DweepDiary.com | ABOUT US | Friday, 26 April 2024

കണ്ണെത്താ ദൂരത്തോളം ഒരു കപ്പൽ യാത്ര - എ.എൻ ശോഭ

In cultural and literature BY Admin On 27 June 2017
കടൽ കണ്ടിട്ടുണ്ടോ. . കടലോരം താണ്ടിയിട്ടുണ്ടോ.. കടലോളം നനഞ്ഞിട്ടുണ്ടോ... ! കടൽ അതെനിക്കെന്നും വിസ്മയമാണ്.

അങ്ങ് ദൂരെ കാണാതെ മറഞ്ഞു കിടക്കുന്ന അറ്റത്തോളം അതെന്നെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. തലക്കുമീതെ അടിച്ചുയരുന്ന തിരക്കപ്പുറം കടലിനെ പുൽകാനാവാതെ തീരത്തേക്ക് കരഞ്ഞോടുന്ന കൊച്ചുകുട്ടിയാവുകയെ വഴിയുള്ളു. കാരണം, അതിനപ്പുറം അതെന്റെ ജീവനെ പകരം ചോദിക്കാറുണ്ട്. ഒരിക്കലെങ്കിലും ആ ഭയത്തെ തോൽപ്പിച്ച്  പുറംകടൽ കാണണം. എന്നും എപ്പോഴും കൊതിപ്പിച്ച് പിൻവാങ്ങുന്ന തിരമാലകളോടോക്കെ കെറുവിച്ച് ഞാൻ പിണങ്ങി നിന്നു. നോക്കിക്കൊ, ഒരു നാൾ ഞാൻ വരും. നിങ്ങളുടെ കൂടെ, അങ്ങ് അങ്ങ്, ദൂരെ ദൂരെ  തീരമില്ലാ കടലിലെ തിരകൾ കാണാൻ.

കടലുപോലെ തന്നെ കപ്പലിന്റെ ഉള്ളവും എങ്ങിനെ എന്നറിയാതെ, കൊച്ചിയിൽ നങ്കൂരമിട്ട കപ്പലുകളെ ദൂരെ നിന്ന് മാത്രം നോക്കിക്കണ്ട ഓർമ്മകൾ. എങ്ങിനെയാണ് ഒരു കപ്പൽ  യാത്രക്കുള്ള അവസരം ഒരുക്കുന്നതെന്ന്  ചിന്തയിൽ പോലും കടന്നു വന്നില്ല. കാരണം അപ്രാപ്യമെന്ന്  ഉള്ളിലെവിടെയൊ ഉറപ്പിച്ച് വെച്ചിരുന്നു. ടിക്കറ്റെടുത്ത് നീങ്ങി തുടങ്ങിയ തീവണ്ടിയിൽ ചാടി കയറുന്നതും വിമാനമേറാൻ പരിശോധനകളിലൂടെ കടന്നപോവുന്നതും അതിനകവും ചിട്ടയും വട്ടവുമെല്ലാം സിനിമകളിലെങ്കിലും പരിചിതം.പക്ഷേ ഒരു യാത്രകപ്പൽ ഞാൻ കണ്ട വിദേശസിനിമകളിൽ പോലും കടന്നുവന്നില്ല. അല്ല, അതിനുമാത്രം ഒന്നും ഞാൻ കണ്ടിട്ടില്ല എന്നതും സത്യം.

കൊച്ചിത്തീരത്തെ ചെളിവെള്ളത്തിൽ നിന്നും  കവരത്തിയെ ലക്ഷ്യമിട്ട കോറൽസ് എന്ന കപ്പൽ തീരക്കടലിന്റെ പച്ചപ്പിലേക്കും ആഴക്കടലിന്റെ നീലിമയിലേക്കും നീന്തിനീങ്ങുമ്പോൾ വെള്ളത്തിന്റെ നിറവ്യത്യാസം കൃത്യമായ് അടയാളപ്പെടുത്തുന്നുണ്ടായിരുന്നു. പതിയെ നിരങ്ങിനീങ്ങിത്തുടങ്ങിയ ജലയാനം ക്രമേണ വേഗമാർജ്ജിക്കുമ്പോൾ, വന്ന വഴികളിലെ വെൺനുരകൾ കൂടുതൽ വെണ്മയോടെ പതഞ്ഞുയർന്നു, ഒപ്പം അരികുകളിലെ ഇളക്കങ്ങൾ ചെറിയ തിരകളാവാൻ തുടങ്ങിയിരുന്നു. പക്ഷെ അതിനപ്പുറം കടൽ കൊച്ചോളങ്ങൾ നിറഞ്ഞ ഒരു വലിയ തടാകം പോലെ പരന്നു കിടന്നു. അരികുകൾ ആകാശക്കുടയോട് ചേർന്ന് നിന്നു.


ബാക്കി വായിക്കാന്‍ : http://www.manoramaonline.com/travel/travel-india/2017/06/03/trip-to-lakshadweep.html

SHARE YOUR FEEDBACK

RECENT IN THIS CATEGORY