DweepDiary.com | ABOUT US | Saturday, 27 April 2024

ഉപ്പാൻ്റെ വീട്ടിലെ നോമ്പൊരുക്കങ്ങൾ (നോമ്പ് ബിശളം - 2)

In interview Special Feature Article BY Web desk On 24 March 2024
ഓർമയിൽ എന്നും ഓർത്തുവെക്കാൻ ഇഷ്ടപ്പെടുന്ന ഒരു നല്ല കാലമാണ് എന്റെ ചെറുപ്പത്തിലെ നോമ്പ് കാലം. ബാപ്പാന്റെ വീട്ടിൽ സ്ഥിരതമാസമാക്കിയ നാളുകളിൽ നോമ്പിന്റെ തയ്യാറെടുപ്പും വൃത്തിയാക്കലും മാസം നോക്കലും എല്ലാം ഇന്നും ഒരു വല്ലാത്ത ഗൃഹാതുരത്വം ഉണർത്തുന്നുണ്ട്. ചെറുപ്പം മുതൽ സ്വന്തം വീടിനെക്കാൾ താമസിച്ചിട്ടുള്ളത് ബാപ്പാന്റെ വീട്ടിലായിരുന്നു.ശഅബാൻ മാസം അവസാനത്തെ ആഴ്ച്ച അവിടെ ഭയങ്കര ഒരുക്കപ്പാടാണ്. മസാല വറുക്കലും മീൻ അച്ചാറിടലും നോമ്പിനുള്ള സാധനങ്ങൾ വാങ്ങിക്കലും എല്ലാം ഉമ്മൂമ്മാന്റെ നേതൃത്വത്തിൽ നടക്കും.അമ്മായിമാർ ചേർന്ന് മുസല്ലകളും നിസ്കാര കുപ്പായങ്ങളും അലക്കി ഉണക്കി വെക്കും. അവസാനം ബാക്കി വരുന്നത് വൃത്തിയാക്കലാണ് ഞാനും ഒരു അമ്മായിയും കൂടി പരിസരം മൊത്തം അടിച്ചു വാരും. പിറ്റേന്നാവും വീട് കഴുകുന്ന പരിപാടി.
ബാപ്പാന്റെ തറവാട് എന്ന് പറയുന്നത്, മുറ്റത് അപ്പുറവും ഇപ്പുറവും വെള്ള ടൈൽ ഇട്ട രണ്ട് കുട്ടി കയ്യാലയും അത് കഴിഞ്ഞ് രണ്ട് കയ്യാലയും പിന്നെ അതിന്റെ നടുക്കാണ് മുൻവശത്തെ വാതിൽ വരുന്നത്.അകത്തു ഹാളിൽ ഇതെ പോലെ രണ്ട് കയ്യാല ഉണ്ട്.പണ്ടത്തെ വീടുകളിൽ ഇതെ രീതിയിലാണ് ഘടന വരുന്നത്.ബാക്കി മുറികളും ഇടനാഴിയും ചായിപ്പും ഒക്കെ ആണ്.പ്രധാധനമായിട്ട് ഞങ്ങൾ കഴുകുന്നത് 6 കയ്യാലകളും മതിലും ഒക്കെയാണ്.ചുണ്ണാമ്പ് പൂശിയ മതിലിൽ ഒരു റംസാൻ കഴിഞ്ഞ് അടുത്ത റംസാൻ എത്തുമ്പോഴേക്ക് പച്ച രാശി വന്നു തുടങ്ങീട്ടുണ്ടാവും. ഈർക്കിൽ ചൂല് സോപ്പ് പൊടിയിൽ മുക്കി ആഞ്ഞാഞ്ഞു തിരുമ്പി (ഉരച്ചു ) എന്റെ ഊർജം മൊത്തം ഞാൻ ആ മതിലിൽ ചെലവാക്കും. പിന്നെ കുട്ടികയ്യാലയുടെ താഴെ സിമന്റിൽ ഡിസൈൻ ചെയ്ത ഒരു സംഭവം ഉണ്ട്.'കുട്ടി ' എന്നാണ് അതിനെ പറയുന്നത്.അത് കഴുകാനാണ് സമയം കൂടുതൽ എടുക്കുക. അങ്ങനെ കഴുകൽ മഹാമഹവും കഴിഞ്ഞ്,ഞങ്ങൾ കുട്ടികൾ കടൽ കുളിക്കാൻ പോവും.പോവുമ്പോ വീട്ടിലെ കുപ്പികൾ പ്ലാസ്റ്റിക് പാത്രങ്ങൾ അങ്ങനെ പലതും ഉണ്ടാവും.ഒരു മാസം ഇനി കടലിൽ ഇറങ്ങാൻ കഴിയില്ല. അത്കൊണ്ട് നല്ലോണം ആസ്വദിച്ചു കുളിക്കണം എന്ന് മനസ്സിൽ ഉണ്ടാവും,എന്നാൽ കയ്യിലെ പാത്രങ്ങൾ കടലിലേക്ക് ഓടുമ്പോൾ പൊട്ടി ചിരിക്കും.
മാസം നോക്കാൻ പോവുന്നതും നല്ലൊരു ഓർമയാണ്.ഓരോ ആൾക്കും ഒരേ പോലെ പാത്രത്തിൽ ഈത്തപ്പഴവും നാളികേരം (ളാനി )കഷ്ണങ്ങളും പൊട്ടു കടലയും ഒക്കെ ഇട്ട് തരും. കടപ്പുറത്തേക്ക് ചെല്ലുമ്പോൾ ഒരുപാട് പേരുണ്ടാവും എല്ലാ കുട്ടികളുടെ കയ്യിലും കുപ്പികളിലും കവറുകളിലും പാത്രങ്ങളിലുമൊക്കെ വിവിധ തരം കടികൾ, മിഠായികൾ, ഈത്തപ്പഴം ഒക്കെ ഉണ്ടാവും വലിയവർക്കും കൂട്ടുകാർക്കും പങ്ക് വെച്ച് അസ്തമയ സമയത്ത് ആകാശം നോക്കി ഇരിക്കും. ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്നത് മാസം കാണല്ലേ എന്നാണ്. എന്നാൽ നോമ്പ് അവസാനം മാസം നോക്കുമ്പോൾ പ്രാർത്ഥിക്കുന്നത് മാസം കാണണെ എന്നുമായിരുന്നു. എന്നാൽ വീട്ടിലെ പെണ്ണുകൾ നേരെ തിരിച്ചാണ് പ്രാർത്ഥിക്കുക. പെരുന്നാൾ ആവുമ്പോ പെട്ടെന്ന് തിരക്കാവും.
അങ്ങനെ മാസവും കണ്ട് നോമ്പ് നോൽക്കാൻ തയ്യാറായി എല്ലാരും വീട്ടിലേക് മടങ്ങും. വീട്ടിൽ മഗ്‌രിബ് നിസ്കാരം കഴിഞ്ഞ് ഹാളിലെ കയ്യാലയിലും നിലത്തും വിരിപ്പ് വിരിച്ചു മുസല്ലകൾ ഇടും. ഉമ്മാമ ഇമാം ആയി തറാവീഹ് നിസ്കാരത്തിനുള്ള ഒരുക്കമാണ്. ആദ്യത്തെ തറാവീഹിന് ആള് കുറവായിരിക്കും. പിറ്റേന്ന് മുതൽ ആളുണ്ടാവും.അയൽവാസികളായും ബന്ധുക്കളായും പെണ്ണുങ്ങൾ ഒരുമിച്ച് നിസ്കരിച്ചു,സൊറ പറഞ്ഞു, വെള്ളിയാഴ്ച്ചകളിൽ തസ്ബീഹ് നിസ്കരിച്ചും അവസാനം മൗലൂദ് ഓതി ചീരണി ഉണ്ടാക്കിയും നോമ്പ് കാലം എനിക്ക് ശെരിക്കും ഒരു ആഘോഷം തന്നെയായിരുന്നു.തറാവീഹിന്റെ ഓരോ രാത്രിയും ഓരോ ആള് വീതം നിസ്കരിക്കുന്നവർക് ചായ കൊണ്ട് വരും. അധികവും വീട്ടിൽ നിന്ന് തന്നെ ചായ എടുക്കും ചായ സപ്ലയർ ഞാനാവും. നിസ്കരിച്ചതിന്റെ മൗലീദ് നു പൈസ പിരിവെടുത്താണ് ഇറച്ചിയും സാധനങ്ങളും വാങ്ങിക്കാറ്. ഓരോ ആളുടെ വീട്ടിലെയും ആണുങ്ങളെ ചീരണി സൽക്കാരത്തിനു ക്ഷണിക്കും. മൗലീദ് എപ്പോഴും റമളാൻ അവസാനം ആണ് വെക്കാറ്. കണ്ണു പൊത്തി തുറക്കുന്ന വേഗത്തിൽ റമളാൻ തീരും. പെരുന്നാൾ നിസ്കാരത്തിൽ എല്ലാവരും ഒരുമിച്ചിരുന്നു തൗബ ചൊല്ലി വീണ്ടും അടുത്ത കൊല്ലം അള്ളാഹു ഉദ്ദേശിക്കുന്നെങ്കിൽ കാണാം എന്ന് പറഞ്ഞു സലാം ചൊല്ലി പിരിയും. ഉമ്മാമയും ഉപ്പാപ്പയും ആ തറവാടും ഇന്നില്ല. കാലം കോറിയിട്ട കുറച്ച് ഓർമ്മകൾ മാത്രം ബാക്കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY