വെറ്റില (ചെറിയ ദ്വീപിലെ ചെറിയ കാര്യങ്ങൾ -5)
പുരാതന കാലം മുതല്‍ക്കേ ഇന്ത്യയില്‍ നിലനിന്നു പോകുന്ന ഒന്നാണ് വെറ്റില മുറുക്കല്‍.ഇന്ന് വെറ്റില മുറുക്കല്‍ ക്യാന്‍സര്‍ രോഗത്തിനെ ക്ഷണിച്ചു വരുത്തലാണെന്ന് ആരോഗ്യ വകുപ്പ് നിരന്തരം ഉദ്ബോധിപ്പിച്ചു വരുന്നുണ്ടെങ്കിലും,മുറുക്കിത്തുപ്പല്‍ അനുസ്യുതം നടന്നു കൊണ്ടിരിക്കുന്നുണ്ട്.പല പ്രദേശങ്ങളിലും വെറ്റില ഒരു പ്രധാന വസ്തുവായി പരിഗണിക്കപ്പെട്ടിരുന്നു.ദ്വീപില്‍ സ്ത്രീകളും വൃദ്ധന്‍മാരും ആയിരുന്നുമുറുക്കിയിരുന്നവര്‍.ഇന്ന് കഥ മാറി.ചെറിയ കുട്ടികള്‍ വരെ മുറുക്കിത്തുടങ്ങിയിരിക്കുന്നു.
പണ്ട് വെറ്റിലക്ക് ആഢംഭരത്തിന്‍റെയും,ആഭിജാത്യത്തിന്‍റെയും പരിവേശമുണ്ടായിരുന്നു.വിവാഹാഘോഷത്തിന്‍റെ പ്രധാന മുഹൂര്‍ത്തങ്ങളിലെല്ലാം വെറ്റിലയും മുറുക്കാനും വിതരണം ചെയ്യപ്പെട്ടിരുന്നു.നിക്കാഹ് നടത്താനുള്ള ചീട്ട്(അനുമതി) വാങ്ങാന്‍ പോകുമ്പോള്‍ അതിന്‍റെ അധികാരിക്ക് കെട്ട് നല്‍കുന്ന ഒരു സമ്പ്രധായം ഉണ്ടായിരുന്നു. കെട്ട് എന്നു പറയുന്നത് വെറ്റിലയും മുറുക്കാന്‍ കൂട്ടവുമാണ്.കല്യാണത്തിനു പാട്ടുകാരെ ക്ഷണിക്കുമ്പോഴും കെട്ട് നല്‍കണം.കല്യാണ വീട്ടിലും മരണ വീട്ടിലും എല്ലാം അതിഥികളെ സ്വീകരിക്കാന്‍ വെറ്റില ചെല്ലം മുന്നില്‍ത്തന്നെ ഉണ്ടായിരുന്നു.
വെറ്റില മുറുക്കല്‍ ആഭിജാത്യത്തിന്‍റെ ഒരു പ്രതീകമായി പരിഗണിക്കപ്പെട്ടിരുന്നു.വായില്‍ സുഗന്ധമുണ്ടാക്കി ദുര്‍ഗന്ധം അകറ്റാനും ചുണ്ടുകള്‍ ചുവപ്പിക്കാനും, അഹല്‍(ബുദ്ധി) വര്‍ദ്ധിപ്പിക്കാനും എല്ലാം വെറ്റില മുറുക്കിയിരുന്നു.വെറ്റില മുറുക്കുന്നത് (അഹല്‍) ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുമെന്ന് ഇവിടുത്ത്കാര്‍ വിശ്വസിച്ചിരുന്നു.വെറ്റിലയെ അഹല്‍ ഇല എന്ന് വിശേഷിപ്പിച്ചിരുന്നു.അതിനു ഉപോല്‍ബലകമായ ഒരു കഥയും പ്രചരിച്ചിരുന്നു.
പണ്ട് പ്രസിദ്ധനായ മത പണ്ഡിതനും ബ്രിട്ടീഷ് വിരോധിയുമായിരുന്ന വെളിയങ്കോട് ഉമര്‍ ഖാസി പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി അറേബ്യയില്‍ എത്തി.മക്കയിലെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ച് മദീനാപ്പള്ളിയില്‍ എത്തി.അവിടെ പരിശുദ്ധ റസൂലിന്‍റെ റൗള സന്ദര്‍ശിക്കാനായി അവിടെ എത്തി.ആര്‍ക്കും തുറന്നു കൊടുക്കാത്ത റൗളയുടെ വാതില്‍ക്കലെത്തിയ ഉമര്‍ ഖാളിക്ക് അതിന്‍റെ അകം കാണുവാനുള്ള മോഹം ഉദിച്ചു.പ്രവാചക സ്നേഹം കൊണ്ട് നിറഞ്ഞ അദ്ദേഹത്തിന്‍റെ ഹൃദയം വിങ്ങിപ്പൊട്ടി.അത് പ്രവാചക കീര്‍ത്തനങ്ങളായി പുറത്തേക്കൊഴുകി.ആ പ്രകീര്‍ത്തനങ്ങളുടെ മാസ്മരികതയില്‍ മദീനപ്പള്ളിയിലെ ആളുകള്‍ തരിച്ചു നിന്നു.അവര്‍ അറിയാതെ ഉമറിന്‍റെ കീര്‍ത്തനങ്ങള്‍ ഏറ്റുപാടി.കീര്‍ത്തനങ്ങള്‍ അവസാനിച്ചപ്പോള്‍ ആരുടെ മുന്നിലും തുറക്കാത്ത റൗളയുടെ വാതിലുകള്‍ ഉമര്‍ ഖാളിയുടെ മുന്നില്‍ മലര്‍ക്കേ തുറന്നു.ഇതു കണ്ട് അത്ഭുതപ്പെട്ട മദീനക്കാര്‍ അദ്ദേഹത്തോട് ചോദിച്ചത്രേ നിങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഇത്ര ബുദ്ധി എവിടുന്ന് കിട്ടി എന്ന്.അദ്ദേഹം അവരോട് പറഞ്ഞു പോലും , ഞങ്ങളുടെ നാട്ടില്‍ ഒരു ഇലയുണ്ട് അത് തിന്നാല്‍ അഹല്‍ വര്‍ദ്ധിക്കും ,അതിന്‍റെ പേര്‍ അഹല്‍ ഇല എന്നാണ്. ഇത് വെറ്റിലയെ ഉദ്ദേശിച്ചാണത്രെ അദ്ദേഹം പറഞ്ഞത്.
പ്രസിദ്ധനായ ലോക സഞ്ചാരി ഇബ്നു ബത്തൂത്ത ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ അദ്ദേഹം കണ്ട വെറ്റിലയുടെ പ്രാധാന്യം അദ്ദേഹം തന്‍റെ സഞ്ചാര കഥകളില്‍ വിവരിക്കുന്നുണ്ട്. ''ഇന്ത്യാക്കാര്‍ക്ക് വെറ്റില വലിയ കാര്യമാണ്.ഒരു ഇന്ത്യാക്കാരന്‍ തന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ ചെല്ലുമ്പോള്‍ സുഹൃത്ത് അഞ്ച് വെറ്റില അയാള്‍ക്കു കൊടുത്താല്‍ ലോകം മുഴുവന്‍ കിട്ടിയതുപോലുള്ള സന്തോഷം അയാള്‍ക്കുണ്ടാകുന്നു.കൊടുക്കുന്ന ആള്‍ ഭരണാധികാരിയോ പ്രമാണിയോ ആണെങ്കില്‍ സ്വര്‍ണ്ണം വെള്ളി എന്നിവയെക്കാളെല്ലാം വിലമതിക്കുന്ന സമ്മാനമായിട്ടാണ് വെറ്റിലയെ അവര്‍ പരിഗണിക്കുന്നത് ".വെറ്റിലയുടെ പ്രത്യേകതകളും അദ്ദേഹം വിവരിക്കുന്നുണ്ട്.അത് വായിലെ ദുര്‍ഗന്ധം നീക്കം ചെയ്യുന്നു.ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നു.ജലപാനം കൊണ്ടുണ്ടാകുന്ന ദോശങ്ങള്‍ തടയുന്നു.ഉന്മേശം നല്‍കുന്നു.ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കുന്നു.ഉറങ്ങാന്‍ പോകുമ്പോള്‍ പല ഇന്ത്യാക്കാരും, വെറ്റില തലയിണക്കടിയില്‍ വെക്കാറുണ്ട്.ഉണരുമ്പോള്‍ അത് ചവച്ചാല്‍ വായിലെ ദുര്‍ഗന്ധം ഇല്ലാതായിത്തീരും.ഇന്ത്യയിലെ ചില രാജാക്കന്‍മാരുടേയും രാജകുമാരന്‍മാരുടേയും ദാസിമാര്‍ ആഹാരമായി വെറ്റില മാത്രമേ കഴിക്കാറുള്ളൂവെന്ന് എന്നോട് ചില ഇന്ത്യാക്കാര്‍ പറഞ്ഞിട്ടുണ്ട്.