DweepDiary.com | ABOUT US | Saturday, 27 April 2024

"ദ്വീപുകളില്‍ എല്ലാ വീടുകളിലും ഒരു ഉദ്യോഗസ്ഥനെന്ന വിധത്തില്‍ ക്രമീകരിക്കുകയും ദ്വീപിലെ വിദ്യാഭ്യാസ മേഖലകളില്‍ സമൂലമായ മാറ്റം കൊണ്ടുവരുകയും ചെയ്യും"- ഡോ.സാദിഖ്

In interview Special Feature Article BY Mubeenfras On 04 April 2019
17-ാം ലോകസഭാതെരെഞ്ഞെടുപ്പില്‍ ജനദാദള്‍ യുണൈറ്റ് പാര്‍ട്ടിയില്‍ നിന്ന് ജനവിധി തേടുന്ന ഡോ.സാദിഖുമായി ദ്വീപുഡയറിയുടെ ഉള്ളത് പറഞ്ഞാല്‍ എന്ന അഭിമുഖത്തിലേക്ക് നടത്തിയതിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ...www.dweepdiary.com


(?)ദ്വീപ് ഡയറി പ്രതിനിധി- 17-ാം ലോകസഭാ തെരെഞ്ഞെടുപ്പില്‍ താങ്കള്‍ മത്സരിക്കുന്നത് ഡോക്ടര്‍ കോയാ സാഹിബിന്റെ മകനെന്ന നിലക്കാണോ?
ഡോ.സാദിഖ്- രണ്ട് നിലക്കാണ് ഞാന്‍ മത്സരിക്കുന്നത്. ഒന്നാമത്തേത് ഡോക്ടര്‍ കോയാ സാഹിബിന്റെ മകനെന്ന നിലക്ക്. രണ്ടാമത്തേത് മൂന്ന് വര്‍ഷമായി ദ്വീപുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് കുറേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്ന നിലയിലും. എനിക്ക് ലക്ഷദ്വീപിന് വേണ്ടി ഇനിയും ഏറെ പ്രവര്‍ത്തിക്കാനുണ്ട്. അതിനുള്ള ഇടമാണ് ഞാന്‍ തേടുന്നത്.

ദ്വീപ് ഡയറി പ്രതിനിധി- താങ്കളുടെ പിതാവിന്റെ പാര്‍ട്ടി വിട്ട് ഒറ്റയ്ക്ക് മത്സരിക്കണമായിരുന്നോ?
ഡോ.സാദിഖ്- ഡോക്ടര്‍ ഒരിക്കലും എന്‍.സി.പി എന്ന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. അത് ഡോക്ടറുടെ പാര്‍ട്ടിയുമല്ല. ചിലര്‍ ഡോക്ടറുടെ പേരും പെരുമയും മുതലെടുത്ത് എന്‍.സി.പിയെ ഡോക്ടറുടെ പാര്‍ട്ടിയെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഡോക്ടര്‍ ബംബന്‍ മരിക്കുന്നത് 2001 ജൂണ്‍ 30-ാം തിയതി. എന്‍.സി.പി ലക്ഷദ്വീപുകളില്‍‌ രൂപീകരിക്കുന്നത് 2007 ലാണ്. അപ്പോള്‍ എങ്ങനെയാണ് ഡോക്ടര്‍ കോയാ എന്‍.സി.പി എന്ന പ്രസ്ഥാനത്തിന്റെ നേതാവാകുന്നത്. ഡോക്ടറുടെ പക്ഷത്ത് നിന്ന കുറച്ച് പേര് എന്‍.സി.പിയില്‍ പോയത് കൊണ്ട് അത് ഡോക്ടറുടെ പാര്‍ട്ടിയാകുന്നില്ല. അതിനാല്‍ ഡോക്ടറുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു് അദ്ദേഹം ചെയ്ത കാര്യങ്ങളുടെ പേരിലും എന്റെ പ്രവര്‍ത്തനത്തിന്റെ പേരിലുമാണ് ഞാന്‍ മത്സരിക്കുന്നത്.

(?)ദ്വീപ് ഡയറി പ്രതിനിധി- ദ്വീപുകാര്‍ക്ക് സുപരിചതനായ ഡോക്ടറുടെ മകന്‍ പൊതു തെരെഞ്ഞെടുപ്പിലേക്ക് കടന്ന് വരുമ്പോള്‍ ദ്വീപു ജനതയുടെ പ്രതികരണം എന്താണ്?
ഡോ.സാദിഖ്- 2016 ല്‍ ഞാന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ ആ മേഖലയില്‍ എന്റെ ഗ്രാഫ് പൂജ്യമായിരുന്നു. ഞാന്‍ ഓരോ ദ്വീപ് സന്ദര്‍ശിക്കുകയും ജനങ്ങളുമായി ഇടപെഴകുകയും ചെയ്തപ്പോള്‍ ഹാര്‍ഡ് കോര്‍ പാര്‍ട്ടി അണികളല്ലാത്തവര്‍ എന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് മനസ്സിലായി. 2018 ല്‍ ആരംഭിച്ച ദ്വീപ് വികസനയാത്ര അവസാനിച്ചപ്പോഴേക്കും എന്‍.സി.പി നേതാക്കളും കോണ്‍ഗ്രസ്സ് നേതാക്കളും എന്നെക്കുറിച്ചുണ്ടാക്കിയ ഇമേജ് നൂറ് ശതമാനവും മാറ്റാനായിട്ടുണ്ട്.

(?)ദ്വീപ് ഡയറി പ്രതിനിധി- ഈ തെരെഞ്ഞെടുപ്പില്‍ എത്ര വോട്ടുകള്‍ പ്രതീക്ഷിക്കുന്നു?
ഡോ.സാദിഖ്- ജയിക്കാന്‍ വേണ്ടിതന്നെയാണ് മത്സരിക്കുന്നത്. അല്ലാതെ എന്‍.സി.പിക്കാര്‍ പറയുന്നത്പോലെ കോണ്‍ഗ്രസ്സിന് വേണ്ടിയോ, കോണ്‍ഗ്രസ്സുകാര്‍ പറയുന്നത് പോലെ എന്‍.സി.പിയെ സഹായിക്കാന്‍ വേണ്ടിയോ അല്ല മത്സരിക്കുന്നത്. ജയിക്കാന്‍ വേണ്ടിയാണ്. ജയിക്കാനുള്ള വോട്ട് കിട്ടും.

(?)ദ്വീപ് ഡയറി പ്രതിനിധി- ലക്ഷദ്വീപ് രാഷ്ട്രീയം രണ്ടു ചേരികളിലാണ്. സഈദിന്റെ പാര്‍ട്ടിയും ഡോക്ടറിന്റെ പാര്‍ട്ടിയും. പേരുകള്‍ എങ്ങനെ മാറിയാലും ഈ രണ്ട് പാര്‍ട്ടികളെയാണ് ദ്വീപുജനത വിജയിപ്പിച്ചത്. കോണ്‍ഗ്രസ്സ് (ഐ) സ്ഥാനാര്‍ത്ഥിയായി കില്‍ത്താന്‍ ദ്വീപില്‍ നിന്നുള്ള അമാനുള്ളാ സാഹിബ് വന്നപ്പോഴും സഈദ് സാഹിബിന് തന്നെയായിരുന്നു വിജയം. ഇത് രണ്ടുമല്ലാതെ ഒരു ചെറിയ പാര്‍ട്ടിയുമായി രംഗത്ത് വരുമ്പോള്‍ ക്ലച്ച് പിടിക്കുമോ?

ഡോ.സാദിഖ്- താങ്കളുടെ ചോദ്യം ഒന്ന് മാറ്റിപ്പിടിക്കണം. ജെ.ഡി.യു ഒരു ചെറിയ പാര്‍ട്ടിയോ, പുതിയ പാര്‍ട്ടിയോ അല്ല. അതിവിടെ നേരത്തെയുള്ള പാര്‍ട്ടിയാണ്. 1999 ല്‍ ഡോക്ടര്‍ മുത്തുകോയാ മത്സരിച്ചത് ജെ.ഡി.യുവിലായിരുന്നു. 2004 ല്‍ ദ്വീപില്‍ കോണ്‍ഗ്രസ്സിനെ ആദ്യമായി പരാജയപ്പെടുത്തിയത് ജെ.ഡി.യു വാണ്. ആ ജെ.ഡി.യു തന്നെയാണ് ഞങ്ങളിപ്പോള്‍ കൊണ്ട് വന്നിരിക്കുന്നത്. അത് ചെറിയ പാര്‍ട്ടിയല്ല. പക്ഷെ ലക്ഷദ്വീപ് രാഷ്ട്രീയത്തില്‍ ബൈ പാര്‍ട്ടി സിസ്റ്റത്തില്‍ ത്രികോണ മത്സരത്തിലേക്ക് വരാത്തതെന്താണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ദ്വീപിലെ രണ്ട് പാര്‍ട്ടികള്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ആശയപരമായി ഒന്ന് തന്നെയാണ്. അഖിലേന്ത്യാ തലത്തില്‍ രണ്ട് പാര്‍ട്ടിയും യു.പി.എ യുടെ ഭാഗം തന്നെയാണ്. ആന്റീ കോണ്‍ഗ്രസ്സായി പ്രവര്‍ത്തിക്കുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനമാണ് ജെ.ഡി.യു. അപ്പോള്‍ ഡോക്ടര്‍ കോയാ സാഹിബിന്റെ പ്രസ്ഥാനമെന്ന് പറഞ്ഞ് ദ്വീപുജനങ്ങളെ കബളിപ്പിച്ച എന്‍.സി.പിയെ വിട്ട് ദ്വീപു ജനങ്ങള്‍ എല്ലാവരും ജെ.ഡി.യു വില്‍ അണിനിരന്ന് പ്രവര്‍ത്തിക്കണമെന്നാണ് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്. ഇത് നിങ്ങളുടെ പാര്‍ട്ടിയാണ്.

(?)ദ്വീപ് ഡയറി പ്രതിനിധി- ഈ തെരെഞ്ഞെടുപ്പില്‍ താങ്കളുടെ പ്രസക്തി?
ഡോ.സാദിഖ്- കഴിഞ്ഞ കാലങ്ങളില്‍ ഇപ്പോള്‍ പ്രധാന സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന രണ്ടാളേയും ദ്വീപുജനങ്ങള്‍ പരീക്ഷിച്ചു കഴിഞ്ഞു. അവരുടെ പ്രവര്‍ത്തനങ്ങളും നമ്മള്‍ കണ്ടു. മറ്റൊരാളെ ദ്വീപുജനങ്ങള്‍ സ്വീകരിക്കില്ല എന്നു പറയാനാവില്ല. അവിടെയാണ് എന്റെ പ്രസക്തി. മറ്റു പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളെ കിടപിടിക്കും വിധം തന്നെ ഞങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം മുമ്പ് തന്നെ ഞങ്ങള്‍ ദ്വീപുകളിലെല്ലാം കവര്‍ ചെയ്തുകഴിഞ്ഞു. മൂന്നാമതൊരു പാര്‍ട്ടിക്ക് വളര്‍ന്ന് വരാനുള്ള എല്ലാ സാഹചര്യങ്ങളും ദ്വീപിലുണ്ട്. വോട്ടു ചെയ്യുന്നത് ജനങ്ങളാണ്. അവര്‍ ഞങ്ങളെ പിന്‍തുണയ്ക്കും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.

(?)ദ്വീപ് ഡയറി പ്രതിനിധി- ആര് ചോദിച്ചാലും പണമെടുത്ത് കൊടുക്കുന്ന ധാരാളിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് താങ്കളെന്ന് പൊതുവെ ദ്വീപിലൊരു സംസാരമുണ്ട്. എവിടെന്നാണ് താങ്കള്‍ക്കിത്രയും കൂടുതല്‍ പണം?
ഡോ.സാദിഖ്- തികച്ചും തെറ്റായ ആരോപണമാണിത്. ഞാനാര്‍ക്കും പണം കൊടുത്തിട്ടില്ല. ഞാന്‍ എന്റെ ബാപ്പാന്റെ പേരില്‍ ഡോക്ടര്‍കോയാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. അതിന്റെ താഴെ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. അത് പൂര്‍ണ്ണമായിട്ടും ഞാനും എന്റെ ഭാര്യയും കുടുംബക്കാരും അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമാണ് ഉപയോഗിക്കുന്നത്. അതില്‍ ഒരംശംപോലും ബ്ലാക്കില്ല. വേണമെങ്കുില്‍ എന്റെ ഇൻകം ടാക്സ് പേപ്പറുകള്‍ പരിശോധിക്കാം. ഞങ്ങളുടെ ട്രസ്റ്റിന്റെ ഒരു പ്രോജക്ടിന്റെ ഭാഗമായി (അഞ്ച് വര്‍ഷമായി) ദ്വീപിലെ സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പിലെ സ്ത്രീകളെ സഹായിക്കുന്നുണ്ട്. ഈ പ്രോജക്ട് ഡല്‍ഹിയിലെ ഒരു കമ്പനിയുമായി എഗ്രിമെന്റ് ചെയ്തിട്ടുണ്ട്. ലക്ഷദ്വീപില്‍ ഒരു IAS കോച്ചിങ്ങ് സെന്ററും ട്യൂഷന്‍ സെന്ററും വരാന്‍ പോകുന്നുണ്ട്. കമ്പ്യൂട്ടര്‍ പഠന സെന്റുകള്‍ വരാന്‍ പോകുന്നു. ഇതെല്ലാം നിയമപരമായി തന്നെ ചെയ്യുന്ന കാര്യങ്ങളാണ്. അതല്ലാതെ എന്‍.സി.പിയും കോണ്‍ഗ്രസ്സും പറയുന്നത്പോലെ ധൂര്‍ത്തായിട്ട് ഞങ്ങളൊന്നും ചെയ്യുന്നില്ല.

(?)ദ്വീപ് ഡയറി പ്രതിനിധി- സോഷ്യല്‍ മീഡിയയില്‍ പൊട്ടിത്തെറിക്കുന്ന താങ്കളുടെ ബന്ധുകൂടിയായ കെ.പി.മുത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് താങ്കളെന്ന് ഒരു ആരോപണമുണ്ടെല്ലോ?
ഡോ.സാദിഖ്- സോഷ്യല്‍ മീഡിയയില്‍ പൊട്ടിത്തെറിക്കുന്ന കെ.പി.മുത്തും ലക്ഷദ്വീപ് രാഷ്ട്രീയത്തില്‍ എന്നെ ഒതുക്കിയ എം.എം.കാസ്മിക്കോയയും എന്റെ ബന്ധുക്കളാണ്. എം.എം.കാസ്മിക്കോയാന്റെ സ്ഥാനാര്‍ത്ഥിയാണ് ഞാനെന്ന് പറഞ്ഞാല്‍ അതും നിങ്ങള്‍ക്ക് നിഷേധിക്കാനാവില്ലല്ലോ? എന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് നിതീഷ് കുമാറാണ്. ഞാന്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിയാണ്. കെ.പി. മുത്തുമായി എനിക്ക് രാഷ്ട്രീയപരമായി ഒരു ബന്ധവുമില്ല. കെ.പി.മുത്ത് അദ്ദേഹത്തിന്റെ സ്വതന്ത്രപരമായ നിലപാടുകള്‍ പറയുന്നയാളാണ്. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഹംദുള്ളാ സഈദിനനുകൂലമായും ഫൈസലിനനുകൂലമായും കാണാം. സി.പി.എം നേയും സി.പിഐയേയും അനുകൂലിച്ച് പറയുന്നതായി കാണാം. അയാള്‍ അയാളുടെ അഭിപ്രായങ്ങളാണ് പറയുന്നത്. അയാൾക്ക് എന്റെ പാര്‍ട്ടിയുമായോ രാഷ്ട്രീയപരമായി ഞാനുമായോ ഒരു ബന്ധവുമില്ല.

(?)ദ്വീപ് ഡയറി പ്രതിനിധി- ദേശീയ രാഷ്ട്രീയത്തില്‍ വര്‍ഗ്ഗീയ ശക്തികളും മതേതര കക്ഷികളും തമ്മിലാണ് പ്രധാന മത്സരം. അപ്പോള്‍ നൂറ് ശതമാനം മുസ്ലിംങ്ങള്‍ അധിവസിക്കുന്ന ലക്ഷദ്വീപില്‍ നിന്നും നരേന്ദ്രമോദി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എയുടെ ഭാഗമായി മത്സരിക്കുമ്പോള്‍ സ്വാഭാവികമായ എതിർപ്പുകൾ ഉണ്ടാവില്ലേ
ഡോ.സാദിഖ്- എന്‍.ഡി.എ യുമായുള്ള സഖ്യം ബീഹാറിലാണുള്ളത്. സില്‍വാസയില്‍ ബി.ജെ.പിയും ജെ.ഡി.യുവും മത്സരിക്കുന്നുണ്ട്. അരുണാചൽപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ജെ.ഡി.യുവും ബി.ജെ.പിയും വേറെ വേറെ തന്നെയാണ് മത്സരിക്കുന്നത്. പിന്നെ 2004 -ല്‍ എന്‍.ഡി.എ കൂട്ടുകെട്ടിലായിരുന്ന ജെ.ഡി.യു വാണ് കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തിയത്. മുത്തലാഖ് ബില്ലിനെ അനുകൂലിച്ച് മാറി നിന്ന എന്‍.സി.പി യുടെ സ്ഥാനാര്‍ത്ഥി മുഹമ്മദ് ഫൈസലാണ്. ലക്ഷദ്വീപിന്റെ എം.പി. എല്ലാ സ്ഥലത്തും പറയുന്നു ലക്ഷദ്വീപിലേക്ക് കപ്പല്‍ കൊണ്ട് വന്നത് നിതീഷ്കുമാറാണന്ന്. അദ്ദേഹം ദ്വീപിലേക്ക് വന്നപ്പോള്‍ എന്‍.സി.പിക്കാര്‍ എതിര്‍ക്കാന്‍ ശ്രമിച്ചതല്ലാതെ കാണാന്‍ വന്നില്ല. അമിത്ഷാ ദ്വീപിലേക്ക് വന്നപ്പോള്‍ അദ്ദേഹത്തെ കാണാനും കുമ്പിട്ട് നില്‍ക്കാനും ഇവര്‍ക്ക് പോകാമെങ്കില്‍ ഇന്ത്യയില്‍ വര്‍ഗ്ഗീയ കക്ഷികള്‍ മതേതര കക്ഷികള്‍ എന്ന് പറയുന്നത് വെറുതെയാണ്. യു.പിയിലും മഹാരാഷ്ട്രയിലും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി ഒറ്റക്കാണ് മത്സരിക്കുന്നത്. തൃണമുല്‍ കോണ്‍ഗ്രസ്സും ഒറ്റക്കാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സും മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുമാണ് എതിരാളികള്‍. അപ്പോള്‍ എങ്ങിനെയാണ് ഇത് ശരിയാകുന്നത്.വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ സംഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

(?)ദ്വീപ് ഡയറി പ്രതിനിധി- താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ ഈ തെരെഞ്ഞെടുപ്പ് വരെ മാത്രമാണോ?
ഡോ.സാദിഖ്- ഒരിക്കലുമില്ല. ഞാന്‍ എന്റെ ബാപ്പയുടെ പാത പിന്‍പറ്റി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. തെരെഞ്ഞടുപ്പ് കഴിഞ്ഞാല്‍ കവരത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പദ്ധതി. സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പുകാര്‍ക്കുള്ള സഹായ പദ്ധതികള്‍, സാന്ത്വനം എന്ന പേരിൽ പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് കൊടുക്കാനുള്ള പദ്ധതികള്‍ അങ്ങനെ ഒരുപാട് ചെയ്യാനുണ്ട്. കവരത്തി, അഗത്തി, കല്‍പേനി ദ്വീപുകളില്‍ ഞങ്ങള്‍ക്ക് ഓഫീസായിക്കഴിഞ്ഞു. കടമത്തില്‍ ഓഫീസിന്റെ പണി പുരോഗമിക്കുന്നു. ഇതെല്ലാം ദ്വീപ് വിട്ടുപോകാനല്ല. ഇവിടെ നിന്ന് പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ്.

(?)ദ്വീപ് ഡയറി പ്രതിനിധി- കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ എന്‍.സി.പി താങ്കൾക്ക് സീറ്റ് നിഷേധിച്ചപ്പോളുള്ള പ്രധാന ആരോപണം താങ്കള്‍ക്ക് പക്വത വന്നിട്ടില്ല എന്നുള്ളതായിരുന്നു. പക്വത വരുന്നത് വരെ കാത്തിരിക്കാമായിരുന്നില്ലേ?
ഡോ.സാദിഖ്- എനിക് പക്വത വന്നോ എന്ന് എന്‍.സി.പി യിലെ ചില നേതാക്കന്മാരാണോ ദ്വീപിലെ ജനങ്ങളാണോ തീരുമാനിക്കേണ്ടത്. അന്ന് ചില ഗൂഡാലോചനയുടെ ഭാഗമായി അവര്‍ പലപ്രചരണങ്ങളും അഴിച്ച് വിട്ടു. ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ ഒരു രാഷ്ട്രീയക്കാരനും ലക്ഷദ്വീപിനെ തൊട്ടറിഞ്ഞ ഡോക്ടര്‍ ബമ്പന്റെ സുഹൃത്തുമായ നിതീഷ്കുമാറിന് ഞാന്‍ പക്വതയുള്ള ആളെന്ന് മനസ്സിലായത് കൊണ്ടാവാം അവര്‍ എന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്. ബംബന്‍ മരിച്ച 2004 ലെ തെരെഞ്ഞടുപ്പില്‍ അവര്‍ പറഞ്ഞു ഡോക്ടര്‍ കോയയുടെ കുടുംബം ഒന്നും ഉണ്ടാക്കിയിട്ടില്ല. സാദിഖ് രംഗത്ത് വന്നാല്‍ കുടുംബം വീണ്ടും പ്രശ്നത്തിലാവും. സാദിഖ് പ്രാക്ടീസ് ചെയ്ത് കുടുംബം സംരക്ഷിച്ച് വരട്ടെ . ഇപ്പോള്‍ പുതുയൊരാള്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞു. ഞാനത് ശിരസ്സാവഹിച്ച് ഡോ.പൂക്കുഞ്ഞിക്കോയക്ക് വേണ്ടി പ്രവര്‍ത്തിച്ചു. 2009 ല്‍ ഡോ.പൂക്കുഞ്ഞിക്കോയാ പാര്‍ട്ടി മാറിയത് കൊണ്ട് അദ്ദേഹത്തിന് എം.പി സ്ഥാനം നഷ്ടപ്പെട്ടു. ഒരു ചാന്‍സുകൂടി കൊടുക്കണം എന്ന് പറഞ്ഞപ്പോള്‍ ഞാനതിനെ എതിര്‍ത്തു. അപ്പോള്‍ നാഷണല്‍ നേതാക്കള്‍ ഇടപെട്ട് 2014- ല്‍ ഡോ.സാദിഖിനെ മത്സരിപ്പിക്കാം എന്ന് വാക്ക് തന്നു. 2014 ല്‍ പാര്‍ട്ടി പലകാരണങ്ങളും നിരത്തി എന്നെ തഴഞ്ഞപ്പോഴാണ് ഞാന്‍ മാറി നിന്നത്.

(?)ദ്വീപ് ഡയറി പ്രതിനിധി- സിറ്റിങ്ങ് എം.പി. പി.പി.മുഹമ്മദ് ഫൈസല്‍, മുന്‍ എം.പി അഡ്വ.ഹംദുള്ളാ സഈദ് -ഇവര്‍ രണ്ടാളുമാണല്ലോ താങ്കളുടെ പ്രധാന എതിരാളികള്‍. ഇവരില്‍ ആര് തോറ്റ് കാണാനാണ് കൂടുതല്‍ ആഗ്രഹിക്കുന്നത്?
ഡോ.സാദിഖ്- ഇവര്‍ രണ്ടാളും തോറ്റ് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ജയിച്ച് കാണാനാണ് ആഗ്രഹം.

(?)ദ്വീപ് ഡയറി പ്രതിനിധി- പി.പി മുഹമ്മദ് ഫൈസലിനേയും ഹംദുള്ളാ സഈദിനേയും വ്യക്തിപരമായി എങ്ങിനെ കാണുന്നു?
ഡോ.സാദിഖ്- രാഷ്ട്രീയപരമായി വിലയിരുത്തുന്നതല്ലേ നല്ലത്. കഴിഞ്ഞ പ്രാവശ്യം ദ്വീപ് ഡയറി ചോദിച്ചപ്പോള്‍ പി.പി.ഫൈസല്‍ എനിക്കൊരു അനുജനെപോലെയാണെന്നാണ് പറഞ്ഞത്. അത് ഇപ്പോഴും അങ്ങിനെ തന്നെയാണ്. പക്ഷെ അനിയന്മാര്‍ വീട്ടില്‍ കയറി പ്രശ്നമുണ്ടാക്കാനും നമ്മളെ നശിപ്പിക്കാനും ശ്രമിക്കുമ്പോള്‍ നമുക്കതിനെ പ്രതിരോധിക്കേണ്ടി വരും. അതാണ് ഞാന്‍ ചെയ്യുന്നത്. ഹംദുള്ളാ സഈദിനെ സംബന്ധിച്ചോളം എനിക്ക് വ്യക്തിപരമായിട്ട് ഒരു ബന്ധവുമില്ല. അദ്ദേഹം അദ്ദേഹത്തിന്റ പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നു.

(?)ദ്വീപ് ഡയറി പ്രതിനിധി- സ്വാതന്ത്ര്യം കിട്ടി അര നൂറ്റാണ്ട് കഴിഞ്ഞിട്ടും നമ്മള്‍ ഇന്നും ഏകാധിപത്യ ഭരണത്തിന്‍ കീഴിലാണ്. ജനാധിപത്യ സംവീധാനങ്ങളായ പഞ്ചായത്ത് സ്ഥാപനങ്ങള്‍ വെറും നോക്കുകുത്തികളായി നില്‍ക്കുന്നു. ഇതിന് ഒരു മാറ്റം വേണ്ടേ?

ഡോ.സാദിഖ്- നേരത്തെ ഉണ്ടായിരുന്ന പ്രദേശ് കൗണ്‍സിലിന് മിനി അസംബ്ലിയുടെ പവര്‍ കൊടുക്കണമെന്ന വാദം ബാപ്പ ഉന്നയിച്ചിരുന്നു. അത് ഭാരത സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും അന്നത്തെ അഡ്മിനിസ്ട്രേഷനും ഉദ്യോഗസ്ഥന്മാരും തങ്ങളുടെ അധികാരം നഷ്ടപ്പെട്ട് പോവും എന്ന് ഭയപ്പെട്ടതിനെ തുടര്‍ന്നാണ് പഞ്ചായത്തീരാജ് കൊണ്ട് വരണമെന്ന് അവര്‍ ആവശ്യപ്പെട്ടത്. പ്രദേശ് കൗണ്‍സിലിനെ ഇല്ലാതാക്കിയാണ് പഞ്ചായത്ത് സ്ഥാപിച്ചത്. ശരിക്കും പഞ്ചായത്ത് രൂപീകരിക്കുകയും അതിന് മുകളില്‍ പ്രദേശ് കൗണ്‍സിലിനെ നിലനിര്‍ത്തികയും ചെയ്തിരുന്നെങ്കില്‍ ഇന്നീ പ്രശ്നം ഉണ്ടാവില്ലായിരുന്നു. ഇന്നത്തെ ലക്ഷദ്വീപിന്റെ സാഹചര്യത്തില്‍ മിനി അസംബ്ലി എന്നൊക്കെ പറയുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. നമുക്ക് വേണ്ടത് ഖൂർഖാലാൻഡ് കൗൺസിൽ പോലെ ലക്ഷദ്വീപ് ഗവേണ്‍ കൗണ്‍സിലാണ്. പഞ്ചായത്തിനെ അതുപോലെ നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനു മുകളില്‍ ഇങ്ങനെ ഒരു സംവീധാനം വന്നാല്‍ കാലക്രമേണ ഇതൊരു മിനി അസംബ്ലിയായി പരിഷ്ക്കരിച്ചെടുക്കാവുന്നതാണ്. പോണ്ടിച്ചെരിയിലുള്ളത്പോലെ യൂണിയന്‍ടേലിറ്ററി സ്ഥാറ്റസുള്ള ഒരു അസംബ്ലി രൂപീകരിച്ചാലെ നമുക്ക് നമ്മുടേതായ രീതിയില്‍ നമ്മളെ ഭരിക്കാന്‍ കഴിയൂ. അതിന് പക്വമായ ഒരു രാഷ്ട്രീയ നേതൃത്വം കൂടി ദ്വീപിലുണ്ടാവണം എന്ന് കൂടി അതിനോട് അതിനോടൊപ്പം ചെര്‍ത്ത് പറയേണ്ടതുണ്ട്.
(?)ദ്വീപ് ഡയറി പ്രതിനിധി- നമുക്ക് ഒരു വിദ്യാഭ്യാസ പോളിസിയോ സാംസ്ക്കാരിക പോളിസിയോ ഇല്ല. ഒരു സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ പ്രധാനമാണ് ഇവ. എന്താണ് താങ്കളുടെ അഭിപ്രായം?www.dweepdiary.com
ഡോ.സാദിഖ്- നമ്മുടെ ചരിത്രങ്ങളും സാമൂഹിക സംവീധാനങ്ങളെക്കുറിച്ചും ഇതിവരെയായി ശാസ്ത്രീയമായ പഠനങ്ങളോ പുസ്തകങ്ങളോ ഇറങ്ങിയിട്ടില്ല. പലരും അവിടെയും ഇവിടെയും എഴുതിയതല്ലാതെ നല്ല രീതിയിലുള്ള പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിട്ടില്ല. നമ്മുടെ സാമൂഹിക സംവീധാനങ്ങളെക്കുറിച്ചും ഇവിടത്തെ നേതാക്കളെക്കുറിച്ചും നമ്മുടെ പരിസ്ഥിതിയെക്കുറിച്ചുമൊക്കെ 9-ാം ക്ലാസ്സ് വരെ അല്ലെങ്കില്‍ 5-ാം ക്ലാസ്സ് വരെയെങ്കിലും നമുക്കൊരു സിലബസ് ഉണ്ടാവണം. അതുപോലെ നമ്മുടെ വിദ്യാഭ്യാസം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തണം. അത് നടക്കാത്ത കാര്യമല്ല. ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി വന്നപ്പോള്‍ അവിടത്തെ സ്കൂളുകള്‍ കെജ്റിവാള്‍ എത്ര നല്ല നിലയിലാക്കി. നടക്കാത്തതല്ല. അധികാരികള്‍ തങ്ങളുടെ ഇച്ഛാശക്തി ഉപയോഗിക്കാത്തതാണ് പ്രശ്നം. പിന്നെ ലക്ഷദ്വീപില്‍ ഒരു മേഖലയിലും പോളിസിയില്ല. ഷിപ്പിങ്ങ് മേഖലയില്‍ എന്ത്കൊണ്ട് സ്വന്തമായൊരു കോര്‍പ്പറേഷന്‍ രൂപീകരിച്ചിട്ടില്ല. എല്‍.ഡി.സി.എല്‍ കൊപ്പരക്കും മാസിനും മാര്‍ക്കറ്റ് കണ്ടെത്താന്‍ വേണ്ടിയാണെന്നാണ് അതിന്റെ ബൈലോയിലുള്ളത് . ഫിഷര്‍മാന്‍മാര്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളും ലക്ഷദ്വീപില്‍ നടപ്പിലാക്കുന്നില്ല. വീടു വെക്കുവാനും സ്റ്റോര്‍ തുടങ്ങുവാനും തുടങ്ങി എത്ര പദ്ധതികളാണ് ദ്വീപുകാര്‍ അറിയാതെ പോകുന്നത്.

(?)ദ്വീപ് ഡയറി പ്രതിനിധി- ഇപ്പോഴത്തെ ഭരണപക്ഷത്തിനെതിരെ ഉന്നയിക്കുന്ന മാസ് വിഷയത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
ഡോ.സാദിഖ്- എല്ലാദ്വീപിലും പോയി കൊളമ്പോ കമ്പനിയുടെ ഏജന്റാണെന്ന് പറഞ്ഞ് മാസ് എടുത്ത റാസി എന്ന വ്യക്തി ഇന്നത്തെ പാര്‍ലമെന്റ് മെമ്പറുടെ കസിനാണ്. ഇത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. മാസെടുക്കുന്ന സമയത്ത് ഞാന്‍ കടമത്തിലായിരുന്നു. അന്ന് ഞാന്‍ പറഞ്ഞത് ഇത് ജയിച്ചാല്‍ അത് വലിയ നേട്ടമായിരിക്കും. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം എം.പിക്കായിരിക്കുമെന്നാണ്. അതുപോലെ പരാജയപ്പെട്ടാലും ഉത്തരവാദിത്വം എം.പി തന്നെ ഏറ്റെടുക്കണം എന്നും പറഞ്ഞിരുന്നു. ഇപ്പോളെന്താണ് ഒളിച്ചോടാന്‍ ശ്രമിക്കുന്നത്. പിന്നെ ഈ മാസ് സംഭരണത്തില്‍ വലിയ അഴിമതി നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു സ്വതന്ത്രമായ അന്വേഷണ ഏജന്‍സിയെ കൊണ്ടന്വേഷിക്കണം. ആദ്യമായ ശ്രീലങ്കയിലേക്കയച്ച പത്ത് മെട്രിക് ടണ്‍ മാസിന്റെ പൈസ ആരുടെ എക്കൗണ്ടിലേക്കാണ് പോയിരിക്കുന്നത്?. അതുപോലെ ഈ മാസെടുത്ത ശ്രീലങ്കന്‍ ഏജന്റിനെ ലക്ഷദ്വീപിലേക്ക് പരിചയപ്പെടുത്തിയതാരാണ്? അതുപോലെ ശ്രീലങ്കയിലേക്ക് അയക്കാന്‍ കഴിയാതെ ബേപ്പൂരില്‍ കെട്ടിക്കിടന്ന മാസ് ലേലം ചെയ്തെടുത്ത കരയിലെ കച്ചവടക്കാര്‍ ദ്വീപില്‍ വന്ന് മാസെടുത്തിരുന്നുവെങ്കില്‍ 350 മുതല്‍ 400 രൂപയ്ക്കായിരിക്കും മാസെടുക്കുക. ട്രാന്‍സ്പോട്ടേഷന്‍ ചെലവ് വേറെ വരുമായിരുന്നു. ഇതൊന്നുമില്ലാതെ 200 ഉം 210 രൂപയക്കും അവര്‍ മാസെടുത്ത് എവിടെ കൊണ്ട്പോയി വിറ്റു? അവര്‍ വിദേശത്തോ മറ്റ് സംസ്ഥാനങ്ങളിലോ പോയി വിറ്റിട്ടുണ്ടാവും? എന്റെ അറിവില്‍ ഇവര്‍ പഴയ വിലയില്‍ അതായത് ദ്വീപുകാര്‍ക്ക് ഓഫര്‍ ചെയ്ത വിലയില്‍ തന്നെ വിറ്റു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അപ്പോള്‍ ഈ ഏജന്റുകാര്‍ക്ക് വേണ്ടിയാണ് മാസ് സംഭരിച്ചതെന്ന് രാഷ്ട്രീപരമായി ഞങ്ങള്‍ ചോദിക്കുന്നതിലെന്താണ് തെറ്റ്. അത് അങ്ങനെയല്ലാ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ഇവര്‍ക്കുണ്ട്.

(?)ദ്വീപ് ഡയറി പ്രതിനിധി- ജെ.ഡി.യു ഈ മാസ് വിഷയത്തില്‍ ഒരു കേസ് നടത്തിയിരുന്നല്ലോ‍? എന്താണതിന്റെ ഇപ്പോഴത്തെ അവസ്ഥ?.
ഡോ.സാദിഖ്- അദാലത്തിലുണ്ടായ വിധിക്കെതിരെ അവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ക്ക് പോയപ്പോള്‍ കോടതി പറഞ്ഞു നിങ്ങള്‍ കൊടുക്കാമെന്ന് പറഞ്ഞ പകുതി പൈസ അമിനി കോടതിയില്‍ കെട്ടി വെക്കണമെന്ന്. പൈസ കെട്ടിവെച്ചിട്ട് അവര്‍ അപ്പീലിന് പോയി. അമിനിയില്‍ കെട്ടിവെച്ച പൈസ കോടതി ബോട്ടുടമ മുഹമ്മദിന് കൊടുത്തു. അദ്ദേഹം ആ പൈസ മുഴുവനും തന്റെ ബോട്ടിലെ മത്സ്യ തൊഴിലാളികള്‍ക്ക് വീതം വെച്ച് കൊടുത്തു. മറ്റ് പ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികള്‍ക്ക് കിട്ടിയ പൈസയേക്കാള്‍ കൂടുതല്‍ മുഹമ്മദിന് ഈ മത്സ്യ തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞു. ഇനി കേസ് കഴിഞ്ഞാല്‍ ബാക്കി പൈസ കൂടി കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴും ഞങ്ങള്‍ ആ കേസിന് പുറകിലുണ്ട്. മറ്റ് മത്സ്യ തൊഴിലാളികള്‍ ‍ഞങ്ങളോടൊപ്പം സഹകരിക്കുകയാണെങ്കില്‍ ഈ കേസില്‍ കക്ഷി ചേര്‍ന്ന് വേണ്ട നടപടി കളിലേക്ക് നീങ്ങാനാവും.

(?)ദ്വീപ് ഡയറി പ്രതിനിധി- കുറേ നാളുകള്‍ക്ക് മുമ്പ് എം.പി പി.പി. മുഹമ്മദ് ഫൈസല്‍ ദ്വീപ് ഡയറിക്ക് നല്‍കിയ അഭിമുഖത്തില്‍ മത്സ്യ തൊഴിലാളികള്‍ക്ക പരാതിയില്ലെന്നും എതിരാളികളായ രാഷ്ട്രീയക്കാരാണ് ഇത് മോശമാക്കുന്നതെന്നുമാണല്ലോ പറഞ്ഞത്? (ഈ അഭിമുഖം ഉടൻ പ്രസിദ്ധീകരിക്കും)
ഡോ.സാദിഖ്- കുറച്ച് നാളുകള്‍ക്ക് മുമ്പ് അദ്ദേഹം കല്‍പേനി സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ മത്സ്യ തൊഴിലാളികള്‍ എം.പിയെ കാണാന്‍ പോവുകയും അവര്‍ അദ്ദേഹത്തോട് രോഷം പ്രകടിപ്പിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് നാമെല്ലാം കേട്ടതാണല്ലോ? പിന്നെങ്ങനെയാണ് മത്സ്യതൊഴിലാളികള്‍ക്ക് പ്രശ്നമില്ലെന്ന് പറയാന്‍ കഴിയുന്നത്. പല മത്സ്യ തൊഴിലാളികളും കടലില്‍ പോവുന്ന ബോട്ട് ഓണേഴ്സ് എന്‍.സി.പിക്കാരായിരിക്കും. പ്രതികരിക്കുമ്പോള്‍ ജോലി നഷ്ടപ്പെടുന്നത് കൊണ്ടാവാം പരസ്യമായി രംഗത്ത് വരാത്തത്. അവര്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങളുണ്ട്. ഈ തെരെഞ്ഞെടുപ്പില്‍ അത് പ്രകടമാവും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

(?)ദ്വീപ് ഡയറി പ്രതിനിധി- കല്‍പേനി പലപ്പോഴും കേരളത്തിലെ കണ്ണുര് പോലെയാണ്. അവിടെ എപ്പോഴും അക്രമ രാഷ്ട്രീയം നിലനില്‍ക്കുന്നതായി കാണാം. ഒരു വേദിയില്‍ നിന്നും കോണ്‍ഗ്രസ്സ് പ്രസിഡന്റിനെ അടിച്ച് താഴെയിട്ടതും, ചമയം ഹാജാഹുസൈനെ അക്രമിക്കാന്‍ ശ്രമിച്ചതും മുതല്‍ അനവധി സംഭവങ്ങളുണ്ട്. കുറെ കാലം വരെ താങ്കളും അതിന്റെ ഭാഗമായിരുന്നില്ലേ?
ഡോ.സാദിഖ്- ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നാലാം ക്ലാസ്സില്‍ പഠിക്കുമ്പഴാണ്. അന്ന് സ്കൂള്‍ ലീഡറായിരുന്നു. അതിന് ശേഷം പല സ്കൂളിലേയും സ്കൂള്‍ ലീഡറായിരുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഗ്രൗണ്ട് വാട്ടര്‍ പമ്പിങ്ങിനെതിരെ അഡ്മിനിസ്ട്രേറ്റര്‍ ഒമൈസൈഗാളിനെതിരെ സമരം ചെയ്തത്. അക്കാലഘട്ടത്തിലൊന്നും ഇതുപോലുള്ള ഗുണ്ടാ അക്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. അതുപോലെ പി.പി.മുഹമ്മദ് ഫൈസല്‍ ജയിച്ച തെരെഞ്ഞെടുപ്പില്‍ ക്രൂരമായ അക്രമം നടക്കുമ്പോള്‍ ഞാന്‍ എന്‍.സി.പിയുടെ ഭാഗമേ അല്ല. എന്നാല്‍ ചില ക്രിമിനല്‍സ് കല്‍പേനിയില്‍ ഉണ്ട് എന്ന് വ്യക്തമായി ഞാന്‍ പറയും. അത് എന്‍.സി.പിയിലും കോണ്‍ഗ്രസ്സിലുമുണ്ട്. കോണ്‍ഗ്രസ്സുകാര്‍ക്ക് പുറത്ത് വരാന്‍ പേടിയുള്ളത് കാരണം അവര്‍ മറഞ്ഞ് നില്‍ക്കുന്നു. പണ്ട് ജെ.ഡി.യു കാര്‍ കെട്ടിയ ഷെഡിലേക്ക് കോണ്‍ഗ്രസ്സുകാര്‍ തീവെച്ചതിനെ തുടര്‍ന്ന് ലാത്തിച്ചാര്‍ജും കേസുമൊക്കെ ഉണ്ടായിട്ടുണ്ട് . പക്ഷെ ഈ സാഹചര്യങ്ങളെ മുതലെടുത്ത് ചില ഗുണ്ടകള്‍ പേടിപ്പിക്കാനും മറ്റും ശ്രമിക്കുന്നത് സത്യം തന്നെയാണ്. അതുപോലെ ഞാനീ വികസനയാത്ര നടത്തി എല്ലാ ദ്വീപിലും പോയി. എനിക്ക് നേരെ അക്രമണം ഉണ്ടായത് അമിനിയില്‍ നിന്നാണ്. അതുപോലെ ഡോ.പൂക്കുഞ്ഞിക്കോയ തോറ്റ തെരെഞ്ഞെടുപ്പില്‍ ആന്ത്രോത്തില്‍ കോണ്‍ഗ്രസ്സുകാര്‍ അക്രമണം അഴിച്ച് വിട്ടു. അമിനിയില്‍ എത്ര അക്രമണം നടന്നിട്ടുണ്ട്. അപ്പോള്‍ ഇത് ആര് ചെയ്താലും അന്നും ഇന്നും ഞങ്ങള്‍ ഇതിനെതിരാണ്. അത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവാനേ പാടില്ല.

(?)ദ്വീപ് ഡയറി പ്രതിനിധി- ദ്വീപിലെ ഇടതുപക്ഷ പാര്‍ട്ടികളോട് എന്താണ് സമീപനം?
ഡോ.സാദിഖ്- ഞാന്‍ അടിസ്ഥാനപരമായി ഇടത് മുന്നണി രാഷ്ട്രീയക്കാരനാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. പക്ഷെ ദ്വീപു രാഷ്ട്രീയത്തില്‍ വന്ന നേതാക്കളുടെ അപാകതയാണോ എന്നറിയില്ല അവരുടെ പ്രവര്‍ത്തനങ്ങള്‍ അക്രമത്തിന്റെ ഭാഗത്തിലേക്ക് തുടരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷെ ബൈപ്പാസ് സിസ്റ്റത്തില്‍ മൂന്നാമതൊരു കക്ഷി വളര്‍ന്ന വരുന്നതിനെ രണ്ട് പാര്‍ട്ടികളും ഭയപ്പെടുന്നത് കൊണ്ടാവാം അത്. നൂറ് ശതമാനം മുസ്ലിമീങ്ങൾ അധിവസിക്കുന്ന സ്ഥലമായിട്ടും മുസ്ലീം ലീഗിന് ഇവിടെ ക്ലച്ച് പിടിക്കാനായില്ല. ഡോ.ബമ്പന്‍ എപ്പോഴും പറയുമായിരുന്നു നല്ലവശങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഒരു സോഷ്യലിസ്റ്റ് സിസ്റ്റമാണ് ദ്വീപിനാവശ്യമെന്ന്. അതുകൊണ്ടാണ് ഞാനിങ്ങനെ പ്രവര്‍ത്തിക്കുന്നത്.

(?)ദ്വീപ് ഡയറി പ്രതിനിധി- ഡോ.ബംബന്റെ ഫോട്ടോ എന്‍.സി.പി ഉപയോഗിക്കുന്നതിനെ താങ്കള്‍ പ്രതിരോധിച്ചതെന്തിനായിരുന്നു?
ഡോ.സാദിഖ്- ഡോ.ബമ്പന്‍ ഒരിക്കലും പ്രവര്‍ത്തിക്കാത്ത കോണ്‍ഗ്രസ്സ് ആശയമുള്ള പാര്‍ട്ടിയാണ് എന്‍.സി.പി. അത് ബമ്പന്റെ ആദര്‍ശത്തിലുള്ള പാര്‍ട്ടിയല്ല. അത്കൊണ്ട് തന്നെ ധാര്‍മികപരമായി ബമ്പന്റെ ഫോട്ടോ അവര്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അതുപോലെ ഡോ.ബമ്പന്‍ സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്. എല്‍.വി.എസി ലുണ്ടായിരുന്നു. അതുപോലെ ജനതയിലും, സമതയിലും, ജനതാദൾ യുണൈറ്റഡിലും ഉണ്ടായിരുന്നു. ഇതെല്ലാം കോണ്‍ഗ്രസ്സിനെതിരെയുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നു. കോണ്‍ഗ്രസ്സിന്റെ അതേ ആശയമുള്ള എന്‍.സി.പിയില്‍ നിന്ന് കൊണ്ട് ഇവര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. ഒരു കാര്യം പറയാനുണ്ട് ഒന്നുകില്‍ എല്ലാവരും എന്‍.സി.പി വിട്ട് ജെ.ഡി.യു വില്‍ അണിനിരന്ന് നമുക്ക് കോണ്‍ഗ്രസ്സിനെതിരെ പ്രവര്‍ത്തിക്കാം. അല്ലെങ്കില്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് നിന്ന് നിങ്ങള്‍ പ്രവര്‍ത്തിക്കണം. അതുമാത്രമല്ല കുടുംബപരമായ ജലസ് നോക്കുകയാണെങ്കിലും ഇത് തെറ്റാണ്. കുന്നാംഗലം പൂക്കോയയുടെ മകന്‍ മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഫോട്ടോയല്ലേ ഉപയോഗിക്കേണ്ടത്. അദ്ദഹവും രാഷ്ട്രീയ നേതാവും സാമൂഹ്യപ്രവര്‍ത്തകനുമെല്ലാമായിരുന്നല്ലോ? ഞങ്ങള്‍ അതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും.

(?)ദ്വീപ് ഡയറി പ്രതിനിധി- എന്‍.സി.പിയില്‍ പ്രവര്‍ത്തിക്കുന്ന നൂറ് ശതമാനം ആളുകളും ഡോ.ബമ്പന്റെ പിറകില്‍ നിന്ന് പ്രവര്‍ത്തിച്ചവരാണ്. അവര്‍ ഡോ.സാദിഖിനെ എന്‍.സി.പിയിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ ക്ഷണം സ്വീകരിക്കുമോ‍‍?
ഡോ.സാദിഖ്- ജനങ്ങള്‍ക്ക് വേറൊരു ചോയിസ് ഇല്ലായിരുന്നു. എന്‍.സി.പിയും കോണ്‍ഗ്രസ്സുമായിരുന്നു മുന്നില്‍. ഇപ്പോള്‍ തേഡ് ഫ്രണ്ടായി ഞങ്ങള്‍ വന്നിരിക്കുന്നത് ബമ്പന്റെ യഥാര്‍ത്ഥപാര്‍ട്ടിയായ ജെ.ഡി.യുമായിട്ടാണ്. ലക്ഷദ്വീപ് ജനത എന്നെ മനസ്സിലാക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഞാനിനി എന്‍.സി.പിയിലേക്ക് പോകുന്ന പ്രശ്നമേ ഇല്ല.

(?)ദ്വീപ് ഡയറി പ്രതിനിധി- ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡ് താനാണ് കൊണ്ടു വന്നതെന്ന് എം.പി, അത് തന്റെ ഭരണകാലത്ത് യു,പി.എ ഉണ്ടാക്കിയ രൂപരേഖയുടെ ഭാഗമാണെന്ന് മുന്‍ എം.പി, മൂന്നാമതായി താങ്കള്‍ അതിനെ എങ്ങിനെ കാണുന്നു?
ഡോ.സാദിഖ്- ഇത് ഇന്ത്യയൊട്ടുക്കും ഭാരത സര്‍ക്കാര്‍ നടപ്പിലാക്കിയ ഒരു പദ്ധതിയുടെ ഭാഗമാണ്. കേന്ദ്രം ഭരിക്കുന്നത് എന്‍.ഡി.എ യാണ്. എന്‍.സി.പിയും കോണ്‍ഗ്രസ്സും അതിന്റെ ഭാഗമല്ല. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യ ഒട്ടുക്കും നടപ്പിലാക്കുന്ന പദ്ധതികള്‍ ദ്വീപില്‍ നിലവില്‍ വരുമ്പോള്‍ അത് തങ്ങള്‍ ചെയ്തതാണെന്ന് പറഞ്ഞ് ഉത്തരവാധിത്വം ഏറ്റെടുക്കുന്നത് എന്തര്‍ത്ഥത്തിലാണ്. അപ്പോള്‍ നഷ്ടപ്പെട്ടതിന്റേയും ഉത്തരവാദിത്വം ഇവര്‍തന്നെയല്ലേ ഏറ്റെടുക്കേണ്ടത്?

(?)ദ്വീപ് ഡയറി പ്രതിനിധി- ഡോ.കെ.കെ.മുഹമ്മദ് കോയ സീനിയര്‍ സെക്കണ്ടറി സ്കൂളിന്റെ നാമകരണം എം.പി മുഹമ്മദ് ഫൈസലിന്റെ സംഭാവനയാണോ? എന്‍.സി.പിയുടെ ബുക്ക് ലെറ്റില്‍ അങ്ങനെ കാണുന്നു?
ഡോ.സാദിഖ്- അതെങ്ങനെ സംഭവിക്കുന്നു? ബംബന്‍ മരിച്ചയുടനെ അങ്ങനെയൊരു പ്രപ്പോസല്‍ പൂക്കോയാ തങ്ങള്‍ കൊണ്ട് വന്നിരുന്നു. പക്ഷെ അത് നടന്നില്ല. യു,സി.കെതങ്ങളുടെ പഞ്ചായത്തിന്റെ കാലത്തിലും നടന്നില്ല. ഞാന്‍ ഡി.പി മെമ്പറായിരിക്കുമ്പോഴാണ് അങ്ങനെയൊരു പ്രമേയം ജില്ലാ പഞ്ചായത്തില്‍ അവതരിപ്പിച്ചത്. അതില്‍ എല്ലാ ദ്വീപിലേയും നേതാക്കന്മാരുടെ പേരുകള്‍ സര്‍ക്കാര്‍ സ്ഥാപനത്തിന് ഇടണമെന്ന് പറയുന്നുണ്ട്. അതിനെ തുടര്‍ന്ന് അന്നത്തെ ചീഫ് കൗണ്‍സിലര്‍ ജലാലുദ്ധീന്‍ കോയയും അഡ്മിനിസ്ട്രേറ്റര്‍ സെല്‍വരാജും കല്‍പേനി സന്ദര്‍ശിച്ചപ്പോഴാണ് ആ നാമകരണം നടന്നത്. പിന്നെങ്ങനെയാണ് അതിന്റെ ഉത്തരവാദിത്വം ഇവര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്നത്. ദ്വീപില്‍ ആദ്യമായി ജോബ് ഫയര്‍ കൊണ്ട് വന്നതും അദ്ദേഹമാണെന്ന് പറയുന്നുണ്ടല്ലോ. ആദ്യമായി കരവത്തിയിലും അഗത്തിയിലും വെച്ച് ജോബ് ഫെയര്‍ സംഘടിപ്പിച്ചത് എന്റെ നേതൃത്വത്തില്‍ ഡോ.കോയാ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ്. വേറെ പലരും ചെയ്ത കാര്യങ്ങള്‍ താനാണ് ചെയ്തതെന്ന് പറയാന്‍ ശ്രമിക്കുന്ന സ്വഭാവം അദ്ദേഹത്തിന് എപ്പോഴുമുണ്ട്.

(?)ദ്വീപ് ഡയറി പ്രതിനിധി- നിങ്ങള്‍‌ ജയിച്ച് കഴിഞ്ഞാല്‍ എന്താണ് പ്രധാനമായും ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?
ഡോ.സാദിഖ്- ലക്ഷദ്വീപുകളിലെ പല വീടുകളിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇല്ലാത്ത വീടുകളുണ്ട്. ദ്വീപുകളില്‍ എല്ലാ വീടുകളിലും ഒരു ഉദ്യോഗസ്ഥനെന്ന വിധത്തില്‍ ക്രമീകരിക്കുകയും ദ്വീപിലെ വിദ്യാഭ്യാസ മേഖലകളില്‍ സമൂലമായ മാറ്റം കൊണ്ടുവരുകയും ചെയ്യുകയാണ് എന്റെ ഉദ്ദേശ്യം. ദ്വീപിലെ ഏതെങ്കിലും സ്കൂളിനെ ഇന്‍റ്റര്‍ നാഷണല്‍ സ്കൂളിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുകയും IAS, IPS പോലുള്ള പരീക്ഷകള്‍ക്ക് നമ്മുടെ വിദ്യാര്‍ത്ഥികളെ സജ്ജരാക്കാനുള്ള സൗകര്യം ചെയ്യുക. വീടില്ലാത്തവര്‍ക്ക് വീട് വെച്ച് നല്‍കും അങ്ങനെ ഒട്ടേറെ കാര്യങ്ങളുണ്ട്.

(?)ദ്വീപ് ഡയറി പ്രതിനിധി- എന്താണ് ദ്വീപ് ഡയറിയെക്കുറിച്ചുള്ള അഭിപ്രായം?
ഡോ.സാദിഖ്- ദ്വീപ് ഡയറി ദ്വീപുകളില്‍ നല്ലൊരു കര്‍ത്തവ്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇനിയും നല്ലനിലയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കാവട്ടെ. അതിനുവേണ്ട എല്ലാ സഹായ സഹകരണങ്ങള്‍ എന്നില്‍ നിന്നുണ്ടാകും എന്ന് കൂടി അറിയിക്കട്ടെ. www.dweepdiary.com

അഭിമുഖം pdf രുപത്തില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY