DweepDiary.com | ABOUT US | Thursday, 02 May 2024

ഫ്‌ളവേഴ്‌സ്‌ ഒരു കോടിയിൽ ഇന്ന് രാത്രി ഉമ്മർ ഫാറൂഖ്

In main news BY Web desk On 19 April 2024
ഫ്‌ളവേഴ്‌സ്‌ ചാനലിൽ സംപ്രേഷണം ചെയ്യുന്ന വിനോദ-വിജ്ഞാന പരിപാടിയായ 'ഫ്‌ളവേഴ്‌സ്‌ ഒരു കോടി’യിൽ ഇന്ന് രാത്രി ഉമ്മർ ഫാറൂഖ് പങ്കെടുക്കുന്നു. പരിമിതികളെ മറികടന്ന് ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുകയും ഈ വർഷത്തെ ഹെലൻ കെല്ലർ ദേശീയ അവാർഡ് നേടുകയും ലോക്സഭാ തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിന്റെ തിരഞ്ഞെടുപ്പ് ഐക്കൺ പദവിയിലേക്കും എത്തിയ വ്യക്തിയാണ് ആന്ത്രോത്ത് സ്വദേശിയായ ഉമ്മർ ഫാറൂഖ്. ഇന്ന് രാത്രി 9 മണിക്കാണ് പരിപാടിയുടെ സംപ്രേഷണം.
മുഖത്തിന്റെ പ്രത്യേകതകൾ കാരണമുണ്ടായ സങ്കടങ്ങളിൽ ചിരിനിറച്ച തൻ്റെ കഥ പങ്കുവെക്കുന്നു ഉമ്മർ. എന്തിനിങ്ങനെയൊരു ജീവിതമെന്ന് ചിന്തിച്ചിടത്തുനിന്ന്, കേന്ദ്രസർക്കാരിന്റെ ഹെലൻകെല്ലർ അവാർഡ് ജേതാവിലേക്കും വോട്ട് ചെയ്യാൻ പ്രചോദനം നൽകുന്നതിന് ലക്ഷദ്വീപിന്റെ തിരഞ്ഞെടുപ്പ് ഐക്കൺ പദവിയിലേക്കും എത്തിയ പോരാട്ടത്തിന്റെ കഥകൂടിയാണത്. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ താമസിക്കുന്ന കിടാവിന്റെയും സുഹറാബിയുടെയും അഞ്ചാമത്തെ മകനാണ് ഈ നാല്പതുകാരൻ. മുഖത്തെയും തലയോട്ടിലെയും എല്ലുകൾ അമിതമായി വളരുന്ന 'ലിയോന്റിയാസിസ് ഒസ്സിയ' എന്ന അപൂർവ രോഗവുമായാണ് പിറന്നത്. ലോകത്തിൽത്തന്നെ വിരലിലെണ്ണാവുന്നവർക്കുമാത്രം വരുന്ന അസുഖമാണിത്.
പി.എസ്.എം.ഒ. കോളേജിൽ എം.കോം പൂർത്തിയാക്കിയ ഉമ്മർ 2010-ൽ കവരത്തി ഗവ. സീനിയർ സെക്കൻഡറി സ്കൂളിൽ ലൈബ്രേറിയനായി. മോട്ടിവേഷൻ സ്പീക്കറായി പലയിടങ്ങളിലും സഞ്ചരിക്കാനും തുടങ്ങി. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി 2011-ൽ ലക്ഷദ്വീപ് ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ അസോസിയേഷൻ ആരംഭിച്ചു. സെന്റർ ഫോർ കെയർ ആൻഡ് റീഹാബിലിറ്റേഷൻ (ചക്കര) എന്നപേരിൽ സ്കൂളും ആരംഭിച്ചു. ഭിന്നശേഷിക്കാർക്കായുള്ള പ്രവർത്തനങ്ങൾക്കിടെ പരിചയപ്പെട്ട സ്പെഷ്യൽ എജുക്കേറ്ററായ റമീസ ഇർഷിയെയാണ് ഉമ്മർ ഫാറൂഖ് വിവാഹം കഴിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY