ഇസ്ലാം ലക്ഷദ്വീപില്‍ (ചെറിയ ദ്വീപിലെ ചെറിയ വിശേഷംങ്ങൾ -6)
ഇസ്ലാംമത വിശ്വാസികള്‍ മാത്രം സ്ഥിരവാസമാക്കിയിരിക്കുന്ന ഒരു പ്രദേശമാണ് ലക്ഷദ്വീപ്.ഉബൈദുല്ലാ തങ്ങള്‍ എന്ന ഒരു മഹാന്‍ അറേബ്യയില്‍ നിന്നും ,പ്രവാചകന്‍റെ സ്വപ്നനിര്‍ദ്ദേശം അനുസരിച്ച് ഒരു കപ്പലില്‍ കയറി യാത്രചെയ്യുകയും വഴിമധ്യേ കപ്പല്‍ തകര്‍ന്ന് അമിനി ദ്വീപില്‍ എത്തിപ്പെടുകയും ചെയ്തു.അവിടെ അദ്ദേഹം ഇസ്ലാം മത പ്രബോധനം ആരംഭിച്ചുവെങ്കിലും ഒരു സ്ത്രീ ഒഴികെ മറ്റാരും അത് സ്വീകരിച്ചില്ല എന്നു മാത്രമല്ല അദ്ദേഹത്തെ അവര്‍ അപായപ്പെടുത്താനും ശ്രമിച്ചു.ആ സ്ത്രീയെ വിവാഹം ചെയ്ത് അവരേയും കൂട്ടി അവിടെ നിന്നും രക്ഷപ്പെട്ട് അദ്ദേഹം ആന്ത്രോത്തില്‍ എത്തിച്ചേര്‍ന്നു.അവിടേയും എതിര്‍ക്കാന്‍ വന്നവരെതന്‍റെ ദിവ്യശക്തിയാല്‍ നേരിട്ട് മതപരിവര്‍ത്തനം സാധിച്ചെടുത്തു.അവിടെ പള്ളിയും, തനിക്കും കുടുംബത്തിനും താമസിക്കുവാനുള്ള വീടും പണികഴിപ്പിച്ചു.പിന്നീടദ്ദേഹം മറ്റു ദ്വീപുകളും സന്ദര്‍ശിച്ച് മതം പ്രചരിപ്പിക്കുകയും പള്ളികള്‍ പണിയുകയും ചെയ്തു.പിന്നീട് വീണ്ടും അമിനിയില്‍ എത്തിച്ചേര്‍ന്ന് മതം പ്രചരിപ്പിക്കുകയും പള്ളിപണിയുകയും ചെയ്തു.വിവരമറിഞ്ഞ് കടമം,കില്‍ത്തന്‍,ചെത്ത്ലാത്ത് ദ്വീപുകളില്‍ നിന്നും എത്തിച്ചേര്‍ന്നവര്‍ പുതിയ മതം സ്വീകരിക്കുകയും തിരിച്ചുപോയി അവരുടെ നാടുകളില്‍ പള്ളികള്‍ പണിയുകയും ചെയ്തു.ഈ വിശ്വാസമാണ് എല്ലാ ദ്വീപുകളിലും ഇന്നും നിലനിന്നുപോകുന്നത്.ഈ വിശ്വാസം ഫുതുഹാത്തുല്‍ ജസായിര്‍ പോലുള്ള ഏതെങ്കിലും കിത്താബുകളോ മറ്റേതെങ്കിലും കൃതികളോ വായിച്ച് നേടിയതല്ല.മറിച്ച് പരമ്പരാഗതമായി കൈമാറിവന്ന് എത്തിച്ചേര്‍ന്നതാണ്.
ഉബൈദുല്ലാ തങ്ങളേയും അദ്ദേഹത്തിന്‍റെ മതപ്രചരണത്തേയും സാധൂകരിക്കുന്ന അനേകം സ്മാരകങ്ങളും ശേഷിപ്പുകളും ഇന്നും നിലനില്‍ക്കുന്നുമുണ്ട്.ഉബൈദുല്ലാ തങ്ങളുടെ ദര്‍ഗ്ഗ,അദ്ദേഹം പണികഴിപ്പിച്ചതെന്ന് അറിയപ്പെടുന്ന ആന്ത്രോത്ത് ജുമാമസ്ജിദ്,മറ്റു ദ്വീപുകളില്‍ അദ്ദേഹം പണികഴിപ്പിച്ചതെന്ന് അറിയപ്പെടുന്ന പഴയ ജുമാമസ്ജിദുകള്‍,അദ്ദേഹത്തിന്‍റെ തറവാടെന്ന് അറിയപ്പെടുന്ന ആന്ത്രോത്ത് ദ്വീപിലെ പാട്ടകല്‍ തറവാട്.കണ്ടെത്തിക്കുന്ന്,ഇത്തേപ്പള്ളി, അദ്ദേഹത്തിന്‍റെ പേരില്‍ എഴുതപ്പെട്ട മാലപ്പാട്ടുകള്‍,മൗലൂദ്,നാടന്‍പാട്ടുകള്‍,കെസ്സുപാട്ടുകള്‍,വര്‍ഷംതോറും അദ്ദേത്തിന്‍റെ പേരില്‍ നടത്തിവരുന്ന ആണ്ട് നേര്‍ച്ച,ഇതെല്ലാം ഉബൈദുല്ലാ എന്ന ഒരു പുണ്യപുരുഷന്‍റെ സാന്നിദ്ധ്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്.ഈ വിശ്വാസമാണ് ഇന്നോളം ഇവിടെ നിലനിന്നുപോരുന്നത്.മാത്രമല്ല ദ്വീപുമായി ബന്ധപ്പെട്ടുവരുന്ന ചരിത്രസംഭവങ്ങളും വ്യക്തിവിശേഷങ്ങളും എല്ലാം ഇത്തരം വിശ്വാസങ്ങളിലൂടെയാണ് കൂടുതലും കൈമാറ്റം ചെയ്യപ്പെട്ടുവന്നത്.
ഇന്ന് പുതിയ വാദങ്ങളും ചിന്തകളും ആശയങ്ങളും സമ്പ്രധായങ്ങളും എല്ലാം ദ്വീപില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.അതിനെ തുടര്‍ന്ന് ഉബൈദുല്ലാ തങ്ങളേയും അദ്ദേഹത്തിന്‍റെ മതപ്രചരണ ചരിത്രത്തേയും ക്രൂരമായ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുണ്ട്.
ഉബൈദുല്ലാ തങ്ങളുടെ മത പ്രചരണത്തിനു കീഴില്‍ വരാത്ത ദ്വീപാണ് മിനിക്കോയി.മഹല്‍ ദ്വീപുമായി അടുത്ത് നില്‍ക്കുന്ന മിനിക്കോയിയിലെ മത പരിവര്‍ത്തനം മഹല്‍ദ്വീപുമായി ബന്ധപ്പെട്ടതാണ്.മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരു വിശ്വാസം അവിടേയും നിലനില്‍ക്കുന്നുണ്ട്.
ഇബ്നു ബത്തൂത്ത തന്‍റെ യാത്രാവിവരണത്തില്‍ അക്കഥ വിവരിക്കുന്നുണ്ട്. ദ്വീപുവാസികള്‍ പുരാതനകാലത്ത് ഹിന്ദുക്കളായിരുന്നു.മാസത്തിലൊരിക്കല്‍ കടലില്‍ ഒരു ഗന്ധര്‍വ്വന്‍ പ്രത്യക്ഷപ്പെടുന്നതായി അവര്‍ കാണാറുണ്ടായിരുന്നു.അവനെക്കണ്ടാല്‍ ദ്വീപാലങ്കൃതമായ ഒരു കപ്പലാണെന്നേ തോന്നൂ.ഉടനെ അവര്‍ ഒരു കന്യകയെ പിടിച്ചുകൊണ്ടുവന്ന് നല്ല വസ്ത്രങ്ങളും ആഭരണങ്ങളും അണിയിക്കും.അനന്തരം കടല്‍ക്കരയിലുള്ള ഒരു ക്ഷേത്രത്തിലേക്ക് അവളെ ആനയിക്കും.കടലിന്നഭിമുഖമായി ക്ഷേത്രത്തില്‍ പണിതിട്ടുള്ള ഗോപുരത്തില്‍ അവളെ രാത്രിയില്‍ താമസിപ്പിക്കും.പ്രഭാതത്തില്‍ ഗോപുരവാതില്‍ തുറന്നാല്‍ ബലാത്സംഗം ചെയ്യപ്പെട്ട കന്യകയുടെ ശവമാണ് കാണുക.ദ്വീപുകാര്‍ മാസംതോറും നറുക്കിട്ട് ഇങ്ങിനെ കന്യാദാനം നടത്തിവന്നു.ഈ സമയത്താണ് മൊറോക്കൊയില്‍ നിന്നും ഒരു ബര്‍ബര്‍ വംശക്കാരനായ അബുല്‍ ബറക്കാത്ത് ദ്വീപില്‍ വന്നുചേരുന്നത്.വിശുദ്ധ ഖൂര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഈ പണ്ഡിതന്‍ ഒരു വൃദ്ധയുടെ അതിഥിയായിട്ടാണ് താമസിച്ചിരുന്നത്.ഒരു ദിവസം വൃദ്ധയുടെ വീട്ടില്‍ ബന്ധുക്കളും നാട്ടുകാരും വന്നു കരയുകയും അലമുറയിടുകയും ചെയ്യുന്നത് ഇദ്ദേഹം കണ്ടു..വേണ്ടപ്പെട്ട ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടാകും എന്നാണ് അദ്ദേഹം കരുതിയത്.അന്വേഷിച്ചപ്പോള്‍ അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു.ഈ പ്രാവശ്യം ആ വൃദ്ധക്കാണ് നറുക്കുവീണിരിക്കുന്നത്.അവരുടെ ഏകമകളെ ഗന്ധര്‍വ്വന് ഇന്ന് സമര്‍പ്പിക്കേണ്ടതാണ്.അവള്‍ക്ക് പകരം ക്ഷേത്രത്തിലേക്ക് താന്‍ പോകാമെന്നദ്ദേഹം ഏറ്റു.അയാള്‍ മുഖത്ത് താടിരോമങ്ങള്‍ മുളക്കാത്ത പ്രകൃതക്കാരനായിരുന്നു.വീട്ടുകാര്‍ അയ്യാള്‍ പറഞ്ഞതനുസരിച്ച് അദ്ദേഹത്തെ ക്ഷേത്രഗോപുരത്തില്‍ എത്തിച്ചു.വുളു എടുത്ത് ഖൂര്‍ ആന്‍ പാരായണവും ചെയ്ത് അദ്ദേഹം ആ ഗോപുരത്തില്‍ കഴിച്ചുകൂട്ടി.സമുദ്രത്തില്‍ ഗന്ധര്‍വ്വനെക്കണ്ടപ്പോള്‍ അദ്ദേഹം ഉച്ചത്തില്‍ ഖൂര്‍ആന്‍ വാക്യങ്ങള്‍ പാരായണം ചെയ്തു.ഭയവിഹ്വലനായ ഗന്ധര്‍വ്വന്‍ സമുദ്രത്തില്‍ മുങ്ങി.പിറ്റേന്നു പുലര്‍ച്ചെ കന്യകയുടെ ശവമെടുക്കാനായി ഗോപുരവാതില്‍ തുറന്ന നാട്ടുകാര്‍ കണ്ടത് ഖൂര്‍ആന്‍ പാരായണവും ചെയ്തിരിക്കുന്ന മൊറോക്കൊക്കാരനെയാണ്.അവര്‍ തങ്ങളുടെ രാജാവിനെ വിവരമറിയിക്കുകയും അദ്ദേഹത്തെ രാജസന്നിധിയിലേക്കാനയിക്കുകയും ചെയ്തു.രാജാവ് അദ്ദേഹത്തെ വളരെയധികം ബഹുമാനിച്ചു.ഇസ്ലാം മതം സ്വീകരിക്കുവാന്‍ രാജാവിനെ അബുല്‍ ബറകാത്ത് പ്രേരിപ്പിച്ചു.അടുത്ത മാസം വരെ ഇവിടെ താമസിച്ച് ഗന്ധര്‍വ്വന്‍റെ ശല്യം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയാല്‍ അങ്ങിനെ ചെയ്യാമെന്ന് രാജാവ് ഉറപ്പു നല്‍കി.അപ്രകാരം അദ്ദേഹം വര്‍ത്തിക്കുകയും ഗന്ധര്‍വ്വശല്യം എന്നെന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്തു.അങ്ങിനെ രാജാവും പ്രജകളും ഒന്നടങ്കം ഇസ്ലാം മതം ആശ്ലേഷിച്ചു.അദ്ദേഹം പിന്തുടര്‍ന്നു വന്നിരുന്ന മാലിക്കി മദ്ഹബ് പിന്തുടരുകയും ചെയ്തു.
ഇങ്ങിനെയുള്ള പാരമ്പര്യ വിശ്വാസങ്ങളെ പുന:പ്പരിശോധിക്കുന്നതും പഠനവിധേയമാക്കുന്നതും നല്ലവതാണ്.പക്ഷേ എല്ലാറ്റിനേയും അടച്ചാക്ഷേപിക്കുന്നത് ശരിയായ രീതിയല്ല.ഉള്ളവയെ ഇല്ലായ്മ ചെയ്യുമ്പോള്‍ പകരം ഒന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സാധിക്കണം എന്നു്.