ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
കവരത്തി : ലക്ഷദ്വീപിൽ രാത്രി ഏറെ വൈകി ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ ആകെ 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 57784 വോട്ടുകളിൽ 48468 വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടത്.
ബിത്രയിലാണ് ഏറ്റവും കൂടുതൽ പോൾ നിരക്കുള്ളത്. 103.38% ശതമാനം പോളിംഗ് നടന്ന ബിത്രയിൽ ആകെ 245 വോട്ടുകളാണ് രേഖപ്പെടുത്തിയത്. മിനിക്കോയിലാണ് ഏറ്റവും കുറവ് പോളിംഗ് നടന്നത്. 8602 വോട്ടർമാരുള്ള ഇവിടെ 64% വോട്ടുകളാണ് പോൾ ചെയ്തത്. ചെത്ലാത്ത് - 91%, കിൽത്താൻ - 90%, കടമത്ത് - 89%, ആന്ത്രോത്ത് 87%, കൽപ്പേനി - 83%, അമിനി - 89%, കവരത്തി - 86%, അഗത്തി -87% എന്നിങ്ങനെയാണ് ഓരോ ദ്വീപുകളിലെയും പോളിംഗ് നിരക്ക്.
തിരഞ്ഞെടുപ്പ് നടപടിക്രമത്തെ തടസ്സപ്പെടുത്തുന്ന അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കിൽത്താനിൽ സംഘർഷത്തിൽ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ്സ് നേതാവ് ശഫീഖ് കെ പിയെ കിൽത്താൻ പി എച്ച് സിയിൽ പ്രവേശിപ്പിച്ചു. അഗത്തി ഗവ : എസ് ബി സ്കൂൾ ബൂത്തിൽ വോട്ട് ചെയ്യാൻ നിന്ന വയോധികൻ കുഴഞ്ഞു വീണുമരിച്ചു. കീപ്പാട്ട് അബൂ സാലാ എന്നവരാണ് മരണപ്പെട്ടത്.