DweepDiary.com | ABOUT US | Sunday, 05 May 2024

കൊച്ചിയിലെ കൊള്ളക്കാര്‍ക്ക് പ്രഹരമേല്‍പ്പിച്ച് ദ്വീപുകാര്‍

In main news BY Admin On 06 June 2016
കൊച്ചി (06/06/2016): ലക്ഷദ്വീപുകാരെ ഭയങ്കരമായി ചൂഷണം ചെയ്തിരുന്ന "കോച്ചിയിലെ കൊള്ളക്കാര്‍" എന്നു ദ്വീപുകാര്‍ വിശേഷിപ്പിക്കുന്ന ഓട്ടോക്കാര്‍ക്ക് ദ്വീപുകാര്‍ വക പാര. കൊളംബോ ജംഗ്ഷനില്‍നിന്നും ലക്ഷദ്വീപ് പാസഞ്ചര്‍ റിപ്പോര്‍ട്ടിങ്ങ് കേന്ദ്രം വരേയുള്ള ഏകദേശം 8-9 കിലോമീറ്ററിന് ഓട്ടോക്കാര്‍ തോന്നിയ നിരക്കാണ് ഈടാക്കിയിരുന്നത്. സ്റ്റാന്‍ഡിലുള്ള ഓട്ടോക്കാര്‍ തമ്മില്‍ തമ്മില്‍ ചട്ടം കെട്ടി വലിയ നിരക്ക് തീരുമാനിക്കപ്പെടുകയും ദ്വീപുകാരെ പീഡിപ്പിക്കുകയും ചെയ്തു വരികയായിരുന്നു. 200 മുതല്‍ 350 രൂപ വരെയാണ് ഇവരുടെ നിരക്കുകള്‍. ഈ അറക്കല്‍ നിരക്കുകള്‍ക്കെതിരെ ദ്വീപിലെ ഫ്രീക്കന്മാരും യുവ ജനങ്ങളും പ്രതികരിക്കുമായിരുന്നെങ്കിലും അവ വാക് തര്‍ക്കങ്ങളില്‍ അവസാനിക്കുമായിരുന്നു. നിയമപരമായി നേരിടാന്‍ ആരും മുന്നോട്ട് വന്നതുമില്ല. ചികില്‍സയ്ക്കും വീട്ടാവശ്യങ്ങള്‍ക്കും എത്തുന്ന ദ്വീപുകാര്‍ക്ക് സങ്കീര്‍ണമായ നിയമത്തിന്‍റെ പിന്നാലെ ഓടാന്‍ സമയമില്ല എന്നതാണ് സത്യം. അങ്ങനെയിരിക്കുമ്പോയാണ് ഓണ്‍ലൈന്‍ ടാക്സി സേവനങ്ങള്‍ക്ക് ബഹുമാനപ്പെട്ട കേരള-ലക്ഷദ്വീപ് ഹൈക്കോടതിയുടെ പച്ചക്കൊടി ലഭിക്കുന്നത്. ഇതോടെ അന്താരാഷ്ട്ര ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനികള്‍ കേരളത്തില്‍ വേരുറപ്പിച്ചു. ദ്വീപുകാര്‍ ഇവ മുതലെടുത്തതോടെ "കൊള്ളക്കാര്‍ക്ക്" പാരയായി. UBER എന്ന കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷനാണ് ദ്വീപുകാര്‍ക്കിടയില്‍ ജനകീയമായത്. ഇതിനെക്കുറിച്ച് ദ്വീപ് ഡയറിയില്‍ പോസ്റ്റ് ചെയ്യണമെന്ന് വരെ വായനക്കാരില്‍ നിന്ന്‍ പ്രതികരണമുണ്ടായി.

പരീക്ഷണാര്‍ത്ഥം കഴിഞ്ഞ 3ആം തീയതി ഞങ്ങളുടെ പ്രതിനിധികള്‍ UBER ടാക്സിക്ക് ക്ലിക്ക് ചെയ്തു. ലക്ഷദ്വീപുകാരുടെ Royal 4Lakshadweep എന്ന ലോഡ്ജില്‍ നിന്നും ലക്ഷദ്വീപ് പാസഞ്ചര്‍ റിപ്പോര്‍ട്ടിങ്ങ് കേന്ദ്രം വരേയായിരുന്നു യാത്ര. ഏകദേശം 8.45 കിലോമീറ്റര്‍ ദൂരം. എയര്‍ കണ്ടീഷന്‍ ചെയ്ത കാര്‍. അഞ്ച് യാത്രക്കാര്‍ക്ക് പുറമെ ഡിക്കി നിറയെ അവരുടെ ബാഗുകള്‍, മൂന്ന്‍ കെട്ട് പച്ചക്കറി-പഴവര്‍ഗങ്ങള്‍. യാത്ര അവസാനിച്ചപ്പോള്‍ മൊബൈലില്‍ യാത്രാ നിരക്ക് വന്നു. വെറും 121.05 രൂപ. ഇടയ്ക്കു നല്‍കിയ 5 രൂപ ടോള്‍ ചാര്‍ജ്ജും നല്‍കിയാല്‍ 126 രൂപ 5 പൈസ. അതിനിടയ്ക്ക് ഡ്രൈവറുടെ സ്മാര്‍ട്ട് ഫോണില്‍ അടുത്ത ഓട്ടത്തിന്‍റെ ഓഡര്‍ വന്നു. അയാള്‍ മൊബൈല്‍ എടുത്ത് ഫോണ്‍ ചെയ്യുന്നു. മറു തലയ്ക്കല്‍ വീണ്ടും ദ്വീപുകാരന്‍! ദ്വീപ് ഡയറിക്കാര്‍ മൂക്കത്ത് വിരലും വെച്ചു നില്‍ക്കെ അയാള്‍ അടുത്ത ഓട്ടത്തിനായി കാര്‍ മുന്നോട്ടെടുത്തു. ദ്വീപുകാര്‍ നിലപാട് കടുപ്പിച്ചാല്‍ ഓട്ടോക്കാര്‍ പട്ടിണി കിടന്ന്‍ ചാവുമെന്നാണ് ഫ്രീക്കന്‍മാരുടെ വിശ്വാസം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY