DweepDiary.com | ABOUT US | Saturday, 14 December 2024

കൊച്ചിയിൽ പന്തുരുളുമ്പോൾ ലക്ഷദ്വീപിന് അഭിമാന നിമിഷം

In sports BY P Faseena On 21 September 2023
കൊച്ചി: ഐ എസ് എല്ലിന്റെ പത്താം സീസണിന് തുടക്കമായിരിക്കുകയാണ്. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ബെംഗളൂരു എഫ് സി കേരള ബ്ലാസ്റ്റേഴ്സിനെ അവരുടെ തട്ടകമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെത്തി നേരിടുകയാണ്. ഐ എസ് എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വിലയ ആഘോഷത്തിനാണ് കൊച്ചി സാക്ഷിയാകുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയിൽ നിന്നും കളിച്ചുവളർന്ന മുഹമ്മദ് ഐമന്റെ അരങ്ങേറ്റ മത്സരം കൂടിയാണ് ഇതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ലക്ഷദ്വീപിലെ ആന്ത്രോത്തിൽ നിന്നുമാണ് ഐമൻ കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്.
ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമിയിൽ നിന്നും 2018ൽ തന്റെ 15-ാം വയസിലാണ് താരം കൊമ്പൻമാരുടെ തട്ടകത്തിലെത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയിൽ തന്റെ ഇരട്ട സഹോദരൻ മുഹമ്മദ് അസ്ഹറിനൊപ്പമായിരുന്നു. ഐമനെത്തിയത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 15 ട്രയൽസിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഐമനും അസ്ഹറും ബ്ലാസ്റ്റേഴ്സിനായി അണ്ടർ 15, അണ്ടർ 18 ടീമുകൾക്കായി ബൂട്ടുകെട്ടി. ഇതിന് പിന്നാലെ താരം കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിലെത്തുകയും 2022ൽ റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗ് കളിക്കുകയും ചെയ്തു.
2023 ഏപ്രിൽ 16നാണ് ഐമൻ കേരള ബ്ലാസ്റ്റേഴ്സിനായി തന്റെ അരങ്ങേറ്റം കുറിക്കുന്നത്. 2023 സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ രാഹുൽ കെ പിക്ക് പകരക്കാരനായാണ് ഐമൻ കളത്തിലിറങ്ങിയത്.
ആഗസ്റ്റ് 13നാണ് ഐമൻ ആദ്യമായി സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുന്നത്. ഡ്യൂറണ്ട് കപ്പിൽ ഗോകുലം കേരളക്കെതിരെ കേരള ഡെർബിയിലാണ് താരം ബൂട്ടുകെട്ടിയത്. മത്സരത്തിൽ താരം 90 മിനിട്ടും കളിച്ചിരുന്നു. 3-4ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ട മത്സരത്തിൽ ഒരു അസിസ്റ്റ് നേടാൻ ഐമന് സാധിച്ചിരുന്നു.
അതേസമയം ഇന്നത്തെ കളിയിൽ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‍ സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ആദ്യ ഇലവനിൽ ഇടം നേടിയ ഐമൻ മികച്ച പ്രകടനമാണ് നടത്തിയത്.



SHARE YOUR FEEDBACK

RECENT IN THIS CATEGORY