DweepDiary.com | ABOUT US | Saturday, 14 December 2024

ആന്ത്രോത്ത് ജുമാമസ്ജിദിൽ ജുമാ നമസ്‌കാരത്തിന് നിയന്ത്രണം

In religious BY Web desk On 15 November 2024
ആന്ത്രോത്ത്: ആന്ത്രോത്ത് ജുമാമസ്ജിദിൽ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഡെപ്യൂട്ടി കളക്ടർ കം സിഇഒ കെ. ബുസർ ജംഹർ ഉത്തരവിറക്കി. BNSS നിയമത്തിലെ സെക്ഷൻ 163 പ്രകാരമാണ് ആന്ത്രോത്ത് ജുമാമസ്ജിദിൽ ജുമാഅ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു മാസത്തേക്കോ ഖത്തീബിനെ നിയമിക്കുന്നത് വരെയോ ആണ് വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
ആൻഡ്രോട്ട് പോലീസ് സ്‌റ്റേഷൻ ചാർജ് ഓഫീസറുടെ റിപ്പോർട്ടും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും പള്ളിയുമായി ബന്ധപ്പെട്ട രണ്ട് പ്രമുഖ കുടുംബങ്ങളായ പാട്ടകൽ, ആലിയത്തമ്മാട കുടുംബങ്ങളിലെ അംഗങ്ങളും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ലക്ഷദ്വീപ് വഖഫ് ബോർഡ് സിഇഒയും പങ്കെടുത്ത യോഗത്തിൽ ആലിയത്തമ്മാട കുടുംബത്തിൽ നിന്ന് ഒരു ഖത്തീബിനെ നിയമിക്കാനുള്ള കോടതി നിർദ്ദേശം ചർച്ച ചെയ്തു.
വെള്ളിയാഴ്ച ജുമാക്കിടെ രണ്ട് കുടുംബങ്ങളും തമ്മിൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഈ ആശങ്കകൾക്ക് മറുപടിയായാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പൊതു സമാധാനം നിലനിർത്താൻ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് എക്‌സ്‌പാർട്ടായി പാസാക്കിയ ഉത്തരവ് ഒരു മാസത്തേക്കോ കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ച് പള്ളിയിലെ മുത്തവല്ലി ഖത്തീബിനെ യഥാവിധി നിയമിക്കുന്നതുവരെയോ നിലനിൽക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY