DweepDiary.com | ABOUT US | Wednesday, 06 November 2024

അമിനി ഫുട്ബോൾ അസോസിയേഷന് റീത്ത് സമർപ്പിച്ച് പ്രതിഷേധം

In sports BY Web desk On 11 October 2024
അമിനി: അമിനി ദ്വീപിലെ മികച്ച ഗോൾകീപ്പറായ ഷാക്കിർ അലി എംപിക്ക് ലക്ഷദ്വീപ് സന്തോഷ് ട്രോഫി ടീമിനായി ട്രയൽസിൽ പങ്കെടുക്കാൻ അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അമിനി ഫുട്ബോൾ അസോസിയേഷന് റീത്ത് സമർപ്പിച്ച് കായിക പ്രേമികളുടെ പ്രതിഷേധം. നിരവധി ഫുട്ബോൾ ടൂർണമെൻ്റുകളിൽ അഭിമാനകരമായ പ്രകടനം കാഴ്ചവച്ച ഷാക്കിർ അലിയെ സന്തോഷ് ട്രോഫി ട്രയൽസിൽ നിന്നും തഴഞ്ഞതിനെതിരെ പ്രതിഷേധിച്ചാണ് യുവാക്കൾ അമിനി ഫുട്ബോൾ അസോസിയേഷന് റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചത്.
കവരത്തിയിൽ നടന്ന ക്യാപിറ്റൽ ലീഗ്, അഗത്തിയിൽ നടന്ന ബീക്കുഞ്ഞി റോളിംഗ് ട്രോഫി ടൂർണമെൻ്റ്, അടുത്തിടെ കടമത്ത് ദ്വീപിൽ നടന്ന ഇൻ്റർ ഐലൻഡ് ഫുട്ബോൾ ടൂർണമെൻ്റ് എന്നിവയിൽ എല്ലാം മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ഷാക്കിർ അലി. അദ്ദേഹത്തിൻ്റെ മികച്ച ട്രാക്ക് റെക്കോർഡും ഈ ടൂർണമെൻ്റുകളിലെ ശ്രദ്ധേയമായ സംഭാവനകളും കണക്കിലെടുക്കുമ്പോൾ, ലക്ഷദ്വീപ് സന്തോഷ് ട്രോഫി ടീമിനായി ട്രയൽസിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കാത്തത് തികച്ചും ആശ്ചര്യകരമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കവരത്തിയിലെ ചില വ്യക്തികളുടെ സ്വാർത്ഥ താല്പര്യം കാരണമാണ് ഷാക്കിർ അലിയെ ട്രയൽസിൽ പോലും പരിഗണിക്കാത്തത് എന്നും ഇവർ ആരോപിച്ചു. ഇതിനെതിരെ പലരും പരാതിപ്പെട്ടെങ്കിലും അമിനി അസോസിയേഷൻ ഒന്നും പ്രതികരിക്കാതെ ചത്ത അവസ്ഥയിലാണെന്ന് പറഞ്ഞുകൊണ്ടാണ് യുവാക്കൾ അമിനി ഫുട്ബോൾ അസോസിയേഷന് റീത്ത് സമർപ്പിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY