DweepDiary.com | ABOUT US | Wednesday, 08 May 2024

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭീരുത്വം: ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റി

In main news BY P Faseena On 26 March 2023
കവരത്തി: രാഹുല്‍ ഗാന്ധിക്കെതിരായ അയോഗ്യതാ നീക്കം ജനാധിപത്യം തകര്‍ത്ത് ഏകാധിപത്യം സ്ഥാപിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമെന്ന് എല്‍.ടി.സി.സി. പാര്‍ലമെന്റിനകത്തും പുറത്തും രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കു മുമ്പിൽ കേന്ദ്രസര്‍ക്കാര്‍ പതറിയിരിക്കുന്നു. അതിനുള്ള പ്രതികാരനടപടിയാണ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അയോഗ്യത. ജനാധിപത്യത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടാകുമെന്നും എല്‍.ടി.സി.സി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
ഫാസിസവും അഴിമതിയും മുഖമുദ്രയാക്കിയ കേന്ദ്രസര്‍ക്കാരിനതിരെയുള്ള പോരാട്ടം തുടരുകയും, സത്യങ്ങള്‍ പറയുകയും ചെയ്തു എന്നതാണ് ബി.ജെ.പി സര്‍ക്കാരിന് മുന്നില്‍ രാഹുല്‍ ഗാന്ധിചെയ്ത തെറ്റ്. നേര്‍ക്കു നേരെ നേരിടാതെ തെറ്റായ വഴിയിലൂടെ അക്രമിക്കുന്ന ഈ നയം ഭരണകൂടത്തിന്റെ ഭീരുത്വമാണ് തെളിയിക്കുന്നത്.
സംഘപരിവാറിനെതിരെ ശബ്ദമുയര്‍ത്തിയതിന് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ അയോഗ്യതാ നീക്കത്തെ സമാനമായ രീതിയിലാണ് തനിക്കെതിരെയും അയോഗ്യത വന്നതെന്ന് ലക്ഷദ്വീപ് മുന്‍ എം.പി പി.പി മുഹമ്മദ് ഫൈസലും പാര്‍ട്ടിയും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ നടത്തിയ വധശ്രമക്കേസിലാണ് ഫൈസല്‍ ശിക്ഷിക്കപ്പെട്ടതും അയോഗ്യനായതും. ഇത് രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയുമായി ചേര്‍ത്തുവെക്കാന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ജനാധിപത്യ വിരുദ്ധമായ അയോഗ്യതാ നീക്കത്തിനെതിരെ ലക്ഷദ്വീപില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തിങ്കളാഴ്ച്ച പ്രതിഷേധ ദിനമായി ആചരിക്കുമെന്നും ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY