DweepDiary.com | ABOUT US | Tuesday, 30 April 2024

ലക്ഷദ്വീപിൻ്റെ സമ്പൂർണ്ണ വികസനം ഉറപ്പു നൽകി എൻ സി പി പ്രകടന പത്രിക പുറത്തിറക്കി

In Politics BY Web desk On 09 April 2024

കവരത്തി : പതിനെട്ടാമത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ നിന്ന് മത്സരിക്കുന്ന എൻ സി പി സ്ഥാനാർത്ഥി യൂസുഫ് ടി പി പ്രകടന പത്രിക പുറത്തിറക്കി. ലക്ഷദ്വീപ് ജനതയുടെ സ്വയംപര്യാപ്തത അടിസ്ഥാനമാക്കിയുള്ള ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളുമാണ് പ്രകടന പത്രികയിൽ ഊന്നിപ്പറയുന്നത്. ലക്ഷദ്വീപ് നിവാസികളുടെ സാമ്പത്തിക സാമുദായിക സാംസ്കാരിക രംഗങ്ങളിലെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള വാഗ്ദാനങ്ങളും പദ്ധതികളുമാണ് പത്രികയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വിശപ്പു രഹിത ലക്ഷദ്വീപ് എന്ന ആശയത്തിൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് എല്ലാ നേരവും പോഷകാഹാരം ലഭ്യമാക്കും. ഇതിനായി സൗജന്യ ഭക്ഷണ ശാലകൾ സജ്ജീകരിക്കും. ലക്ഷദ്വീപിന് ഒരു സംസ്ഥാന പദവി നേടിയെടുക്കും എന്നതാണ് പ്രധാന പ്രഖ്യാപിത ലക്ഷ്യം. ഇതോടൊപ്പം പുതിയ അഡ്മിനിസ്‌ട്രേറ്റർ വന്നതിന് ശേഷം കൊണ്ടുവന്ന എല്ലാ ജനദ്രോഹ റെഗുലേഷനുകളും റദ്ദാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും പറയുന്നുണ്ട്. ദ്വീപ് ജനതയുടെ പങ്കാളിത്തം ഉറപ്പാക്കിയുള്ള ഉത്തരവാദിത്വ ടൂറിസമാണ് എൻ സി പി വിഭാവനം ചെയ്യുന്നത്. ലക്ഷദ്വീപിലെ മത്സ്യസമ്പത്തിനെ കാര്യമായി വിനിയോഗിക്കുന്ന പദ്ധതി അവതരിപ്പിക്കുന്നുണ്ട്. ദ്വീപിൽ ലഭ്യമായ മത്സ്യങ്ങൾ നൂതന രീതിയിൽ സംസ്‌കരിച്ച് റെഡി ടു കുക്ക് എന്ന രൂപത്തിൽ ദ്വീപിന് പുറത്തേക്കും വിദേശങ്ങളിലേക്കും കയറ്റി അയക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തി വ്യവസായ ശൃംഖലകളും ആരംഭിക്കും. ആശുപ്രതികളുടെയും ആരോഗ്യ മേഖലയുടെയും നിലവാരം ഉയർത്തും. എയർ ആംബുലൻസ് സൗകര്യം വിപുലപ്പെടുത്തുമെന്നടക്കമുള്ള കാര്യങ്ങളും ആരോഗ്യ രംഗത്തെ പദ്ധതികളായി പറയുന്നുണ്ട്. മംഗലാപുരം, ബേപ്പൂർ തുറമുഖങ്ങളിൽ നിന്നുള്ള കപ്പൽ സർവ്വീസ് പുനരാംരംഭിക്കും. അഗത്തി എയർപോർട്ട് വികസിപ്പിക്കും. മുഴുവൻ ദ്വീപുകളിലും പെട്രോൾ പമ്പുകൾ ആരംഭിക്കും. നൈറ്റ് എംബാർക്കേഷൻ സൗകര്യം കൊണ്ടു വരും. വിദാഭ്യാസ മേഖലയിൽ വിദേശ വിദ്യാഭ്യസ ഇൻഫർമേഷൻ സെൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഓഫ് കാംപസ്, IIT, IIM എന്നിവയുടെ സാറ്റലൈറ്റ് സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപിക്കും എന്ന് പ്രഖാപിക്കുന്നുണ്ട്. വിവിധ തസ്തികകളിൽ നിന്ന് പിരിച്ച് വിടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന തരത്തിലുള്ള പ്രൊജകടുകൾ നടപ്പിലാക്കും. സ്ത്രീശാക്തീകരണ രംഗത്ത് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തും. ലക്ഷദ്വീപിലെ ഭിന്നശേഷിക്കാരുടെ സംഘടനയായ LDWA യുമായി സഹകരിച്ച് അവർക്കാവശ്യമായ പദ്ധതികൾ നടപ്പാക്കും. പണ്ഡാരം ഭൂമി , എസ് ടി തുടർച്ചാവകാശം തുടങ്ങിയ വിഷയങ്ങളിൽ നിയമവിധേയമായ പ്രശ്ന പരിഹാരത്തിന് മുൻകയ്യെടുക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് എൻ സി പി മുന്നോട്ടു വെച്ചിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY