DweepDiary.com | ABOUT US | Saturday, 27 April 2024

ലക്ഷദ്വീപിൽ എൻ സി പി അജിത് പവാർ സ്ഥാനാർത്ഥിക്ക് ബി ജെ പി പിന്തുണ

In Politics BY Web desk On 24 March 2024
കവരത്തി : ലോക്സഭാ തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ ബി ജെ പിക്ക് സ്ഥാനാർത്ഥി ഉണ്ടായിരിക്കില്ല. എൻ സി പി ( അജിത് പവാർ പക്ഷം) യുടെ ക്ലോക്ക് ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ ബിജെപി പിന്തുണക്കും. ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് ടൗഡേ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സഖ്യ സ്ഥാനാർത്ഥിയെ ഇതുവരെ പ്രാഖ്യാപിച്ചിട്ടില്ല.
എൻ സി പി യിൽ പിളർപ്പ് സംഭവിച്ചപ്പോൾ എൻഡിഎ സഖ്യകക്ഷിയാവാൻ പറ്റില്ല എന്ന നിലപാടിൽ ലക്ഷദ്വീപിലെ എൻ സി പി ഘടകം ശരത് പവാർ പക്ഷത്ത് നിലയുറപ്പിക്കുകയായിരുന്നു. എന്നാൽ കവരത്തിയിലെ എൻ സി പി പ്രവർത്തകൻ ടി വി അബ്ദുറസാഖ് അജിത് പവാർ പക്ഷത്ത് തന്നെ നിലയുറപ്പിച്ചിരുന്നു. ഇദ്ദേഹത്തെ സംസ്ഥാന അദ്ധ്യക്ഷനാക്കി അജിത് പവാർ പക്ഷം നേതാവ് പ്രഫുൽ പട്ടേൽ പ്രഖ്യാപിച്ചിരുന്നു.
സഖ്യം നിലവിൽ വരികയാണെങ്കിൽ ലക്ഷദ്വീപിൽ ആദ്യമായാണ് ബി ജെ പി ഒരു സഖ്യത്തിൻ്റെ ഭാഗമാവാൻ പോകുന്നത്. ബിജെപിയുടെ സ്ഥാനാർത്ഥി യുവമോർച്ച സംസ്ഥാന പ്രസിഡന്റ് മഹദാഹുസ്സൈൻ ബിജെ പി സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും പാർട്ടി ഇത് സ്ഥിരീകരിച്ചിരുന്നില്ല. ബി ജെ പിക്ക് പാർട്ടി മെമ്പർഷിപ്പ് ഉള്ളത്ര വോട്ട് പോലും ലഭിക്കാത്ത സ്ഥിതിയാണ് ലക്ഷദ്വീപിലുള്ളത്. നേതാക്കളെ സംബന്ധിച്ചിടത്തോളം മെമ്പർഷിപ്പിൻ്റത്ര വോട്ട് പിടിക്കുക എന്നത് തന്നെ ശ്രമകരമായ ദൗത്യമാണ്. ശരത് പവാർ പക്ഷം സ്ഥാനാർത്ഥിയായ എം പി മുഹമ്മദ് ഫൈസലിന് പാർട്ടിയുടെ പാരമ്പര്യ വോട്ടുകൾ പിടിക്കാൻ കഴിയുമെങ്കിലും അവിഭക്ത എൻസിപി എന്ന നിലയിൽ ക്ലോക്ക് ചിഹ്നത്തിൽ മത്സരിക്കുന്നവർക്കും പിന്തുണ കിട്ടാൻ സാധ്യതയുണ്ട്. ഇത് മുതലെടുക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. തത്വത്തിൽ എൻ സി പി വോട്ടുകൾ വിഘടിക്കാൻ സഖ്യത്തിനാവും. ഇതുവരെ സ്ഥാനാർത്ഥി തീരുമാനമായിട്ടില്ലെങ്കിലും കടമത്ത് ദ്വീപിൽ നിന്നുള്ള ഒരു മുസ്‌ലിയാരെ സ്ഥാനാർത്ഥിയാക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നതായി വിവരമുണ്ട്

SHARE YOUR FEEDBACK

RECENT IN THIS CATEGORY