DweepDiary.com | ABOUT US | Tuesday, 30 April 2024

ലക്ഷദ്വീപിൽ ഇടതുപക്ഷം ഫൈസലിനൊപ്പം ; സി പി ഐയും പിന്തുണ പ്രഖ്യാപിച്ചു

In main news BY Web desk On 16 April 2024
കവരത്തി : പതിനെട്ടാമത് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിലെ ഇടതുപക്ഷ കക്ഷികൾ ഒന്നാകെ എൻ സി പി ( ശരത്ചന്ദ്ര പവാർ ) പക്ഷത്ത് നിലയുറപ്പിച്ചത് പുതിയ രാഷ്ട്രീയ വഴിത്തിരിവായി. എൻ സി പി (എസ് ) സ്ഥാനാർഥി മുഹമ്മദ്‌ ഫൈസലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലക്ഷദ്വീപിലെ ഇടതുപക്ഷ പാർട്ടികൾ. സി പി ഐ യാണ് പുതുതായി പിന്തുണ അറിയിച്ചിരിക്കുന്നത്. സി പി എം മുഹമ്മദ്‌ ഫൈസലിനെ പിന്തുണക്കുന്ന വിവരം കഴിഞ്ഞ ആഴ്ച്ച സി പി എം കേരള സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ്‌ ഫൈസൽ നേരിട്ട് പിന്തുണ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ ധാരണക്ക് കളമൊരുങ്ങിയത്. ഇടതുപക്ഷ രാഷ്ട്രീയത്തോട് അനുഭാവം പുലർത്തുന്നത് ഇത്തരത്തിൽ വിശാല തിരഞ്ഞെടുപ്പ് ധാരണ യാഥാർഥ്യമാക്കാൻ മുഹമ്മദ്‌ ഫൈസലിന് സഹായകമായിട്ടുണ്ട്. തങ്ങൾ ഉന്നയിക്കുന്ന ലക്ഷദ്വീപിന്റെ സംസ്ഥാന പദവി എന്ന ആശയത്തെ അനുകൂലിക്കുന്ന നേതാവാണ് എന്നതും ഫൈസലിനെ പിന്തുണക്കാൻ കാരണമായതായി സി പി ഐ നേതൃത്വം പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം സമാനമായ മുന്നണി ധാരണ തുടരുമെന്ന ഉറപ്പിന്റെയും സി പി ഐ ആവശ്യപ്പെടുന്ന ചോദ്യങ്ങൾ പാർലമെന്റിൽ ചോദിക്കുമെന്ന വ്യവസ്ഥയുടെയും പുറത്താണ് സി പി ഐ സംസ്ഥാന സമിതി സൗഹൃദ ധാരണക്ക് തയ്യാറായിരിക്കുന്നത്. സി പി ഐ പാർട്ടിയുടെ ലക്ഷദ്വീപ് ചുമതലയുള്ള സ.സന്തോഷ്‌ കുമാർ, സ.ബിനോയ് വിശ്വം എന്നീ നേതാക്കളുമായി തിരഞ്ഞെടുപ്പ് സൗഹൃദ ധാരണയെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്നും അവരുടെ അനുമതിയോടെയാണ് മുന്നോട്ടു പോയതെന്നും സി പി ഐ നേതാക്കൾ അറിയിച്ചു.
നേരത്തെ സി പി എം സി പി ഐയുമായി കൂടിയാലോചിക്കാതെ മുഹമ്മദ്‌ ഫൈസലിന് പിന്തുണ പ്രഖ്യാപിച്ചത് സി പി ഐ നേതൃത്വത്തിന്റെ അതൃപ്തിക്കിടയാക്കിയിരുന്നു. സി പി ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്താൻ ശേഷിയുള്ളതും ജനകീയ ആവശ്യങ്ങൾക്കു വേണ്ടി നടത്തിയ വിവിധ സമരങ്ങളിലൂടെ ജനപിന്തുണയുള്ളതുമായ രാഷ്ട്രീയ ശക്തികളാണെന്നും എൻ സി പി ( എസ് ) പിന്തുണ ആവശ്യപ്പെട്ടത് പാർട്ടിയുള്ള ജനപിന്തുണയിൽ വിശ്വാസമർപ്പിച്ചതിന്റെ പുറത്താണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി സി ടി നജ്മുദ്ധീൻ പറഞ്ഞു. സി പി എം, സി പി ഐ എന്നീ രണ്ടു പാർട്ടികൾക്കുമായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 563 വോട്ടുകളാണ് ലഭിച്ചിരുന്നത്. ഇപ്രാവശ്യം ഇരുപാർട്ടികൾക്കുമായി 1000 ൽ പരം വോട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി സി ടി നജ്മുദ്ധീൻ ദ്വീപ് ഡയറിയോട് പറഞ്ഞു. നിലവിൽ പ്രത്യക്ഷ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമയമില്ലെങ്കിലും പാർട്ടി പ്രവർത്തകർക്കിടകയിലും ഇടതുപക്ഷ അനുഭാവികൾക്കിടയിലും തിരഞ്ഞെടുപ്പ് സൗഹൃദ ധാരണാ സന്ദേശം പ്രചരിപ്പിക്കാനും ഇടതനുകൂല വോട്ടുകൾ പരമാവധി പിടിക്കാനുമാണ് സി പി ഐ ശ്രമിക്കുന്നത്. അടുത്ത ദിവസം എറണാകുളത്ത് വാർത്താ സമ്മേളനം നടത്തി പാർട്ടി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY