DweepDiary.com | Monday, 21 September 2020

"ആരോഗ്യ ഇന്‍ഷ്വറന്‍സ് ദ്വീപിലെ ഓരോ വ്യക്തിയും നേരിട്ട് അനുഭവിക്കുന്ന കാര്യമെന്നുള്ള നിലക്ക് എന്റെ ഏറ്റവും നല്ല പ്രവര്‍ത്തനമായി നെഞ്ചോട് ചേര്‍ത്ത് വെക്കുന്നു.”- പി.പി.മുഹമ്മദ് ഫൈസല്‍

In interview Special Feature Article / 08 April 2019
17-ാം ലോകസഭാതെരെഞ്ഞെടുപ്പില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന് ജനവിധി തേടുന്ന സിറ്റിങ്ങ് എംപി, പി.പി.മുഹമ്മദ് ഫൈസലുമായി ദ്വീപുഡയറിയുടെ ഉള്ളത് പറഞ്ഞാല്‍ എന്ന പംക്തിയിലേക്ക് നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ:

(?)ദ്വീപുഡയറി പ്രതിനിധി- ഈ തെരെഞ്ഞെടുപ്പില്‍ വിജയത്തിനുള്ള പ്രതീക്ഷകള്‍ എന്തൊക്കെയാണ്?
പി.പി.മുഹമ്മദ് ഫൈസല്‍- ഏറ്റവും പ്രതീക്ഷ നല്‍കുന്നത് മേഖല ആരോഗ്യ മേഖലയാണ്. 5 വര്‍ഷത്തിനുള്ളില്‍ ഉദ്യോഗസ്ഥന്മാര്‍ ഒഴിച്ചുള്ള ദ്വീപിലെ മുഴുവന്‍ ജനങ്ങളേയും ആരോഗ്യ ഇന്‍ഷ്വറന്‍സിന്റെ കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടം. ഇത് ദ്വീപിലെ ഓരോ വ്യക്തിയും നേരിട്ട് അനുഭവിക്കുന്ന കാര്യമെന്നുള്ള നിലക്ക് എന്റെ ഏറ്റവും നല്ല പ്രവര്‍ത്തനമായി നെഞ്ചോട് ചേര്‍ത്ത് വെക്കുന്നു.

(?)ദ്വീപുഡയറി പ്രതിനിധി- ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഇന്ത്യ ഒട്ടുക്കും നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി നിലവില്‍ വന്നതാണ്. മറ്റ് പ്രദേശങ്ങളില്‍ അഞ്ച് ലക്ഷം രൂപ കിട്ടിയപ്പോള്‍ ദ്വീപില്‍ മൂന്ന് ലക്ഷം രൂപയാണ് കിട്ടിയത്. അത് പോലെ 2013 ല്‍ പദ്ഥിയുടെ രൂപരേഖയുണ്ടാക്കിയതാണെന്നും എതിര്‍പക്ഷക്കാര്‍ പറയപ്പെടുന്നു. എന്താണ് യാഥാര്‍ത്ഥ്യം?
പി.പി.മുഹമ്മദ് ഫൈസല്‍- 2013 ല്‍ പ്രഖ്യാപിക്കപ്പെട്ട ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് ലക്ഷദ്വീപ് ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി യാതൊരു ബന്ധവുമില്ല. രണ്ടാം യു.പി.എ പ്രഖ്യാപിച്ച RSBY ന്റെ ഒരു ഗുണഭോക്താവും ലക്ഷദ്വീപിലില്ല. അതു പ്രകാരം 30,000 രൂപ മാത്രമാണ് കിട്ടുക. അത് പരാജയമാണെന്ന് പറഞ്ഞ് ഒഴിവാക്കിയ പദ്ധതിയാണ്. എന്‍.സി.പി ജയച്ചതിന് ശേഷം കൊണ്ടുവന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ഒരു രോഗിയെ എല്ലാ നിലക്കുമുള്ള സഹായം ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവാക്വേഷന്‍ മുതല്‍ ചികിത്സയുടെ അവസാന ഘട്ടം വരേയുള്ള ചെലവുകള്‍ അത് കവര്‍ ചെയ്യുന്നു. കോണ്‍ഗ്രസ്സുകാര്‍ പറയുന്ന പദ്ധതിക്ക് എക്സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് വിളിച്ചപ്പോള്‍ ഒരു പാര്‍ട്ടിപോലും പങ്കെടുത്തില്ല. അവര്‍ ജനങ്ങളെ കബളിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. അതു പോലെ ദ്വീപില്‍ ഇപ്പോള്‍ നടപ്പിലാക്കിയ ഇന്‍ഷ്വറന്‍സ് പദ്ധതി തമിഴ് നാട് സ്റ്റേറ്റിലെ ഇന്‍ഷ്വറന്‍സ് പദ്ധതിയെ ക്വോട്ട് ചെയ്തു കൊണ്ടുള്ളതാണ്. അന്നത്തെ കളക്ടറായിരുന്ന അശോക് കുമാറിനെ ഇതിനായി പ്രത്യേകം ഡെപ്യൂട്ട് ചെയ്താണ് അതിനെക്കുറിച്ച് പഠിച്ച് ദ്വീപില്‍ നടപ്പിലാക്കിയത്.

(?)ദ്വീപുഡയറി പ്രതിനിധി- കേന്ദ്ര രാഷ്ട്രീയത്തില്‍ യു.പി.എ മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന എന്‍.സി.പിയും കോണ്‍ഗ്രസ്സും ദ്വീപില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. എന്താണ് ഇതിലെ വിരോദാഭാസം?
പി.പി.മുഹമ്മദ് ഫൈസല്‍- വിരോദാഭാസമൊന്നുമല്ല. എന്‍.സി.പി എടുത്തിരിക്കുന്ന നിലപാട് വളരെ വ്യക്തമാണ്. ബി.ജെ.പി ഇതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരാന്‍വേണ്ടി ഓരോ സ്റ്റേറ്റിലും ആരോടെല്ലാം സഹകരിക്കണം എന്ന് നോക്കി സഹകരിക്കുന്നു. ലക്ഷദ്വീപില്‍ സ്വാഭാവികമായി എന്‍.സി.പിയുടെ സിറ്റിങ്ങ് സീറ്റായത് കൊണ്ട് എന്‍.സി.പിക്ക് തരണമെന്ന് നാഷണല്‍ പ്രസിഡന്റ് ശരത്പവാര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ കോണ്‍ഗ്രസ്സ് അത് തന്നില്ല. അത് കൊണ്ടാണ് ഇങ്ങനെ മത്സരിക്കുന്നത്.

(?)ദ്വീപുഡയറി പ്രതിനിധി- ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വേണ്ടിയാണോ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്‍?
പി.പി.മുഹമ്മദ് ഫൈസല്‍- വെസ്റ്റ് ബംഗാളില്‍ മമതാ ബാനര്‍ജിയുമായിട്ടും യു.പിയില്‍ മുലായം സിങ്ങുമായിട്ടും സഹകരിക്കുന്നുണ്ട്. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വരാതെ ഒറ്റപ്പെടുത്തുക എന്നതാണ് എന്‍.സി.പിയുടെ പോളിസി. അതിന് വേണ്ടി ഓരോ സംസ്ഥാനത്തും ഏതെല്ലാം സഖ്യവുമായിട്ട് സഹകരിക്കാന്‍ കഴിയും അവരുമായി സഹകിരിക്കുന്നു.


(?)ദ്വീപുഡയറി പ്രതിനിധി- ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ലക്ഷദ്വീപിലെ എന്‍.സി.പി ഘടകമാണ് ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ അമിത്ഷാ ലക്ഷദ്വീപില്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ കാണാന്‍ പോവുകയും അവരുടെ സദസ്സ് പങ്കിടുകയും ചെയ്തത്. അമിത്ഷായുടെ മുന്നില്‍ ഓച്ചാനിച്ചു നിന്നു എന്നാണ് പ്രതിപക്ഷം നിങ്ങള്‍ക്കെതിരെ ആരോപിക്കുന്നത്. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം?
പി.പി.മുഹമ്മദ് ഫൈസല്‍- അങ്ങനെ കോണ്‍ഗ്രസ്സുകാര്‍ പറയുമ്പോള്‍ രാഷ്ട്രീയപരമായി തന്നെ ചോദിക്കാനുള്ളത് ബി.ജെ.പിയുടെ പിന്തുണയോടെ ഡെപ്യൂട്ടി സ്പീക്കറായിരുന്നായാളാണ് ജനാബ് പി.എം.സഈദ് സാഹിബ്, അതുപോലെ ബാബരി മസ്ജിദ് പൊളിച്ച് സമയത്ത് അതൊരു ചെറിയപള്ളി എന്ന് പറഞ്ഞയാളാണ് സഈദ് സാഹിബ്. അന്ന് മന്ത്രിസഭാ പുനസംഘടനയില്‍ മുസ്ലിം എം.പിമാരെല്ലാം വിട്ടുനിന്ന സമയത്ത് മന്ത്രിയായ ആളാണ് സഈദ് സാഹിബ്. സഈദ് സാഹിബിന്റെ ഈ പ്രവര്‍ത്തനങ്ങളെ ഞാന്‍ വിലയിരുത്തിന്നത് അദ്ദേഹം ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചു എന്നാണ്. അതായത് കേന്ദ്രം ആര് ഭരിച്ചാലും ദ്വീപിന് കിട്ടേണ്ട ആനുകൂല്യം നേടിയെടുക്കാന്‍ അവരോട് പരമാവധി സഹകരിച്ച് പ്രവര്‍ത്തിക്കുക എന്ന നയമാണ് അദ്ദേഹം സ്വീകരിച്ചത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതേ നിലക്ക് തന്നെയാണ് ഞാനും ചിന്തിച്ചത്. ഇന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റ് ലക്ഷദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ ഒരു ആതിഥ്യമര്യാദ എന്ന നിലക്ക് അദ്ദേഹത്തെ കാണാന്‍ പോയി. ദ്വീപിന് വേണ്ടി കേന്ദ്രത്തെകൊണ്ട് ഒട്ടേറെ പദ്ധതികള്‍ നേടിയെടുക്കേണ്ടതുണ്ട്. അതിനെ എന്‍.സി.പി, ബി.ജെ.പിയിലാണ്, ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ട് എന്നെല്ലാം പറഞ്ഞ് പരത്തുന്നത് അസംബന്ധമാണ്. ഞങ്ങളിപ്പോഴും ബി.ജെ.പിക്കെതിരെയാണ് സംസാരിച്ച് കൊണ്ടിരിക്കുന്നത്. പല സ്ഥലങ്ങളിലും ബി.ജെ.പി ക്കെതിരെയുള്ള കൂട്ടാഴ്മയിലാണ് എന്‍.സി.പി. ലക്ഷദ്വീപിന്റെ ആതിഥ്യ മര്യാദ കാണിച്ചതിന് കോണ്‍ഗ്രസ്സുകാര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

(?)ദ്വീപുഡയറി പ്രതിനിധി- അദ്ദേഹത്തിന് ആതിഥ്യ മര്യാദ നല്‍കിയത് മനസ്സിലാക്കാം. എന്നാല്‍ ബി.ജെ.പിയുടെ ഔദ്യോഗിക സദസ്സില്‍ പങ്കെടുത്തതിനെ എങ്ങനെ ന്യായീകരിക്കാനാവും?
പി.പി.മുഹമ്മദ് ഫൈസല്‍- അത് സ്വാഭാവികമായിട്ടും അമിത്ഷായുമായി ലക്ഷദ്വീപിലെ പല കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ പൊതുപരിപാടിയില്‍ പങ്കെടുക്കണമെന്ന അഭ്യര്‍ത്ഥന നടത്തി. ഒരു ആതിഥ്യ മര്യാദ എന്ന നിലക്ക് തന്നെയാണ് അവിടെ പോയത്. അങ്ങിനെ പോയതിനെ എന്‍.സി.പിയും ബി.ജെ.പുയും രഹസ്യ ധാരണയിലുണ്ടെന്നല്ലേ അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?


(?)ദ്വീപുഡയറി പ്രതിനിധി- എന്‍.സി.പിയുടെ ലക്ഷദ്വീപ് ഘടകം ബി.ജെ.പിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു എന്നും കേന്ദ്രത്തില്‍ വീണ്ടും എന്‍.ഡി.എ അധികാരത്തില്‍ വരികയും ദ്വീപില്‍ എന്‍.സി.പി ജയിക്കുകയും ചെയ്താല്‍ ആ മന്ത്രിസഭയില്‍ സഹമന്ത്രി സ്ഥാനം സ്വീകരിച്ച് അവരോടൊപ്പം സഹകരിക്കുമെന്നാണ് ആരോപണം?
പി.പി. മുഹമ്മദ് ഫൈസല്‍- ബി.ജെ.പി ഇതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണമെന്നതാണ് എന്‍.സി.പിയുടെ നാഷണല്‍ പോളിസി. അതിനെതിരെ ലക്ഷദ്വീപിലെ എന്‍.സി.പി ഘടകത്തിന് എങ്ങിനെ മറ്റൊരു നിലപാട് സ്വീകരിക്കാനാവും. അത് തികച്ചും തെറ്റായ ആരോപണമാണ്.


(?)ദ്വീപുഡയറി പ്രതിനിധി- താങ്കളുടെ എം.പി.ലാഡ് ഫണ്ടില്‍ നിന്ന് ദ്വീപ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ടാബ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധമുള്ള സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ദുരുപയോഗം ചെയ്യാന്‍ പറ്റാത്ത വിധം നല്‍കുമെന്നാണ് താങ്കള്‍ പറഞ്ഞത്. പക്ഷെ ടാബ് വിതരണം ചെയ്തത് അങ്ങനെയല്ലല്ലോ?
പി.പി.മുഹമ്മദ് ഫൈസല്‍- എം.പി ഫണ്ടില്‍ നിന്ന് ടാബ് നല്‍കുമെന്നും അതിലേക്കുള്ള സോഫ്റ്റ്‍വെയറുകളും മറ്റ് ക്രമീകരണങ്ങളും മാസ്റ്റര്‍ കമ്പ്യൂട്ടറും എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ചെയ്യുമെന്നാണ് അതിന്റെ കണ്ടീഷന്‍. എന്റെ സ്വപ്നം വ്യക്തമാണ്. ദ്വീപിലെ വിദ്യാര്‍ത്ഥികളെ എളുപ്പത്തില്‍ പഠിപ്പിക്കാന്‍ കഴിയും വിധം ഡിജിറ്റല്‍ സംവിധാനത്തിന്റെ ഭാഗമാക്കുക എന്നതാണ്. അതുപോലെ ഏത് കാര്യത്തേയും വിലയിരുത്തുവാന്‍ ശ്രമിക്കുന്നത് എങ്ങനെ എന്ന് കൂടി മനസ്സിലാക്കണം. ടാബ് കൊടുത്തുകൊണ്ട് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം നശിച്ചുപോയി എന്ന് ആരോപിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ മനസ്സിലാക്കേണ്ടത് ഇന്ന് എല്ലാ ആപ്പുകളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. കേന്ദ്ര സര്‍‌ക്കാര്‍ ഇറക്കിയ ഒരുപാട് ആപ്പുകളും കിട്ടും. ഇത് അധ്യാകപര്‍ക്കും രക്ഷിതാക്കള്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അത് വളരെ നല്ല നിലയില്‍ ഉപയോഗിക്കുന്ന ഒരുപാട് വിദ്യാര്‍ത്ഥികളുണ്ട്. ആന്ത്രോത്തിലും മറ്റും അവര്‍ സ്വന്തമായി നെറ്റില്‍ നിന്നുമെടുത്ത് പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ട്മെന്റുകള്‍ ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ കാലതാമസവും അപാകതകളുമെ ഇതിനും സംഭവിച്ചിട്ടുള്ളൂ. ടി.വിയും സ്മാര്‍ട്ട് ഫോണുമില്ലാത്ത വീടുകളുണ്ടോ‍‍? അതുപോലെ തന്നെ ടാബ് കൊടുക്കുന്ന സമയത്ത് ഹംദുള്ളാ സഈദ് സാഹിബ് തന്നെ പ്രസംഗിക്കുന്നു ഇത് രാജീവ് ഗാന്ധിയുടെ ഐ.ടി ഡവലപ്മെന്റിന്റെ ഭാഗമാണെന്ന്. ടാബ് കൊടുക്കുന്നത് വരെ അതെവിടെ എന്ന് ചോദിച്ചവര്‍ കൊടുത്തുകഴിഞ്ഞപ്പോള്‍ മക്കളുടെ പഠിപ്പ് നശിച്ച്പോകുമെന്നാരോപിക്കുന്നു. ടാബിലൂടെയും സ്മാര്‍ട്ട് ക്ലാസ്സിലൂടെയും വിഷ്വലൈസ് ചെയ്ത് പഠിച്ചാല്‍ വിദ്യാര്‍ത്ഥികളില്‍ ഗ്രാഹ്യശക്തി കൂടാന്‍ സഹായിക്കുന്നു.

(?)ദ്വീപുഡയറി പ്രതിനിധി- കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ എച്ച്.കെ.കാസിം താങ്കളോടൊപ്പമായിരുന്നല്ലോ? അദ്ദേഹത്തിന്റെ കടന്ന് വരവ് ആന്ത്രോത്തിലും മറ്റ് ദ്വീപുകളിലും താങ്കളെ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ കാസിം മറു ചേരിയിലാണല്ലോ?
പി.പി.മുഹമ്മദ് ഫൈസല്‍- കാച്ചി മറുചേരിയിലേക്ക് പോയതിന്റെ ഒരു ഇംപാക്ടും ഇന്ന് പാര്‍ട്ടിയെ ബാധിക്കില്ല. കാച്ചിയോടൊപ്പം പാര്‍ട്ടിയിലേക്ക് വന്ന ഒരുപാടാളുകള്‍ ഇന്നും പാര്‍ട്ടിയില്‍ തന്നെ വിശ്വസിച്ച് നില്‍ക്കുന്നുണ്ട്. കാച്ചിയുടെ സ്വന്തം അളിയന്‍ കുഞ്ഞിസീതി, നിസാമിദ്ധീന്‍- കഴിഞ്ഞ പഞ്ചായത്ത് ചെയര്‍പേഴ്സണും ഇന്ന് പഞ്ചായത്ത് മെമ്പറുമാണ്. തമിസ്, കാച്ചിയുടെ റിസോര്‍ട്ട് ഓണറായ സി.പി.ഫത്തഹുള്ളാ, കാച്ചിയോടൊപ്പം വന്ന അഗത്തി ദ്വീപ് കല്‍ക്കണ്ടിയോട ശാഫി, വി.എസ്. ഫത്തഹുള്ളാ ഇങ്ങനെ കണ്ട നിരവധിപേര്‍. ആന്ത്രോത്തില്‍ പീച്ചിയത്ത് ഹുസൈന്‍, മൂത്ത ഇങ്ങനെ നിരവധി ആള്‍ക്കാര്‍ ആരെല്ലാം എന്‍.സി.പി.യിലേക്ക് വന്നോ അവരെല്ലാം ഈ പാര്‍ട്ടിയില്‍ അടിയുറച്ച് നിന്ന് ഈ പാര്‍ട്ടിയുടെ വിജയത്തിനായി പ്രയത്നിച്ച് കൊണ്ടിരിക്കുന്നു.

(?)ദ്വീപുഡയറി പ്രതിനിധി- അപ്പോള്‍ കാച്ചി മാത്രമാണ് മറുകണ്ടം ചാടിയെന്നാണോ?
പി.പി.ഫൈസല്‍- കാച്ചിയും കാച്ചിയുടെ ഉമ്മയും പെങ്ങന്മാരും അളിയന്മാരുമല്ലാതെ ബാക്കിയെല്ലാവരും പരസ്യമായിട്ട് തന്നെ ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. മാറുന്നതിന് കാച്ചിക്ക് വ്യക്തമായ കാരണം കാണിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇവരെല്ലാം ഇപ്പോഴും ഈ പാര്‍ട്ടിയില്‍ തന്നെ അടുയുറച്ച് നില്‍ക്കുന്നത്. കാച്ചിയുടെ പ്രധാന ആവശ്യമായ ടൂറിസത്തിന്റെ അനുമതി അഡ്മിനിസ്ട്രേറ്റര്‍‌ കൊടുത്തു കഴിഞ്ഞതാണ്. ഒരു കാരണവുമില്ലാതെ മാറണം എന്നുള്ളത് കൊണ്ട് മാത്രമാണ് കാച്ചി മാറിയത്.

(?)ദ്വീപുഡയറി പ്രതിനിധി- ഡോ.സാദിഖിന്റെ രാഷ്ട്രീയ പ്രവേശനം താങ്കളുടെ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കില്ലേ‍‍?
പി.പി.മുഹമ്മദ് ഫൈസല്‍- ഒരിക്കലുമില്ല. ഡോ.സാദിഖിന്റെ വരവ് ഞങ്ങളെ ഒരു നിലക്കും ബാധിക്കില്ല. ഞാന്‍ കാരണ സഹിതം പറയാം. 2014 ല്‍ ഡോ.സാദിഖ് പരസ്യമായി രംഗത്ത് വന്നില്ലെങ്കിലും പാര്‍ട്ടിക്കതിരെ നിലനിന്ന വ്യക്തിയാണ്. അന്നുതന്നെ ഡോക്ടര്‍ സാദിഖ് വിഭാഗത്തിലുള്ള 200- 250 വോട്ടുകള്‍ ഹംദുള്ളാ സഈദിന് ചെയ്തിട്ടുണ്ട്. 1200 ഓളം വോട്ടുകള്‍ പ്രതീക്ഷിച്ച കല്‍പേനിയില്‍ നിന്ന് 1007 വോട്ടുകളാണ് അന്ന് കിട്ടിയത്. ഈ വോട്ടുകളെല്ലാം തന്നെ 2014 ല്‍ മറുകണ്ടം ചാടിയ വോട്ടുകളാണ്. ഇപ്പോളുള്ള ഒരു അഡ്വാന്‍ടേജ് ആ വോട്ടുകള്‍ ഇപ്പോള്‍ ഹംദുള്ളാ സഈദിനല്ല മറിച്ച് ഡോ.സാദിഖിന് ലഭിക്കുമെന്നുള്ളതാണ്. അത് എന്‍‌.സി.പി ക്ക് കൂടുതല്‍ നേട്ടമാകും. കല്‍പേനിയെ സംബന്ധിച്ചടുത്തോളം പാര്‍ട്ടി സുശക്തമാണ്. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ ഡോ.സാദിഖ് കോണ്‍ഗ്രസ്സിനനുകൂലമായ നിലപാട് സ്വീകരിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതോടെ കല്‍പേനിയില്‍ നിന്നുള്ള എല്ലാ പിന്തുണയും സാദിഖിന് നഷ്ടപ്പെട്ടിരിക്കുകയാണ്.

(?)ദ്വീപുഡയറി പ്രതിനിധി- ഡോക്ട്ര‍ കോയാ സാഹിബ് ഒരിക്കല്‍ പോലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത പാര്‍ട്ടിയായ എന്‍.സി.പിയിലാണ് താങ്കള്‍. ഡോക്ടറുടെ സ്വന്തം പാര്‍ട്ടിയായ ജെ.ഡി.യുവിലാണ് ഡോ.സാദിഖ്. അപ്പോള്‍ അദ്ദേഹത്തിന്റെ ഫോട്ടോ വെച്ചുള്ള പ്രചരണം തെറ്റല്ലേ?
പി.പി.മുഹമ്മദ് ഫൈസല്‍- (ചിരിക്കുന്നു). എന്നെയും എന്‍.സി.പി പ്രസിഡന്റിനെതിരെയും ഡോ.സാദിഖ് മുന്‍സിഫ് കോടതിയില്‍ കേസ് കൊടുത്തു. ആന്ത്രോത്ത് കോടതി വാദം കേട്ടതിന് ശേഷം ഡോ. സാദിഖിന്റെ വാദം തെറ്റാണെന്ന് വിധിക്കുന്നു. കാരണം ഒരു പ്രസ്ഥാനത്തിന്റെ നേതാവ് എന്നത് സ്വന്തം ബാപ്പ എന്ന നിലക്ക് ഒതുക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഇപ്പോള്‍ ഗാന്ധിജിയുടെ മക്കള്‍ വന്ന് പറയുന്നു അദ്ദേഹത്തിന്റെ ഫോട്ടോ ഒരു നിലക്കും ഉപയോഗിക്കാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം. എന്ന് മാത്രമല്ല ഡോക്ടര്‍ കോയാ സാഹിബ് ഒരു പാര്‍ട്ടിയില്‍ മാത്രം നിന്നയാളല്ല. അദ്ദേഹം എല്‍.വി.എസി ല്‍ പ്രവര്‍ത്തിച്ച് സമതാ പാര്‍ട്ടിയിലായി. ജനത ദള്ളില്‍ പ്രവര്‍ച്ചിട്ടുണ്ട്. അപ്പോള്‍ ഇതെല്ലാം ഡോക്ടര്‍ ബംബന്റെ പാര്‍ട്ടിയല്ലേ‍? ഡോ.സാദിഖിനോട് ചോദിക്കേണ്ട പ്രധാന ചോദ്യം ഡോക്ടര്‍ ബംബന്‍ പ്രവര്‍ത്തിക്കാത്ത എന്‍.സി.പിയുടെ നാഷണല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഡോ.സാദിഖ്. ജില്ലാ പഞ്ചായത്തിലേക്ക് എന്‍.സി.പിയുടെ ബാനറില്‍ മത്സരിച്ച് ജയിച്ച വ്യക്തിയാണ് ഡോ.സാദിഖ്. അന്നൊന്നുമില്ലാത്ത ആരോപണവുമായി ഇപ്പോള്‍ കടന്നു വന്നാല്‍ അതൊന്നും ജനങ്ങള്‍ അംഗീകരിക്കാന്‍ പോവുന്നില്ല.

(?)ദ്വീപുഡയറി പ്രതിനിധി- ഒരു സ്ഥിരമായ പാര്‍ട്ടിയില്‍ നില്‍ക്കാതെ തുടര്‍ച്ചയായി പാര്‍ട്ടി മാറിക്കൊണ്ടിരിക്കുന്ന പക്ഷത്താണ് താങ്കളുള്ളത്. ഈ അവസ്ഥയെ എങ്ങനെ ന്യായീകരിക്കും?
പി.പി.മുഹമ്മദ് ഫൈസല്‍- ന്യായീകരണമല്ല. നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം ഡോ.കോയാ സാഹിബ് എപ്പോള്‍ പാര്‍ട്ടി മാറുമ്പോഴും അദ്ദേഹം ഒറ്റക്കല്ല, മറിച്ച് ഒരു വിഭാഗം ജനങ്ങള്‍ മൊത്തമാണ് മാറുന്നത്. ലക്ഷദ്വീപിന്റെ പൊതുവായ നേട്ടത്തിന് വേണ്ടി അങ്ങനെ ഒരു തീരുമാനമെടുക്കുമ്പോള്‍ ഒരാള്‍‌ പോലും വിട്ടുപോവാതെ എല്ലാവരും ഒറ്റക്കെട്ടായി മാറുമ്പോള്‍ പാര്‍ട്ടി എത്രത്തോളം സുശക്തമെന്നാണ് മനസ്സിലാക്കേണ്ടത്.

(?)ദ്വീപുഡയറി പ്രതിനിധി- ദ്വീപുഡയറി നേരത്തെ നടത്തിയ ഒരു അഭിമുഖത്തില്‍ മാസ് വിഷയം പരിഹരിക്കും എന്ന് പറയുന്നുണ്ട്. ഇപ്പോള്‍ ഈ തെരെഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ മുഴുവന്‍ തുകയും മത്സ്യ തൊഴിലാളികള്‍ക്ക് നല്‍കാന്‍ സാധിച്ചോ?
പി.പി.മുഹമ്മദ് ഫൈസല്‍- ഇല്ല. കൊടുക്കാന്‍ കഴിയാത്തതിന്റെ കാരണം 200 രൂപ കൊടുത്തതിന് ശേഷം അപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൊളംബോ മാര്‍ക്കറ്റ് മങ്ങിയതിനാലുംമറ്റും ഓരോ ഫിഷര്‍മാന്‍മാരും ഫെഡറേഷന്‍ പ്രസിഡന്റിന് എഴുതിക്കൊടുത്തത് തങ്ങള്‍ക്ക് ഇനി ഒരു 200 രൂപ കിട്ടിയാല്‍ നന്നായിരുന്നു എന്നാണ്. ഒരു തീരുമാനം എടുക്കാന്‍ വേണ്ടി പ്രസിഡന്റ് ബോര്‍ഡ് വിളിക്കുന്ന സമയത്തെല്ലാം കോണ്‍ഗ്രസ്സിന്റെ മൂന്ന് മെമ്പര്‍മാരും അതില്‍ പങ്കെടുക്കാതെ മാറി നിന്നിരുന്നു. ബോര്‍‍‍ഡില്‍ 9 മെമ്പര്‍മാരാണുള്ളത്.അതില്‍ 6 ഉം എന്‍.സി.പി മെമ്പര്‍മാരാണ്. കോണ്‍ഗ്രസ്സ് മെമ്പര്‍മാര്‍ എഴുതിക്കൊടുത്തിട്ടുണ്ട് പാര്‍ലമെന്റ് മെമ്പര്‍ പങ്കെടുക്കാത്തത് കൊണ്ടാണ് തങ്ങള്‍ പങ്കെടുക്കാത്തതെന്ന്. അപ്പോള്‍ അവരോട് പ്രസിഡന്റ് പറഞ്ഞു എം.പി അല്ല ഷെയര്‍ ചെയ്യുന്നത് പ്രസിഡന്റാണെന്ന്. അവര്‍ പങ്കെടുക്കാത്തത് കൊണ്ട് കോറം തികയാതെ പോയി. അതിന്റെ പിന്നിലുള്ള ചേതോവികാരം മറ്റൊന്നുമല്ല മത്സ്യ തൊഴിലാളികള്‍ക്ക് കൊടുക്കാനുള്ള ബാക്കി തുക കൊടുക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് അത് രാഷ്ട്രീയപരമായി അടിയായിരിക്കും എന്ന് മനസ്സിലാക്കിയാണ് അവര്‍ വിട്ട് നിന്നത്. പിന്നെ എലക്ഷന്‍ ഡ്യൂവായി. അതിനെ തുടര്‍ന്ന് വോട്ടര്‍ ലിസ്റ്റ് പബ്ലിഷ് ചെയ്തപ്പോള്‍ കവരത്തിയിലെ മുസ്തഫാ ഹാജി മരണപ്പെട്ട ഒഴിവിലേക്ക് പണ്ടാരിപ്പുര മുഹ്സിനേയും കടമത്തില്‍ നിന്നും കെ.എസ്.അബ്ദുള്ളാ കോയാനേയും ചേര്‍ത്തതിനെതിരെ കോണ്‍ഗ്രസ്സുകാര്‍ ഹൈക്കോടതിയിലേക്ക് കേസിനു പോയി. രജിസ്റ്റാര്‍ ഓഫീസില്‍ നിന്ന് വോട്ടര്‍ പട്ടിക തിരുത്താനുള്ള ശ്രമമുണ്ടായി. അങ്ങിനെ ഒരുപാട് നൂലാമാലകള്‍ അതിന് പുറകിലുണ്ടായി. പിന്നെ ബോര്‍ഡ് നിലവില്‍ വന്നു. പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തെരെഞ്ഞെടുക്കാനുള്ള മീറ്റിങ്ങില്‍ കോണ്‍ഗ്രസ്സ് മെമ്പര്‍മാര്‍ വാക്കൗട്ട് നടത്തി. അന്നും കോറം തികയാതെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കാനാവാതെ പിരിഞ്ഞു. ഗവ. നോമിനേറ്റഡ് മെമ്പര്‍മാര്‍ സാധാരണയോഗങ്ങളില്‍ പങ്കെടുക്കാറില്ലായിരുന്നു. അങ്ങനെ പ്രസിഡന്റല്ലാതെ രണ്ടരമാസം കടന്ന് പോയി. അങ്ങനെ വീണ്ടും നോട്ടീസ് കൊടുത്ത് വീണ്ടും ബോഡ് മീറ്റിങ്ങ് വിളിച്ചു. ഗവ. നോമിനേറ്റഡ് മെമ്പര്‍മാര്‍ നിര്‍ബന്ധമായും മീറ്റിങ്ങില്‍ പങ്കെടുക്കണമെന്ന് കാണിച്ച് കൊണ്ടായിരുന്നു ആ നോട്ടീസ്. അതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ നടന്ന മീറ്റിങ്ങില്‍ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തെരെഞ്ഞെടുത്തു. ബോര്‍ഡിന്റെ ആദ്യ മീറ്റിങ്ങ് ഫെബ്രുവരി 28 ന് നടന്നു. ഈ മീറ്റിങ്ങിലും കോണ്‍ഗ്രസ്സിലെ മെമ്പര്‍മാര്‍ പങ്കെടുത്തില്ല. ആ മീറ്റിങ്ങില്‍ നോമിനേറ്റഡ് മെമ്പര്‍മാര്‍ പങ്കെടുത്തത് കൊണ്ട് മത്സ്യ തൊഴിലാളികള്‍ക്ക് വീണ്ടും ഒരു 200 രൂപ കൂടി കൊടുക്കാനുള്ള തീരുമാനം എടുക്കാനായി. ഇക്കാര്യത്തില്‍ ഇത്രയും താമസം വരുത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കോണ്‍ഗ്രസ്സുകാര്‍ക്കാണ്. അതിമാത്രമല്ല, ഫെഡറേഷന്‍കാര്‍ ലക്ഷദ്വീപിലെ എല്ലാ മാസും പ്രോക്യൂര്‍ ചെയ്താല്‍ മറ്റാര്‍ക്കും ദ്വീപില്‍നിന്ന് മാസെടുക്കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ നമ്മുടെ മാസിന് നല്ല വില കിട്ടും എന്ന് കണ്ടാണ് ഫെഡറേഷനെകൊണ്ട് മാസെടുപ്പിച്ചത്. അങ്ങിനെ വന്നാല്‍ അതിന്റെ മുഴുവന്‍ നിയന്ത്രണവും എല്‍.സി.എം.എഫ് ന്റെ കയ്യില്‍ വന്ന് ചേരും. മത്സ്യ തൊഴിലാളികള്‍ക്ക് ബാക്കി 200രൂപ കൊടുക്കാന്‍ ഫണ്ട് ജനറേറ്റ് ചെയ്യാന്‍ ബാങ്കില്‍ നിന്നും മൂന്നരക്കോടിയോളം രൂപ ഓഡി എടുക്കാനുള്ള തീരുമാനം ആയി കഴിഞ്ഞു.

(?)ദ്വീപുഡയറി പ്രതിനിധി- ഈ പൈസ എപ്പോള്‍ മത്സ്യ തൊഴിലാളികളുടെ കയ്യിലെത്തും?
പി.പി.മുഹമ്മദ് ഫൈസല്‍- മത്സ്യ തൊഴിലാളികള്‍ക്ക് വീണ്ടും 200രൂപ നല്‍കാനുള്ള എല്ലാ കടലാസും ശരിയായി കഴിഞ്ഞു. ബാങ്കില്‍ എല്ലാം ശരിയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവില്‍ വന്നത് കൊണ്ടാണ് തടസ്സം വന്നത്. എല്‍.സി.എം.എഫ് ഇപ്പോള്‍ ഭരിച്ച് കൊണ്ടിരിക്കുന്നത് എന്‍.സി.പി ബോഡിയാണ്. അത് കൊണ്ട് ഈ തീരുമാനത്തിന് യാതൊരു മാറ്റവുമുണ്ടാകില്ല. മത്സ്യ തൊഴിലാളികള്‍ക്ക് ഈ പൈസ കൊടുക്കും.

(?)ദ്വീപുഡയറി പ്രതിനിധി- മാസുമായി ബന്ധപ്പെട്ട് ആദ്യം കൊടുത്ത തുക അമാല്‍ക്കം ഗ്രൂപ്പ് ബാങ്കിലേക്ക് കൊടുത്ത ഒരു കോടിയുടെ LC വെച്ചാണ് നല്‍കിയത്. ഇപ്പോള്‍‌ LCMF ബാങ്കില്‍ നിന്നും ഓഡി എടുത്ത് നല്‍കുന്നു. അപ്പോള്‍ മാസ് ഒരു നഷ്ട കച്ചവടമായിരുന്നു - അല്ലേ? പി.പി.മുഹമ്മദ് ഫൈസല്‍- ഇവിടെ ഫെഡറേഷന്റെ ബാധ്യതയേക്കുറിച്ചല്ല നമ്മുടെ ചര്‍ച്ച. മറിച്ച് നമ്മുടെ ഫിഷര്‍മാന്‍മാര്‍ക്ക് കൊടുത്ത വാഗ്ദാനം പാലിക്കുക എന്നതാണല്ലോ? ഫെഡറേഷന്‍ പല കച്ചവടങ്ങളും ചെയ്യുന്നുണ്ട്. അത് ചിലപ്പോള്‍ ലാഭമാകാം ചിലപ്പോള്‍ നഷ്ടവും. അതൊന്നുമല്ല നമ്മുടെ വിഷയം. കൊപ്ര സ്ഥിരമായി എടുക്കുന്നത് പോലെയുള്ള ഒരു സംവിധാനത്തിന് വേണ്ടിയാണ് ശ്രമിച്ചത്. അതിനെ അട്ടിമറിക്കാനും ഫിഷര്‍മാന്‍മാര്‍ക്ക് അതിന്റെ ആനുകൂല്യം കിട്ടരുതെന്ന രീതിയിലാണ് കോണ്‍ഗ്രസ്സിന്റെ സമുന്നതരായ നേതാക്കള്‍ പോലും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. പല ഏജന്‍സികള്‍ക്കും ഇവര്‍ കംപ്ലേയ്ന്റ് കൊടുത്തിട്ടുണ്ട്. അതിന്റെ തെളിവുകളെല്ലാമുണ്ട്.

(?)ദ്വീപുഡയറി പ്രതിനിധി- ഫെഡറേഷന്‍ ശ്രീലങ്കന്‍ ബയ്യര്‍ ഫെര്‍ണാണ്ടോയ്ക്ക് കൊടുത്ത 10 മെട്രിക് ടണ്‍ മാസിന്റെ വില ഇതുവരെയായി കൊച്ചിയിലെ അമാല്‍ക്കം ഗ്രൂപ്പിന് കിട്ടിയില്ലല്ലോ?
പി.പി.മുഹമ്മദ് ഫൈസല്‍- ആ പൈസ അമാല്‍ക്കം ഗ്രൂപ്പിന് കിട്ടിയില്ല എന്നത് നമ്മുടെ വിഷയമല്ല. അമാല്‍ക്കം ഗ്രൂപ്പും ബയ്യറും തമ്മില്‍ പ്രശ്നമുണ്ടോ എന്നത് അവര്‍ തമ്മിലുള്ള വിഷയമാണ്. അവര്‍ക്ക് പൈസ കിട്ടിയില്ല എന്നുള്ളത് അവരെ ബാധിക്കുന്ന കാര്യങ്ങളാണ്.
(?)ദ്വീപുഡയറി പ്രതിനിധി- ഇവിടെ പ്രാധാന്യമുള്ള ഒരു ആരോപണമുണ്ട്. താങ്കളുടെ കസിനായ റാസിയാണ് എല്ലാ ദ്വീപിലും പോയി ബയ്യറുടെ ആളെന്ന നിലക്ക് മാസ് സംഭരിച്ചത്. അമാല്‍ക്കം ഗ്രൂപ്പുമായി ഞങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ എം.പി നേരിട്ട് ഇടപ്പെട്ടത് കൊണ്ടാണ് തങ്ങള്‍ ഇതില്‍ ഇടപ്പെട്ടതെന്നും പറയുന്നുണ്ട്. താങ്കള്‍ പാരമ്പര്യമായ കച്ചവട കണ്ണിലൂടെ ഇടപെടുകയും മാസ് വിഷയത്തില്‍ താങ്കളും കുടുംബവും ലാഭമുണ്ടാക്കി എന്ന ഒരു ആരോപണം നിലനില്‍ക്കുന്നുണ്ട്. ശരിയാണോ?
പി.പി.മുഹമ്മദ് ഫൈസല്‍- അത് വെറും ആരോപണം മാത്രമാണ്. മാസ് സംഭരിച്ചിരിക്കുന്നത് സുതാര്യമായിട്ടാണ്. എല്‍.സി.എം.എഫ് ഓരോ ദ്വീപിലുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും നാഫെഡ് കൊപ്ര സംഭരിക്കുന്നത് പോലെ തന്നെയാണ് സംഭരിച്ചിരിക്കുന്നത്. ഇതിന്റെ എല്ലാ നീക്കുപോക്കിലും ലിഖിതമായ ഡോക്യുമെന്റുകളുണ്ട്. ഏത് ഏജന്‍സിയെകൊണ്ടും സുതാര്യമായി അന്വേഷിക്കാവുന്നതാണ്. ഞാനോ എന്റെ കുടുംബമോ പാര്‍ട്ടിയിലുള്ള ആരെങ്കിലുമോ ഇതിന്റെ പേരില്‍ ഒരു നയാ പൈസ കൈപറ്റിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ല. ഞാന്‍ അതിനെ വെല്ലുവിളിക്കുന്നു. അത്പോലെ എല്‍.സി.എം.എഫ് മുഖാന്തിരം ഫിഷര്‍മാന്‍മാര്‍ ഉടമ്പടി കരാറുണ്ടാക്കിയാണ് മാസ് കൊടുത്തിരിക്കുന്നത്. ഇങ്ങനെ സംഭരണം നടത്തിയത് ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ്. അല്ലെന്ന് പറയാന്‍ ആര്‍ക്കുമാവില്ല. ആ കരാറാണ് മത്സ്യതൊഴിലാളികള്‍ക്ക് സുരക്ഷിതത്വമായി മാറുന്നത്.

(?)ദ്വീപുഡയറി പ്രതിനിധി- മാസ് സംഭരണം നല്ലൊരു സംരംഭമായിരുന്നു. പക്ഷെ അത് പരാജയമായിപ്പോയി എന്നതാണ് വലിയൊരു ദുരന്തം അല്ലേ?
പി.പി.മുഹമ്മദ് ഫൈസല്‍- അതല്ല. നമ്മള്‍ ഫിഷര്‍മാന്‍മാരുടെ വലിയൊരു നേട്ടത്തിന് വേണ്ടിയാണ് ശ്രമിച്ചത്. LCMF ന് ലാബല്‍ പീസ ഉണ്ടാവുമ്പോള്‍ അവര്‍ അത് പല നിലക്കും പരിഹരിക്കും. അവര്‍ക്ക് പല കച്ചവടങ്ങളുമുണ്ട്. നേരത്തെ അങ്ങനെ പല നിലക്കും സംഭവിച്ചിട്ടുണ്ട് അത് മാത്രമല്ല ഇപ്പോള്‍ പിടിക്കുന്ന മീനുകള്‍ മാസാക്കാതെ നേരിട്ട് പച്ച മീനായിട്ട് തന്നെ കൊടുക്കാനുള്ള സംവിധാനങ്ങള്‍ വന്നു കഴിഞ്ഞു. ഇപ്പോള്‍ ബോട്ടുകള്‍ വന്ന് മീനുകള്‍ വാങ്ങിപ്പോവുകയാണ് ചെയ്യുന്നത്.
(?)ദ്വീപുഡയറി പ്രതിനിധി- ബി ഫോം ദുരുപയോഗം ചെയ്ത കേസില്‍ താങ്കള്‍ പ്രതിയാണ്. അത് കഴിഞ്ഞ് തെരെഞ്ഞെടുപ്പുകാലത്തെ ഒരു പ്രധാന വിഷയവുമായിരുന്നു. എന്താണ് കേസില്‍ പ്രതിയായ ഒരാള്‍ പൊതുമേഖലയിലേക്ക് വരുമ്പോഴുള്ള അസ്വാവാഭികത‍‍?
പി.പി.മുഹമ്മദ് ഫൈസല്‍- അത് കഴിഞ്ഞ തെരെഞ്ഞെടുപ്പ് കാലത്ത് വേണ്ടുവോളം ചര്‍ച്ച ചെയ്ത വിഷയമാണല്ലോ? അന്ന് അത്രയെല്ലാം ചര്‍ച്ച ചെയ്തിട്ടും ലക്ഷദ്വീപ് ജനങ്ങള്‍ വിശ്വാസത അര്‍പ്പിച്ചത് കൊണ്ടാണല്ലോ ഞാന്‍ തെരെഞ്ഞെടുക്കപ്പെട്ടത്. മാത്രമല്ല അത് ബി ഫോമല്ല ഡീ ഫോമാണ്. അതായത് ലക്ഷദ്വീപിലേക്ക് കൊണ്ട് പോവുന്ന സാധനങ്ങള്‍ക്ക് കേരളാ സര്‍ക്കാര്‍ നല്‍കുന്ന ഒരു ടാക്സ്. ഇപ്പോഴും സുതാര്യമായി കച്ചവടം ചെയ്ത് കൊണ്ടിരിക്കുന്നയാളാണ് ഞാന്‍. അതിന് എല്ലാ പേപ്പറുകളും സുതാര്യമാണ്. അതുപോലെ അതില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ ഒഴിവാക്കാന്‍ വേണ്ടി കോടതി പറഞ്ഞിരിക്കുകയാണ്. അത് 2014 ല്‍ ചര്‍ച്ച ചെയ്ത് ജനങ്ങള്‍ തള്ളിക്കളഞ്ഞ കാര്യം ഇപ്പോള്‍ തീരെ പ്രസക്തമല്ല. കേസാണെങ്കില്‍ വിധി വരുന്നത് വരെ അത് ആരോപണം മാത്രമാണ്. നിങ്ങളുടെ മേലിലും എനിക്ക് വേണമെങ്കില്‍ കേസ് കൊടുക്കാം. അപ്പോള്‍ നിങ്ങള്‍ കുറ്റക്കാരനാവുന്നില്ലല്ലോ? കോടതി വിധി വന്ന് കഴിഞ്ഞ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മാത്രമാണ് ഒരാള്‍ കുറ്റക്കാരനാവുന്നത്.

(?)ദ്വീപുഡയറി പ്രതിനിധി- പി.എം.സഈദ് സാഹിബ്, ഡോ.പൂക്കുഞ്ഞിക്കോയാ സാഹിബ്, ഹംദുള്ളാ സഈദ് സാഹിബ് ഇവരുടെ കാലത്തെല്ലാം വര്‍ദ്ധിപ്പിച്ചും നില നിര്‍ത്തിയും പോന്ന MBBS സീറ്റ് 13 ല്‍ എത്തിയത് ഇപ്പോള്‍ ഒന്നില്‍ എത്തി നില്‍ക്കുന്നു? ഒരു മെഡിക്കല്‍ സീറ്റ് പോലും നില നിര്‍ത്താനാ‍ സാധിക്കാത്തയാളാണോ താങ്കള്‍ എന്ന പ്രതിപക്ഷ ചോദ്യത്തെ എങ്ങനെ നേരിടുന്നു?
പി.പി.മുഹമ്മദ് ഫൈസല്‍- 2013 ലാണ് ആ കേസ് സുപ്രീം കോടതിയില്‍ നടക്കുന്നത്. അന്ന് ഞാന്‍ പാര്‍ലമെന്റ് മെമ്പറല്ല. ഡെല്‍ഹിയിലുള്ള രണ്ട് കുട്ടികള്‍ക്ക് മെഡിക്കല്‍ സീറ്റ് നിഷേധിച്ചപ്പോള്‍ അവര്‍ കേസിന് പോയി. സെന്‍ട്രല്‍ പൂള്‍ സീറ്റുകള്‍ ദുര്‍വിനിയോഗം ചെയ്യുന്നു എന്നു കാണിച്ചായിരുന്നു കേസ്. ഈ കേസില്‍ അന്നത്തെ പാര്‍ലമന്റ് മെമ്പറായിരുന്ന സുപ്രീംകോടതിയില്‍ പ്രവര്‍ത്തിച്ച് പരിചയം ഉണ്ടെന്ന് പറയുന്ന ഹംദുള്ളാ സഈദ് സാഹിബ് അതിലിടപെടുകയോ ലക്ഷദ്വീപ് ഗവ.മെന്റ് കേസില്‍ കക്ഷി ചേരുകയോ കേസ് നടത്താനോ ശ്രമിച്ചില്ല. ലക്ഷദ്വീപിന്റെ പ്രത്യേക സാഹചര്യങ്ങളും മറ്റും കോടതിയുടെ മുന്നില്‍ കൊണ്ട് വരേണ്ടായിരുന്നു. അങ്ങനെ കൊണ്ട് വരാത്തതിനാല്‍ കോടതി ഒരു പരാമര്‍ശം നടത്തി. ഇങ്ങനെയുള്ള സെന്‍ട്രല്‍പൂളുകള്‍ ഓരോ വര്‍ഷവും കുറച്ച് കൊണ്ട് വരണം. അങ്ങനെയാണ് സീറ്റുകള്‍ കുറഞ്ഞത്. ഞാന്‍ സീറ്റുകള്‍ നഷ്ടപ്പെടുത്തി എന്ന് അവര്‍ പറയുന്നു, നമ്മുടെ സീറ്റുകള്‍ പുന:സ്ഥാപിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തി. ആദ്യമായി ലക്ഷദ്വീപിലേക്ക് പുറമെ നിന്നുള്ള ഡോക്ടര്‍മാര്‍ ജോലിചെയ്യാന്‍ വരാത്തതും അത്കൊണ്ട് ദ്വീപില്‍ നിന്ന് തന്നെ ഡോക്ടര്‍മാര്‍ ഉണ്ടാവണമെന്നും ദ്വീപിന്റെ മറ്റ് അവസ്ഥകളും കാണിച്ച് കൊണ്ട് പാര്‍ലമെന്ററി കമ്മിറ്റിയില്‍ ഈ വിഷയം അവതരിപ്പിച്ചു. ഹോംമിനിസ്ട്രി അഡ്വൈസറി കമ്മിറ്റിയില്‍ വെച്ചു. അതിനെ തുടര്‍ന്ന് അഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ ഡി.ഓ ലെറ്റര്‍ ഹെല്‍ത്ത് മിനിസ്ട്രിക്ക് കൊടുക്കുന്നു. അതുപോലെ പാര്‍ലമെന്റ് കമ്മിറ്റിയിലെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയിലുള്ള എം.പിമാര്‍ അവരുടെ റക്കമെന്‍ഡേഷനോടെ ഇത് പാര്‍ലമന്റിന്റെ ടാബിള്‍ ഹൗസിലേക്ക് വെച്ചു. അതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത പ്രദേശങ്ങള്‍ക്ക് സീറ്റുകള്‍ അനുവധിക്കാനുള്ള എല്ലാ നടപടികളും നടന്ന് കഴിഞ്ഞു. അടുത്ത തവണ സീറ്റുകള്‍ നമുക്ക പുന:സ്ഥാപിക്കാനാവും. ഞാന്‍ എം.പി ആവുമ്പോഴേക്കും സുപ്രിം കോടതിയുടെ നിരീക്ഷണം വന്ന് കഴിഞ്ഞു. അന്ന് ഹംദുള്ളാ സഈദ് സാഹിബ് ക്രിയാത്മകമായി ഇടപെട്ടിരുന്നു എങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.

(?)ദ്വീപുഡയറി പ്രതിനിധി- പഞ്ചസാരയും മണ്ണെണ്ണയും പോലും നില നിര്‍ത്താന്‍ കഴിയാത്ത എം.പിയാണെന്നുള്ള ആരോപണത്തെ താങ്കള്‍ എങ്ങനെ പ്രതിരോധിക്കുന്നു? പി.പി.മുഹമ്മദ് ഫൈസല്‍- മണ്ണെണ്ണ എവിടേയും നഷ്ടപ്പെട്ടിട്ടില്ല. ഗ്യാസ് ഉള്ള സ്ഥലങ്ങളില്‍ മണ്ണെണ്ണ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ദ്വീപിലെല്ലാ സ്ഥലത്തും എല്‍‌.പി.ജി ഗ്യാസ് കണക്ഷന്‍ ആയിട്ടില്ലെന്നും ദ്വീപിന്റെ പ്രത്യേക സാഹചര്യങ്ങളും കാണിച്ചപ്പോള്‍ അത് പുന:സ്ഥാപിക്കാനായി. കേന്ദ്ര സര്‍ക്കാരിന്റെ ഒരു പോളിസിയുടെ ഭാഗമായിട്ടാണ് പഞ്ചസാര നഷ്ടമായത്. അത് ഇന്ത്യയൊട്ടുക്കും ബാധിച്ച ഒരു പ്രശ്നമാണ്. അന്ത്യോദയ (AIY) കാര്‍ക്ക് മാത്രം പഞ്ചസാര കൊടുക്കാനായിരുന്നു തീരുമാനം. ഇതും മെഡിക്കല്‍ സീറ്റിന്റെ കാര്യം ചെയ്തത് പോലെ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയും വെറും രണ്ടരക്കോടി രൂപ മാത്രമാണ് ഇതിനായി ചെലവ് വരുന്നതെന്നും ലക്ഷദ്വീപ് സര്‍ക്കാരിന് വഹിക്കാന്‍ കഴിയുമെന്നും ബോധ്യപ്പെടുത്തുകയും ചെയ്തു. അക്കാര്യം അനുകൂലമായി തീരുമാനമായിട്ടുണ്ട്.

രണ്ടാം ഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യുക.

മുഴുവന്‍ ഭാഗവും pdf രുപത്തില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY