DweepDiary.com | ABOUT US | Friday, 26 April 2024

ഉമ്മാന്റെ നിക്കാഹിനു പോലും ഇങ്ങനെ ഫോട്ടോസ് എടുത്തിട്ടുണ്ടാകില്ല’; അറക്കൽ തറവാട്ടിലെ കിരീടാവകാശി ആദിരാജ മറിയുമ്മയ്ക്കൊപ്പം!

In interview Special Feature Article BY Admin On 21 July 2019
വയസ്സ് 85 ആയിട്ടും ഇരിപ്പും നടപ്പും വീൽചെയറിലായിട്ടും അറക്കൽ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞ് ബീവി ഇത്തവണയും നോമ്പ് മുടക്കിയില്ല. ഇത്തവണ നോമ്പെടുത്ത് പടച്ചതമ്പുരാനായ അല്ലാഹുവിനോട് ദുആ ചെയ്യുന്നത് സ്വന്തം കുടുബക്കാർക്ക് വേണ്ടി മാത്രമല്ല, നാടിനും നാട്ടുകാർക്കും ഒക്കെ വേണ്ടിയാണ്.

ദാനപ്രിയയായ ബീവി
‘‘ഉമ്മാന്റെ നല്ല തട്ടോം കുത്തി നടക്കണ വടീം ഒക്കെ ഇവിടെ വരണോർക്കൊക്കെ എടുത്ത് കൊടുക്കും. ഉമ്മാക്ക് ആവശ്യത്തിനുണ്ടാവേ‌ം ഇല്ല.’’ ഫോട്ടോ എടുക്കാനുള്ള ഒരുക്കത്തിനിടയിൽ മകൾ നസീമ ഇത് ഇടയ്ക്കിടയ്ക്കു പറയുന്നുണ്ട്.
‘‘ഉമ്മാന്റെ നിക്കാഹിനു പോലും ഇങ്ങനെ ഫോട്ടോസ് എടുത്തിട്ടുണ്ടാകില്ല അല്ലേ... ഉമ്മാ?’’ മകളുടെ ചോദ്യത്തിന് നിറഞ്ഞ പുഞ്ചിരി മറുപടി. ചെന്നൈ പോർട്ട് ട്രസ്റ്റിൽ സേവനമനുഷ്ഠിച്ചിരുന്ന മൺമറഞ്ഞ എ.പി. അലുപ്പി ഇളയതിന്റെ ഭാര്യയാണ് മറിയുമ്മ.
19 വർഷത്തെ ചെന്നൈ ജീവിതത്തിനു ശേഷം അറക്കൽ കുടുംബക്കാർ താമസിക്കുന്ന അറക്കൽകെട്ടിലെ അൽമാർ മഹലിലാണ് ബീവിയുടെ ഇപ്പോഴത്തെ താമസം. മൂന്നു മക്കളാണ് മറിയുമ്മയ്ക്ക് അബ്ദുൾ ഷൂക്കൂർ, നസീമ, റെഹീന. ഷുക്കൂർ മദ്രാസിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥനാണ്.
അറക്കലിന്റെ ചട്ടമനുസരിച്ച് ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ കുടുംബത്തിൽ ഏറ്റവും മുതിർന്ന ആള്‍ക്കാണ് ഭരണം. ഇപ്പോഴും മരുമക്കത്തായ സമ്പ്രദായമാണ് അറക്കൽ തറവാട്ടുകാർ പിന്തുടരുന്നത്. ആണാണ് ഭരണം കയ്യാളുന്നതെങ്കിൽ ‘അലി രാജ’ എന്നും പെണ്ണാണെങ്കിൽ ‘ബീവി’ എന്നുമാണ് വിളിക്കുക.
ഒരു കാലത്ത് മലബാർ പ്രവിശ്യയായ കണ്ണൂരും ലക്ഷദ്വീപും ഒക്കെ ഭരിച്ചിരുന്നവരാണ് അറക്കൽ തറവാട്ടുകാർ. ലക്ഷദ്വീപിലെ മിനിക്കോയി പണ്ട് അറക്കൽ തറവാട്ടുകാരുടെ സ്വകാര്യദ്വീപായിരുന്നു പോലും. ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും മുഗൾ രാജാക്കന്മാരും തമ്മിലുള്ള യുദ്ധത്തിൽ ( 1686-1690) മുഗൾ ചക്രവർത്തി ഔറംഗസീബിന് അന്നത്തെ അറക്കൽ ഭരണാധികാരി അലി രാജ അലി രണ്ടാമൻ തന്റെ നാവിക സൈന്യത്തെ യുദ്ധത്തിനായി വിട്ടു കൊടുത്തിരുന്നു. ആ യുദ്ധത്തിൽ മുഗള‍്‍ ചക്രവർത്തി വിജയിച്ചു.

പിന്നീട് ബ്രിട്ടീഷുകാർ ഭരണം പിടിച്ചെടുത്തതോടെ അറക്കലിനും ബ്രിട്ടിഷ് ഭരണത്തോട് അടിയറവു പറയേണ്ടി വന്നു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് വന്ന ലാൻഡ് സീലിങ് ആക്റ്റ് പ്രകാരം അറക്കലിന്റെ അധികാരപരിധിയിലുള്ള ഭൂസ്വത്തുക്കൾ പലതും ഗവൺമെന്റിലേക്കു തിരികെ നൽകി.

പ്രതാപകാലത്തിന്റെ ഓർമ
‘‘കാലങ്ങൾ കഴിഞ്ഞപ്പോൾ രാഷ്ട്രീയ ഇടപാടുകളിൽ നിന്നൊക്കെ മാറി, അറക്കൽ ഭരണം തറവാടിനുള്ളിലേക്കു ചുരുങ്ങി. ഇപ്പോഴും വസ്തുവകകളുടെ മേൽനോട്ടവും നടത്തിപ്പും പരമാധികാരവും അറക്കലിലെ ബീവിക്കോ അലിരാജയ്ക്കോ ആണ്.’’ - മറിയുമ്മയുടെ മകൻ ഷുക്കൂർ പറയുന്നു.
‘‘ഇപ്പോഴും പല പള്ളികളുടെയും മാനേജിങ് ട്രസ്റ്റിയാണ് അറക്കൽ കുടുംബം. ഒരുകാലത്ത് ആനപ്പുറത്തു കയറി പോയിട്ടാണ് പള്ളികൾ തുറന്നിരുന്നത്. അറക്കലിലെ കല്യാണങ്ങൾ മുൻപ് രാത്രി കാലങ്ങളിലാണു നടത്തിയിരുന്നത്. വിവാഹം എത്ര ചെലവിൽ നടത്തണമെന്നും എത്ര മെഹർ കൊടുക്കണം എന്നൊക്കെയും അറക്കലെ അധികാരി നിശ്ചയിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്നിപ്പോ അതൊക്കെ മാറി. എന്നാലും ഭൂമി ഇടപാടുകൾ നടത്താൻ തറവാട്ടുകാർക്ക് ഇപ്പോഴും അധികാരിയുടെ അനുവാദം വേണം.

അറക്കലിന്റെ പെരുമ പറയുന്നൊരു മ്യൂസിയം അറക്കൽ കെട്ടിനോട് ചേർന്നുണ്ട്. പണ്ട് അത് ഞങ്ങളുടെ കുടുംബ ഓഫിസ് ആയിരുന്നു. 2005 ൽ അത് മ്യൂസിയമാക്കി മാറ്റി. ഗവൺമെന്റിന്റെ സഹായത്തോടെ പുതുക്കിപണിതെങ്കിലും ഇപ്പോൾ നടത്തിപ്പും അറ്റകുറ്റപ്പണികളും ഒക്കെ ചെയ്യുന്നത് അറക്കൽ തറവാട്ടുകാർ തന്നെയാണ്. നാടുവാഴികളുടെ ചരിത്രവും ചിത്രങ്ങളും ചരിത്ര ശേഷിപ്പുകളും ഒക്കെ അവിടെ കാണാം.’’
എല്ലാ മതക്കാരും ഒത്തൊരുമിച്ച് സ്നേഹത്തിൽ കഴിയുന്ന നാടാണ് മലബാർ. ആ സ്നേഹം എന്നും നിലനിർത്തിപ്പോരാൻ അറക്കൽ തറവാട്ടുകാർ മുൻകയ്യെടുത്തിട്ടുണ്ട്.
കോലത്തിരിയുടെ കുടുബത്തിന്റെ ഭാഗമായി വളർന്ന ഇ സ്‌ലാം രാജവംശമെന്ന നിലയ്ക്ക് അറക്കൽ തറവാട്ടുകാര്‍ എ ല്ലാ മതവിഭാഗങ്ങളെയും ബഹുമാനിച്ചു പോരുന്നു. ആദിരാജ മറിയുമ്മയുടെ മുന്നിൽ വന്ന് സങ്കടം പറയുന്നവർ വെറും ക യ്യോടെ മടങ്ങാത്തതും ഇതു കൊണ്ടു തന്നെ.

അറക്കൽ രാജകുടുംബം: ചരിത്രത്തിലൂടെ
അറക്കൽ രാജവംശത്തിന്റെ ഉൽപത്തിയെക്കുറിച്ച് ധാരാളം ചരിത്രങ്ങളുണ്ട്. ഒടുവിലത്തെ ചേരരാജാവ് ഇസ്‌ലാം മതത്തിൽ പെട്ട ദമ്പതികളെ വേലപുരത്തുനിന്ന് ക്ഷണിച്ചുവരുത്തി പുരുഷന് ആഴിരാജ എന്ന് പേരു നൽകിയെന്നാണ് ഒരു കഥ. മലബാർ മാനുവലിന്റെ കർത്താവ് വില്യം ലോഗൻ പറയുന്നത് മറ്റൊന്നാണ്. കോലത്തിരി രാജാവിന്റെ മന്ത്രിമാരിൽ ഒരാളായ ആര്യൻ കുളങ്ങര നായരാണത്രെ അറക്കൽ കുടുംബത്തിലെ ആദ്യനായകൻ.
കൊട്ടരത്തിൽ ശങ്കുണ്ണി െഎതിഹ്യമാലയിൽ പറയുന്ന കഥയിൽ കോലത്തിരി രാജവംശത്തിലെ രാജകുമാരിയാണ് നായിക. കുളിക്കാൻ പോയപ്പോൾ ഒഴുക്കിൽ പെട്ട രാജകുമാരിയെ രക്ഷിച്ചത് ഇസ്‌ലാം മതക്കാരനായ ഒരു യുവാവായിരുന്നു. ഒഴുക്കിൽ വസ്ത്രങ്ങൾ നഷ്ടപ്പെട്ട അവൾക്ക് ആ യുവാവ് തന്റെ രണ്ടാം മുണ്ട് നൽകി. തന്നെ രക്ഷിച്ച ആ മുഹമ്മദീയനെ മാത്രമേ ഭർത്താവായി സ്വീകരിക്കൂ എന്ന് അവൾ നിശ്ചയിച്ചു. കോലത്തിരി രാജാവ് അവരെ ഇസ്‌ലാം വിധിപ്രകാരം വിവാഹം കഴിപ്പിച്ച് കൊട്ടാരം പണിതുനൽകി പാർപ്പിച്ചു. അറക്കൽ ബീവി എന്ന ആ രാജകുമാരിയുടെ പിൻതലമുറക്കാരാണത്രേ അറക്കൽ രാജവംശം.
അറക്കൽ കുടുംബരേഖയിൽ മറ്റൊന്നാണ് പറയുന്നത്. ഒടുവിലത്തെ ചേരരാജാവ് ചേരമാൻ പെരുമാൾ ഇസ്‌ലാം മ തം സ്വീകരിച്ച് മക്കയ്ക്ക് പോയപ്പോൾ സഹോദരിയുടെ പുത്രൻ സ്ഥാനം ഏൽക്കുകയും പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ച് മുഹമ്മദാലി എന്ന പേരു സ്വീകരിക്കുകയും ചെയ്തു.

കടപ്പാട്: വനിത

SHARE YOUR FEEDBACK

RECENT IN THIS CATEGORY