DweepDiary.com | ABOUT US | Friday, 29 March 2024

ബി.ജെ.പിക്കെതിരെ ശബ്ദമുയര്‍ത്തിയതിനാലാണ് അയോഗ്യനായതെന്ന മുന്‍ ലക്ഷദ്വീപ്എം.പിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: യൂത്ത് കോണ്‍ഗ്രസ്

In main news BY P Faseena On 26 March 2023
കവരത്തി: വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയുമായി ലക്ഷദ്വീപ് മുന്‍ എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത സാമ്യപ്പെടുത്തുന്നതിനെ എതിര്‍ത്ത് ലക്ഷദ്വീപ് യൂത്ത് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദിച്ചതിനാലാണ് എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയത് എന്ന ഫൈസലും പാര്‍ട്ടിയും നടത്തുന്ന പ്രസ്താവനകള്‍ അടിസ്ഥാനരഹിതമെന്ന് ലക്ഷദ്വീപ് യൂത്ത് കോണ്‍ഗ്രസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
2009 ലെ പൊതു തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കവരത്തി കോടതി പത്തുവര്‍ഷത്തേക്ക് ശിക്ഷിക്കുകയും അതിനെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കുകയുമായിരുന്നു. യാഥാര്‍ത്യം ഇതായിരിക്കെ രാഹുല്‍ ഗാന്ധിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കം ദേശീയ ശ്രദ്ധ നേടിയ സാഹചര്യത്തില്‍ തന്റെ അയോഗ്യത ഫാസിസ്റ്റ് വിരുദ്ധതയുടെ പേരിലാക്കാനുള്ള വിലകുറഞ്ഞ ശ്രമമാണ് മുഹമ്മദ് ഫൈസല്‍ നടത്തുന്നത്.
ബി.ജെ.പിയാണ് കോണ്‍ഗ്രസിനേക്കാള്‍ നല്ലതെന്നും അവരോട് അടുത്തു നില്‍ക്കണമെന്നും രാഹുല്‍ ഗാന്ധിയേക്കാള്‍ നരേന്ദ്ര മോദിയെയാണ് താന്‍ പിന്തുണക്കുക എന്ന് പരസ്യമായി പ്രസംഗിച്ച ഫൈസലിന്റെ ഇപ്പോഴത്തെ നീക്കം ആത്മാര്‍ഥതയില്ലാത്തതാണ്. ലക്ഷദ്വീപില്‍ സന്ദര്‍ശനത്തിന് എത്തിയ അമിത്ഷായുമായി രഹസ്യ ചര്‍ച്ചനടത്തുകയും. ബി.ജെ.പിയുമായി എന്‍.സി.പിയെ ലയിപ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ചര്‍ച്ചയായതുമാണ്. കോണ്‍ഗ്രസ്സിനെയും രാഹുല്‍ ഗാന്ധിയേയും പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്ത് ഇപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നതിന് പിന്നില്‍ കാപട്യമാണെന്നും ലക്ഷദ്വീപ് യൂത്ത് കോണ്‍ഗ്രസ് സ്‌റ്റേറ്റ് കമ്മിറ്റി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY