DweepDiary.com | ABOUT US | Friday, 19 April 2024

ഐസ്‌ലൻഡാണ് ഫുട്ബോളിൽ ലക്ഷദ്വീപിന് മാതൃക - കഴിഞ്ഞ സന്തോഷ്

In sports BY Admin On 06 February 2019
റഷ്യൻ ലോകകപ്പിൽ കളിച്ച് ചരിത്രംകുറിച്ച കൊച്ചുരാജ്യം ഐസ്‌ലൻഡാണ് ഫുട്ബോളിൽ ലക്ഷദ്വീപിന് മാതൃക. 80,000 മാത്രം ജനസംഖ്യയുള്ള കൊച്ചുദ്വീപ് ഫുട്ബോളിൽ കുതിപ്പിനൊരുങ്ങുകയാണ്. മികച്ച മൈതാനങ്ങളും പരിശീലകരും ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ കുറവാണെങ്കിലും ഫുട്ബോൾക്കമ്പത്തിൽ ദ്വീപുകാർ ആർക്കും പിന്നിലല്ല. തിങ്ങിനിറഞ്ഞ തെങ്ങുകൾക്കിടയിലൂടെ പന്തുതട്ടി ദ്വീപിലെ കുട്ടികൾ ഇന്ത്യൻ ഫുട്ബോളിൽ പതുക്കെ ചുവടുറപ്പിക്കുകയാണ്.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനിൽ 2016-ൽ മാത്രമാണ് ലക്ഷദ്വീപിന് അംഗത്വം ലഭിച്ചത്. ഇതോടെയാണ് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ സന്തോഷ് ട്രോഫിയിൽ കളിക്കാൻ ദ്വീപ് ടീമിന് അവസരമൊരുങ്ങിയത്. സന്തോഷ് ട്രോഫിയിൽ 2017-ൽ കോഴിക്കോട്ടാണ് ലക്ഷദ്വീപ് അരങ്ങേറിയത്. സർവീസസ്, തമിഴ്നാട്, തെലങ്കാന ടീമുകൾ ഉൾപ്പെട്ട ശക്തരായ ഗ്രൂപ്പിലായിരുന്നു മത്സരം. സർവീസസിനോടും തമിഴ്നാടിനോടും കീഴടങ്ങിയെങ്കിലും തെലങ്കാനയെ തോൽപ്പിച്ച് ദ്വീപുകാർ വരവറിയിച്ചു. തൊട്ടടുത്തവർഷം അഹമ്മദാബാദിൽ മധ്യപ്രദേശിനെയും ഡാമൻ ആൻഡ്‌ ദിയുവിനെയും മറുപടിയില്ലാത്ത അഞ്ചുഗോളിന്‌ തകർത്ത് ടീം കരുത്തുകാട്ടി. എന്നാൽ, കരുത്തരായ മഹാരാഷ്ട്രയോട് തോൽവി വഴങ്ങിയതോടെ രണ്ടാംവട്ടത്തിൽ കടക്കാനായില്ല.

ഇത്തവണ കോച്ച് സി.എം.ദീപക്കിന്റെ ശിക്ഷണത്തിൽ കോഴിക്കോട്ട്‌ കടുത്ത പരിശീലനത്തിലാണ് ദ്വീപുകാർ. യുവനിരയുമായാണ് ടീം കരുത്തുതെളിയിക്കാൻ ഒരുങ്ങുന്നത്. ലക്ഷദ്വീപിലുള്ളവരെമാത്രമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ലക്ഷദ്വീപ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. മുഹമ്മദാലി ചൂണ്ടിക്കാട്ടി. ഓപ്പൺ ട്രയലിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. കഴിഞ്ഞ വർഷം കളിച്ച 12 പേർ ഇത്തവണ ടീമിലില്ല. അഖിലേന്ത്യാ പോലീസ് മീറ്റ് നടക്കുന്നതിനാൽ ലക്ഷദ്വീപ് പോലീസിലെ അഞ്ചുകളിക്കാരെ ടീമിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല. എന്നാൽ, യുവതാരങ്ങൾ ഇവരുടെ അഭാവം നികത്തുമെന്ന് കോച്ച് ദീപക് പ്രതീക്ഷിക്കുന്നു. മധ്യപ്രദേശും ഡാമൻ ആൻഡ്‌ ദിയുവും ഗോവയും ഉൾപ്പെട്ട ഗ്രൂപ്പിലാണ് ടീം ശക്തിപരീക്ഷിക്കുന്നത്.

ഇന്റർ ഐലൻഡ് ചാമ്പ്യൻഷിപ്പ്, കവറത്തി ലീഗ്, അഡ്മിനിസ്ട്രേറ്റീവ് റോളിങ് ട്രോഫി, അമേനി ലീഗ് തുടങ്ങിയവയാണ് ലക്ഷദ്വീപിലെ പ്രധാന മത്സരങ്ങൾ. യുവതാരങ്ങൾക്ക് ഇത്തരം ടൂർണമെന്റുകളിലൂടെ മികവുതെളിയിക്കാൻ അവസരമുണ്ട്. ദേശീയ അണ്ടർ 14, അണ്ടർ-19 ടൂർണമെന്റുകളിൽ ദ്വീപിലെ കുട്ടികൾ മികച്ച പ്രകടനമാണ് നടത്തുന്നത്. ലക്ഷദ്വീപ് ഫുട്ബോളിന്റെ ഭാവി ശോഭനമാണെന്നാണ് ഇത് കാണിക്കുന്നതെന്ന് പ്രസിഡന്റ് മുഹമ്മദാലി പറയുന്നു. ദേശീയ ലീഗുകളിൽ ഭാവിയിൽ ലക്ഷദ്വീപിൽനിന്ന് ടീമിനെ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് അസോസിയേഷൻ.

ടീം:കെ.കെ.എൻ. ഉബൈദുള്ള(ക്യാപ്റ്റൻ), പി.മുഹമ്മദ് സലാഹുദ്ദീൻ, പി.സയിദ് മുഹമ്മദ് സഫൽ, സി.പി.മുഹമ്മദ് അബ്ദുൾ കാസിം, വി.പി.മുഹമ്മദ് മിഥിലാജ്, യു.മുദാസിർ ഖാന്, എ.ഷുഹൈബ്, എൻ.പി.അൻവർ, ബി.പി.മുഹമ്മദ് യസീൻ അക്രം, സി.എൻ.മുഹമ്മദ് സൽമാൻ ഖാൻ, എസ്.എം.മുഹമ്മദ് തഫ്രൂഖ്, എൻ.സി.മുഹമ്മദ് ഷിഹാബുദ്ദീൻ, കെ.പി.അബ്ദുൾ ഷുക്കൂർ, പി.പി.മുസാഫർ, ബി.എച്ച്.അബ്ദുൾ അമീൻ, എ.സി.അമീർ സുഹൈൽ, എൻ.മുഹമ്മദ് വാസിം, കെ.കെ.പി.അബ്ദുൾ ഹാഷിം, ജെ.എം.അബ്ദുൾ നാസർ, കെ.പി.അബ്ദുൾ കാസിം, കെ.ഐ.ഫൈസൽ ഹുസൈൻ.കോച്ച്: സി.എം.ദീപക്, മാനേജർ: എം.സി.നിസാമുദ്ദീൻ.

കടപ്പാട്: മാതൃഭൂമി

SHARE YOUR FEEDBACK

RECENT IN THIS CATEGORY