DweepDiary.com | ABOUT US | Wednesday, 01 May 2024

ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ പുതിയ അടിയൊഴുക്കുകൾക്ക് സാധ്യത

In main news BY Web desk On 18 April 2024

കവരത്തി : പതിനെട്ടാമത് ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷദ്വീപിൽ നാളെ നടക്കാനിരിക്കെ ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ പുതിയ ചില അടിയൊഴുക്കുകൾക്ക് സാധ്യതയുള്ളതായി സൂചന. നിലവിൽ പറഞ്ഞുറപ്പിച്ചിരിക്കുന്ന പല തിരഞ്ഞെടുപ്പ് ധാരണകളും പൂർണ്ണമായി പാലിക്കപ്പെടില്ലെന്ന സൂചനകളാണ് അവസാന സമയത്ത് പുറത്തു വരുന്നത്.
സി പി ഐ (എം ), സി പി ഐ പാർട്ടികൾ എൻ സി പി (എസ് ) ക്ക് പിന്തുണ അർപ്പിച്ചിട്ടുണ്ടെങ്കിലും ഇടതുപക്ഷ വോട്ടുകൾ അത്ര എളുപ്പത്തിൽ ഫൈസലിന്റെ പെട്ടിയിൽ എത്തില്ല. സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ്‌ ശാഫി ഖുറൈശി സി പി എം പ്രവർത്തകർ ഒറ്റക്കെട്ടായി പാർട്ടി തീരുമാനം അനുസരിച്ച് പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഫൈസലിനെ പിന്തുണക്കാനുള്ള തീരുമാനം സി പി എം അണികൾക്കിടയിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. പാർട്ടിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കവരത്തിയിൽ ഒരു വിഭാഗം സി പി എം പ്രവർത്തകർ കോൺഗ്രസ്സിൽ ചേർന്നിട്ടുണ്ട്. രണ്ട് ഇടതുപക്ഷ പാർട്ടികൾക്കുമായി ആകെ ആയിരത്തോളം വോട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാർട്ടി നേതാക്കൾ പറയുന്നുണ്ടെങ്കിലും ഇതിൽ നല്ലൊരു ശതമാനം വോട്ടും കോൺഗ്രസ്സ് പാളയത്തിൽ എത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ബി ജെ പിക്ക് ഇത്തവണ സ്ഥാനാർത്ഥിയെ നിർത്താൻ കഴിയാത്തത് പാർട്ടിയുടെ രാഷ്ട്രീയ ദൗബല്യമായാണ് ലക്ഷദ്വീപിലെ സജീവ ബി ജെ പി പ്രവർത്തകർ കാണുന്നത്. ബി ജെ പിയിലെ ഒരു വിഭാഗം ഇതിൽ കടുത്ത നിരാശയിലുമാണ്. യൂസുഫ് സഖാഫി ബി ജെ പി ഉൾപ്പെടുന്ന എൻ ഡി എ പിന്തുണയുള്ള സ്ഥാനാർത്ഥിയായി വന്നത് ലക്ഷദ്വീപ് ബി ജെ പി ഘടകത്തിന് കനത്ത തിരിച്ചടി തന്നെയാണ്. മുന്നണി ധാരണ പ്രകാരം ബി ജെ പി വോട്ടുകൾ പൂർണ്ണമായും യൂസുഫ് സഖാഫിയിൽ കേന്ദ്രീകരിക്കേണ്ടതാണെങ്കിലും ബി ജെ പിയിലെ കടുത്ത കോൺഗ്രസ്സ് വിരുദ്ധരായ ഒരു പക്ഷം മുഹമ്മദ്‌ ഫൈസലിന് വോട്ട് ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ബിജെപിയിലെ ഒരു വിഭാഗം തിരഞ്ഞെടുപ്പ് ധാരണ പ്രകാരം ഘടികാരം ചിഹ്നത്തിൽ യൂസുഫ് സഖാഫിക്ക് തന്നെ വോട്ട് ചെയ്യും. യൂസുഫ് സഖാഫി കടമത്തിലെ പാരമ്പര്യ കോൺഗ്രസ്സുകാരായ തിരുവത്തപ്പുര കുടുംബാംഗമാണ്. ഇത് കോൺഗ്രസ്സിന്റെ കുറച്ചു വോട്ട് പിടിച്ചെടുക്കാൻ കാരണമാവും. പൊതുവെ സൗമ്യനും സർവ്വസമ്മതനുമായ യൂസുഫ് സഖാഫിക്ക് ഈ നിലക്ക് നല്ല വോട്ട് പിടിക്കാൻ കഴിയുമെന്ന് തീർച്ചയാണ്. എൻ സി പിയിൽ പിളർപ്പ് സംഭവിച്ചത് സ്വാഭാവികമായും മുഹമ്മദ്‌ ഫൈസലിന്റെ വോട്ട് ശതമാനം കുറക്കും. കടമത്ത് ദ്വീപിലെ നാഇബ് ഖാളി കൂടിയായ യൂസുഫ് ടി പി കടമത്തിൽ സംഘടനാ അതിരുകളിൽ നിൽക്കാത്ത വ്യക്തിത്വമാണ്. ഇത് കാരണം വിവിധ സംഘടനക്കാരും വോട്ട് നൽകിയേക്കും.
പ്രത്യക്ഷ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതോടെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള നിശബ്ദ പ്രചരണം നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും പ്രചരണ രംഗത്ത് മുഹമ്മദ്‌ ഫൈസലിന് നേരിയ മുൻതൂക്കം ലഭിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രചരണ - സംവാദ രംഗത്തും മുഹമ്മദ്‌ ഫൈസൽ മുന്നിട്ട് നിൽക്കുന്നതായാണ് സൂചനകൾ. മാധ്യമങ്ങൾക്കും ക്ലബ്ബ് കൂട്ടായ്മക്കും പ്രത്യേകം അഭിമുഖം നൽകി നയവും നിലപാടുകളും പൊതുജനങ്ങളിലേക്കെത്തിക്കാൻ മുഹമ്മദ്‌ ഫൈസൽ തയ്യാറായിരുന്നു. എന്നാൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ഹംദുള്ളാ സഈദ് മാധ്യമങ്ങൾക്ക് മുഖം നൽകാനോ ഒന്നും തയ്യാറായിട്ടില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ആരാണ് വിജയം ഉറപ്പാക്കുക എന്ന കാര്യം പറയാൻ കഴിയാത്ത തരത്തിലുള്ള ശക്തമായ മത്സരമാണ് നടക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY