിന് വമ്പന്‍ തിരമാലകള്‍ കാരണം കപ്പലിനോട് അടുക്കാന്‍ സാധിച്ചില്ല. ലക്ഷദ്വീപ് സീ ക്യാപ്റ്റന്‍ കപ്പലിനെ ആങ്കറിങ്ങ് ബോയയില്‍ ബന്ധിപ്പിക്കാന്‍ പോര്‍ട്ട് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചത് കാരണം കപ്പലും ബാര്‍ജ്ജും ഒരുപാട് ദൂരം ഒഴുകി നടന്നു എന്നും ആരോപണമുണ്ട്. പോര്‍ട്ട് അധികൃതരുടെ ഭാഗത്ത് നിന്നും കനത്ത അനാസ്ഥയുള്ളതായും യാത്രക്കാര്‍ ആരോപിക്കുന്നു. ചരക്കിറക്ക് സ്തംഭിച്ചതോടെ കപ്പലിന്‍റെ കൊച്ചിയിലേക്കുള്ള യാത്ര മണിക്കൂറോളം നീണ്ടു. വൈകീട്ട് നാല് മണിയോടെ ശക്തമായ പേമാരിയും കാറ്റും വീശിയതോടെ ചരക്കിറക്കം വീണ്ടും നീണ്ടു. രാത്രി കടല്‍ അല്‍പം ശാന്തമായതോടെ ചരക്കിറക്ക് പുന:സ്ഥാപിച്ചു. അര്‍ദ്ധ രാത്രി ഏകദേശം 12.30 നു കപ്പല്‍ കൊച്ചിയിലേക്ക് തിരിച്ചു. ഇന്ന്‍ രാവിലെ 8നു എത്തേണ്ടിയിരുന്ന കപ്പല്‍ വൈകി യാത്ര തുടര്‍ന്നതിനാല്‍ വൈകീട്ട് നാലരയോടെയാണ് എത്തിയത്. അപ്പോയേക്കും മൂസ ഗുരുതരാവസ്ഥയിലായിരുന്നു. കപ്പല്‍ ബെര്‍ത്ത് ചെയ്യുന്നതിന് മുമ്പ് അദ്ദേഹം പരിഭാവങ്ങളും പരാതികളുമില്ലാത്ത ലോകത്തേക്ക് യാത്രയായി. മൂസയുടെ ജനാസ രാത്രി തന്നെ കലൂർ തോട്ടത്തുംപടി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും ലക്ഷദ്വീപിലെ യുവ ജനസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പൊതുപ്രവര്‍ത്തകരും പ്രതികരിക്കാത്തത് അതിശയിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഫേസ്ബുക്കില്‍ രണ്ടുവരി പ്രതിഷേധക്കുറിപ്പെഴുതി അവസാനിപ്പിച്ചപ്പോള്‍ ഭരണ കക്ഷികള്‍ മൌനത്തിലുമാണ്. തമ്മില്‍ തമ്മില്‍ പഴിക്കാതെ ഇത്തരം കാര്യങ്ങള്‍ക്ക് രാഷ്ട്രീയക്കാര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് വരെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് ഈ വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY