DweepDiary.com | ABOUT US | Tuesday, 23 April 2024

പി.പി.മുഹമ്മദ് ഫൈസല്‍ - ഇന്റർവ്യൂ - രണ്ടാം ഭാഗം

In interview Special Feature Article BY Admin On 08 April 2019
(?)ദ്വീപുഡയറി പ്രതിനിധി- സ്വാതന്ത്ര്യം കിട്ടി അര നൂറ്റാണ്ട് കഴിഞ്ഞിട്ടും നമ്മള്‍ ഇന്നും ഏകാധിപത്യ ഭരണത്തിന്‍ കീഴിലാണ്. ജനാധിപത്യ സംവിധാനങ്ങളായ പഞ്ചായത്ത് സ്ഥാപനങ്ങള്‍ വെറും നോക്കുകുത്തികളായി നില്‍ക്കുന്നു. ഇതിന് ഒരു മാറ്റം വേണ്ടേ?
പി.പി.മുഹമ്മദ് ഫൈസല്‍- അങ്ങനെ ഒരു സംവിധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. അക്കാര്യം ഞാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും എം.പിമാരുടെ ഒപ്പ് ശേഖരിച്ച് സ്പീക്കര്‍ക്ക് സമര്‍പ്പിച്ചതിന്റെ ഭാഗമായിട്ടാണ് നമുക്കൊരു ഉദ്യോഗസ്ഥനല്ലാത്ത അഡ്മിനിസ്ട്രേറ്റര്‍ വന്നത്. ഇപ്പോള്‍ വന്നത് ഒരു പൊളിറ്റിക്കല്‍ നോമിനിയാണ്. ദ്വീപിലെ കാര്യങ്ങള്‍ ജനങ്ങളാല്‍ തെരെഞ്ഞെടുക്കുന്ന സഭകള്‍ തീരുമാനിക്കണം. നമ്മുടെ ജനപ്രതിനിധികള്‍ക്ക് അവരുടെ സ്റ്റാറ്റസ് നല്‍കണം എന്ന് തന്നെയാണ് നാം ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. അതിന്റെ ശ്രമം തുടങ്ങിക്കഴിഞ്ഞു. അതിന് വേണ്ടി പരിശ്രമിച്ച് കൊണ്ടിരിക്കും.


(?)ദ്വീപുഡയറി പ്രതിനിധി- നമുക്കൊരു വിദ്യാഭ്യാസ പോളിസിയില്ല. സ്വന്തമായൊരു സിലബസില്ല. ഇതൊന്നും നമുക്ക് വേണ്ടേ?
പി.പി.മുഹമ്മദ് ഫൈസല്‍- സ്വയം പര്യാപ്തമായ ലക്ഷദ്വീപ് എന്ന സ്വപ്നത്തോട് ചേര്‍ത്ത് വെക്കുന്ന ഒരു കാര്യമാണ് ലക്ഷദ്വീപിന് സ്വന്തമായൊരു വിദ്യാഭ്യാസ ബോര്‍ഡ്. നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പഠിച്ച് കൊണ്ടിരിക്കുന്നത് സി.ബി.എസ്.ഇ യും മറ്റും അടിച്ചിറക്കുന്ന പുസ്തകങ്ങളാണ്. കേരളാ വിദ്യാഭ്യാസ ബോര്‍ഡിന്റെ താഴെയാണ് നമ്മളിപ്പോഴും. നമ്മുടെ നാടിന്റെ ചുറ്റുപാടുകളെക്കുറിച്ചൊന്നുമറിയാതെയാണ് നമ്മുടെ വിദ്യാഭ്യാസം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇത് പ്രകടനപത്രികയിലുള്‍പ്പെടുത്തി അതിനായി പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനം.


(?)ദ്വീപുഡയറി പ്രതിനിധി- കല്‍പേനിയിലെ ഡോക്ടര്‍ കെ.കെ.മുഹമ്മദ് കോയാ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ നാമകരണം താങ്കളുടെ കാലത്താണോ?
പി.പി.മുഹമ്മദ് ഫൈസല്‍- ശരിയാണ്. ഡോ.പി.പി.കോയാ സാഹിബിന്റെ കാലത്ത് സെല്‍വരാജ് അഡ്മിനിസ്ട്രേറ്റര്‍ കല്‍പേനി ദ്വീപ് സന്ദര്‍ശിച്ചതിന്റെ ഭാഗമായി സ്കൂളിന്റെ പേര് പബ്ലിക് സ്റ്റേജില്‍ വെച്ച് പ്രഖ്യാപിച്ചതല്ലാതെ അതിന്റെ ഒരു നോട്ടിഫിക്കേഷനോ മറ്റ് പേപ്പറുകളോ ഒന്നും നടത്തിയിരുന്നില്ല. 2014 ന് ശേഷമാണ് അതിന്റെ പേപ്പറുകളെല്ലാം ശരിയാക്കി ഔദ്യോഗികമായി അംഗീകരിച്ചത്.


(?)ദ്വീപുഡയറി പ്രതിനിധി- കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ താങ്കളുടെ പാര്‍ട്ടിയുടെ ഭാഗത്തില്‍ നിന്നുള്ള പ്രധാന ആരോപണമായിരുന്നു സഈദ് സാഹിബും ഹംദുള്ളാ സഈദും ജയിച്ച് കഴിഞ്ഞാല്‍ ഡല്‍ഹിയില്‍ പോയി താമസിക്കുകയും ദ്വീപുകാരെ തിരിഞ്ഞ് നോക്കാറുമില്ല എന്നുള്ളത്. എന്നാല്‍ താങ്കളും കുടുംബസമേതം ഡല്‍ഹിയിലേക്ക് ചേക്കേറിയ ആളല്ലേ?
പി.പി.മുഹമ്മദ് ഫൈസല്‍- ദ്വീപിലുണ്ടാവാതെ മുഴുവന്‍ സമയവും ഡല്‍ഹിയില്‍ പോയി താമസിക്കുന്നു എന്നാണ് ഞങ്ങള്‍ പറഞ്ഞത്. കുടുംബത്തെ അവിടെ കൊണ്ടുപോയി താമസിപ്പിച്ചു എന്നതല്ല. പാര്‍ലമെന്റ് കൂടുന്ന സമയത്തല്ലാത്ത മറ്റ് സമയങ്ങളില്‍ മുഴുവനും അവര്‍ തെരെഞ്ഞെടുത്ത ആളെന്ന നിലക്ക് ദ്വീപിലുണ്ടാവുകയും അവര്‍ക്ക് തൊട്ടറിയാന്‍ കഴിയുകയും ചെയ്യുക എന്നതാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. ഞാനങ്ങിനെയായിരുന്നു.


(?)ദ്വീപുഡയറി പ്രതിനിധി- ലക്ഷദ്വീപിന്റെ പ്രത്യേക പദവിയായ 1967- ലെ ആക്ടിനെതിരെ നേരേ ചൊവ്വേ പാര്‍ലമെന്റ് മെമ്പര്‍മാര്‍ക്ക് പോലും ദ്വീപില്‍ പോകാന്‍ കഴിയില്ല എന്ന് പറഞ്ഞ് എന്‍ട്രി പെര്‍മിറ്റിനെതിരെ പാര്‍ലമെന്റില്‍ സംസാരിച്ചിരുന്നു എന്ന ആരോപണത്തെ എങ്ങനെ നേരിടുന്നു?
പി.പി.മുഹമ്മദ് ഫൈസല്‍- ഞാന്‍ പറഞ്ഞത് അതിനെ എതിര്‍ത്ത് കൊണ്ടല്ല. എന്‍ട്രീ പെര്‍മിറ്റ് എടുത്ത് കളയാനും പാടില്ല. കാരണം ലക്ഷദ്വീപ് പ്രത്യേക സംരക്ഷണ മേഖലയാണ്. എന്നാല്‍ ടൂറിസം വികസനത്തിന്റെ ഭാഗമായി എന്‍ട്രീ പെര്‍മിറ്റിന്റെ സംവിധാനത്തില്‍ എളുപ്പമാക്കുകയും ഒരു ഇന്ത്യന്‍ പൗരനെന്ന് തെളിയിക്കുന്ന പാസ്പോര്‍ട്ടോ മറ്റോ ഉണ്ടെങ്കില്‍ അത് പരിശോധിച്ച്കൊണ്ട് ലക്ഷദ്വീപിലേക്ക് വരാനുള്ള അനുമതി നല്‍കണം എന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ എന്‍ട്രി പെര്‍മിറ്റ് എടുത്ത് കളയാന്‍ ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല.


(?)ദ്വീപുഡയറി പ്രതിനിധി- പാര്‍ലമെന്റില്‍ എസ്.ടി, എസ്.സി പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെ പീഠനത്തിനെതിരെയുള്ള അക്രോസിറ്റി ബില്‍ അവതരിപ്പിക്കുന്ന സമയത്ത് ലക്ഷദ്വീപില്‍ മൂവ്വായിരത്തോളം എസ്.ടി കിട്ടാത്തവരുണ്ടെന്ന് താങ്കള്‍ പറയുന്നു. ആ അവസരത്തിലായിരുന്നോ അത് പറയേണ്ടിയിരുന്നത് എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?
പി.പി.മുഹമ്മദ് ഫൈസല്‍- അങ്ങനെയൊരവസരം കിട്ടിയപ്പോള്‍ അക്കാര്യം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നേ എന്നുള്ളു. അതിന് മുമ്പുതന്നെ ഇത്രയും ആളുകള്‍ ഓരോ ദ്വീപില്‍ നിന്നും ഇത്രയും കാലമായി ഞങ്ങള്‍ ഷെഡ്യൂള്‍ ട്രൈബ് സ്റ്റാറ്റസ് കിട്ടാത്തരാണെന്ന് കാണിച്ച് ട്രൈബല്‍ മിനിസ്ട്രിക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചത് എന്റെ റഫറന്‍സോടുകൂടിയായികരുന്നു. അത് വെച്ച് ട്രൈബല്‍ മിനിസ്ട്രി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോട് അഭിപ്രായം ചോദിച്ചു. ഈയൊരവസരം കൂടി കിട്ടിയപ്പോള്‍ പാര്‍ലമെന്റില്‍ ഇക്കാര്യം അവതരിപ്പിച്ചു. അപ്പോള്‍ ഒന്ന്കൂടി പാര്‍ലമെന്റ് അഡ്മിനിസ്ട്രേഷനോട് കമ്മാന്‍ഡ് ആവശ്യപ്പെട്ടു. ഓരോ അവസരം കിട്ടുമ്പോഴും ദ്വീപിന്റെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാനാണ് ഞാന്‍ ശ്രമിച്ചത്.


(?)ദ്വീപുഡയറി പ്രതിനിധി- വന്‍കരയില്‍ നിന്നും വിവാഹം കഴിക്കുന്ന മുന്നോക്ക ജാതിയില്‍ പെട്ടവര്‍ക്കും എസ്.ടി സ്റ്റാറ്റസ് കിട്ടിണമെന്നാണോ താങ്കള്‍ പറയുന്നത്?
പി.പി.മുഹമ്മദ് ഫൈസല്‍- അങ്ങനെയല്ല. വന്‍കരയില്‍ നിന്ന് വിവാഹം കഴിച്ച് സ്ഥിരമായി ദ്വീപില്‍ സ്ഥിരമായി താമസിക്കുന്നവരുടെ കുട്ടികള്‍‌ക്ക് കൊടുക്കണമെന്നാണ് പറയുന്നത്. 2009 ലെ അമന്റമെന്റില്‍ അക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ലക്ഷദ്വീപില്‍ സ്ഥിരമായ വീടുള്ള ദ്വീപിലെ സമൂഹം അംഗീകരിക്കുന്നവരുടെ കുട്ടികള്‍ക്ക് കൊടുക്കണമെന്നാണ് പറയുന്നത്. അത് ഏത് മതത്തില്‍പ്പെട്ടവരായാലും.


(?)ദ്വീപുഡയറി പ്രതിനിധി- താങ്കളുടെ പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥികളായ ഹംദുള്ളാ സഈദിനേയും ഡോ.സാദിഖിനേയും വ്യക്തിപരമായി എങ്ങിനെ വിലയിരുത്തുന്നു?
പി.പി.മുഹമ്മദ് ഫൈസല്‍- അവര്‍ രണ്ടു പേരെയും വ്യക്തിപരമായി നല്ലനിലയില്‍ തന്നെയാണ് ഞാന്‍ കാണുന്നത്. അവരുടെ പാര്‍ട്ടി അവരെ സ്ഥാനാര്‍ത്ഥികളായി കണ്ടിട്ടുണ്ടെങ്കില്‍ അവരില്‍ എന്തെങ്കിലും പ്രത്യേകതകള്‍ കണ്ടിരിക്കുമല്ലോ?. ഹംദുള്ളാ സഈദ് സാഹിബ് അഞ്ച് കൊല്ലം എം.പിയായിരുന്ന വ്യക്തിയാണ്. അവരെല്ലാം പൊതു പ്രവര്‍ത്തന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളാണ്. അവരെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്.

(?)ദ്വീപുഡയറി പ്രതിനിധി- ദ്വീപ് ഡയറി കഴിഞ്ഞ തെരെഞ്ഞെടുപ്പ് കാലത്തും അഭിമുഖം നടത്തിയിരുന്നു. ദ്വീപ് ഡയറിയെ താങ്കള്‍ നിരീക്ഷിക്കുന്നു എന്ന് കരുതുന്നു. എന്താണ് അഭിപ്രായം?
പി.പി.മുഹമ്മദ് ഫൈസല്‍- ദ്വീപ് ഡയറി ലക്ഷദ്വീപില്‍ നിഷ്പക്ഷമായ പത്രധര്‍മമാണ് നടത്തുന്നത്. അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

ഒന്നാം ഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യുക.

മുഴുവന്‍ ഭാഗവും pdf രുപത്തില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY