DweepDiary.com | Monday, 13 July 2020

അജ്മീർ ഖാജ(റ) ഇന്ത്യയുടെ സുൽത്താൻ

In religious / 14 March 2019
(വാക്കത്ത് അബ്ദുല്ലത്വീഫ് പാലാഴി)

വിശ്വപ്രസിദ്ധ മസാറുകളിൽ ഒന്നായ അജ്മീർ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന സുൽത്താനുൽ ഹിന്ദ് ഖാജാമുഈനുദ്ദീൻ ചിശ്തി തങ്ങളുടെ 807-ാംമത്തെ ഉറൂസ് മുബാറക്കും വലിയ ആത്മീയ സമ്മേളനവും രാജസ്ഥാനിൽ നടക്കുകയാണല്ലോ. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, സിംഗപ്പൂർ ഉൾക്കൊള്ളുന്ന ഇന്ത്യയിലേക്കായിരുന്നു നബി (സ) തങ്ങൾ ഖാജാ തങ്ങളെ നിയോഗിച്ചത്. ഇവിടെയെല്ലാം ഖാജാ തങ്ങൾ അറിയപ്പെടുന്നത് സുൽത്താനുൽ ഹിന്ദ് എന്ന് തന്നെയാണ്. മഹാനവർകൾ നടത്തിയത് പോലുള്ള ഒരു നവോത്ഥാനം ഇവിടെ സൃഷ്ടിക്കാൻ ശേഷം ഇന്നേ വരെ ആർക്കും സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ഒരൊറ്റ കറാമത്തുകൊണ്ട് മാത്രം ലക്ഷങ്ങൾ ഇസ്‌ലാം ആശ്ലേഷിച്ച സംഭവം ചരിത്രത്തിൽ കാണാം. ബ്രിട്ടീഷ് വൈസ്രോയായിരുന്ന കഴ്‌സൺ പ്രഭു എഴുതിഴത് എട്ട് നൂറ്റാണ്ട് കാലമായി അജ്മീറിൽ അന്ത്യവിശ്രമം കൊള്ളുന്ന ഒരാളാണ് ഇന്ത്യയെ ഭരിക്കുന്നത് എന്നാണ്. തന്റെ മേലധികാരികൾക്ക് എഴുതിയ കത്തിലെ വാചകമാണിത്. വ്യത്യസ്ത വിശ്വാസക്കാരും ജാതി മതസ്ഥരുമായ പതിനായിരങ്ങൾ ദർഗയുടെ പരിസരങ്ങളിൽ ജീവിക്കുന്നു. അനാഥകളും അഗതികളും മാത്രമല്ല, അന്ധരും ബധിരരും മൂകരും നിരാലംബരുമായ ജനസഹസ്രങ്ങൾ, അജ്മീർ ദർഗ ആശ്രയിച്ച് ഉപജീവന മാർഗവും മറ്റും നടത്തിപ്പോരുന്നു. ജീവിതകാലത്ത് പാവങ്ങളുടെ ആശ്രയം, (ഗരീബ്‌നവാസ്) ആയിരുന്നുവെങ്കിൽ ഇന്നും അത് മാറ്റമില്ലാതെ തുടർന്നുപോരുന്നു.

ഖാജാ തങ്ങളുടെ പൂർണനാമം, അസ്സയ്യിദ് ശൈഖ് മുഈനുദ്ദീൻ ഹസൻ (റ) എന്നാണ്. ഹിജ്‌റ 522ൽ ഇറാനിലെ സജിസ്ഥാനിലാണ് ജനനം. അഗാധ പാണ്ഡിത്യത്തിന്റെ ഉടമയും വലിയ ധർമിഷ്ഠനുമായിരുന്ന പിതാവ് ശിയാസുദ്ധീൻ സൻജരിയുടെ ശിക്ഷണത്തിലായിരുന്നു പ്രാഥമിക പഠനം. തന്റെ പിതാവിന്റെ മരണ ശേഷം, ലഭിച്ച കൃഷിയിടത്തിൽ നനച്ചുകൊണ്ടിരിക്കെ, സദ്‌വൃത്തരിൽപ്പെട്ട സാത്വികനായ ഒരു മനുഷ്യൻ അവിടേക്ക് കടന്നുവന്നു. അദ്ദേഹത്തെ സ്വീകരിച്ചിരുത്തി പഴങ്ങൾ പറിച്ചുകൊണ്ട് വന്ന് സത്കരിച്ചു. ശൈഖ് ഇബ്‌റാഹീം എന്ന പേരിൽ പ്രസിദ്ധനായ മജ്ദൂബായിരുന്നു അത്. കുട്ടിയുടെ പ്രവർത്തനത്തിൽ സന്തുഷ്ടനായ മഹാൻ തന്റെ ഭാണ്ഡം തുറന്ന് അതിൽ നിന്ന് ഒരു പഴമെടുത്തുകൊടുത്തു. പിൽക്കാലത്ത് വരാനിരിക്കുന്ന മഹാനായ ഒരു ധാർമിക വിപ്ലവ നായകന് ഊർജം പകരുകയായിരുന്നു ശൈഖ് ഇബ്‌റാഹീം (റ). ഈ സംഭവത്തോടെ, സമ്പാദ്യം മുഴുവൻ ദാനം ചെയ്ത്, പഠനവും ജനസേവനവും ലക്ഷ്യമാക്കി യാത്ര തുടർന്നു. ശൈഖ് ഹുസാമുദ്ദീൻ(റ)ന്റെ അടുത്ത് നിന്ന് ഖുർആൻ മനഃപാഠമാക്കി, പിന്നീട് ഇറാഖിലെ ഖാജാ ഉസ്മാൻ ഹാറൂനി (റ) വിനെ അന്വേഷിച്ച് പുറപ്പെട്ടു. 20 വർഷക്കാലം അദ്ദേഹത്തിൽ നിന്ന് വിജ്ഞാനവും ആത്മീയ സരണികളും സ്വായത്തമാക്കി, ശൈഖിൽ നിന്ന് സ്ഥാന വസ്ത്രം (ഹിർക്ക) സ്വീകരിച്ച്, വിശ്രുതമായ ചിശ്ത്തി മാർഗത്തിൽ പ്രവേശിച്ചു. ഖാജാ തങ്ങളുടെ മഹാ ഗുരുക്കളെല്ലാം ചിശ്ത് എന്ന പ്രദേശത്തായിരുന്നു. ഖാജാ തങ്ങൾ അറിയപ്പെട്ടത് ഈ പ്രദേശത്തോട് ചേർത്ത് കൊണ്ടാണ്.

അക്കാലത്തെ അറിയപ്പെട്ട അത്മീയ ഗുരുക്കളെയെല്ലാം സന്ദർശിച്ച് അനുഗ്രഹം നേടിയ ഖാജാ തങ്ങൾ നൂഹ് നബി(അ)ന്റെ കപ്പൽ നങ്കൂരമിട്ട ജൂതി പർവത മുകളിലെത്തി ഗൗസുൽ അഅ്ളം ശൈഖ് ജീലാനി തങ്ങളെ കണ്ടു. മുഹ്‌യിദ്ദീൻ ശൈഖ് തങ്ങളോടൊപ്പം ജീലാനിയിലേക്ക് പുറപ്പെട്ടു. മാസങ്ങളോളം ഒന്നിച്ച് കഴിഞ്ഞു. ഖാജാ തങ്ങളുടെ ഗുരുപരമ്പരയും കുടുംബ പരമ്പരയുമെല്ലാം നബി(സ) തങ്ങളിലേക്ക് എത്തിച്ചേരുന്നു. ഒരു ദിവസം നബി(സ)യെ സിയാറത്ത് ചെയ്ത ശേഷം റൗള ശരീഫിന്റെ പരിസരത്ത് ഉറങ്ങികിടക്കുമ്പോൾ നബി തങ്ങളെ സ്വപ്‌നം കാണുകയുണ്ടായി. ”ഹിന്ദുസ്ഥാനിലേക്ക് പുറപ്പെടുക, അന്ധകാരത്തിലാണ്”. ഈ നിർദേശം ശിരസ്സാ വഹിച്ച് 40 അനുയായികൾക്കൊപ്പം ഇന്ത്യയിലേക്ക് യാത്ര തിരിച്ച് ഹിജ്‌റ 561 മുഹർറം മാസത്തിൽ അജ്മീറിലെത്തി. സ്വപ്‌നത്തിലൂടെയുള്ള നബി (സ) തങ്ങളുടെ നിർദേശവും ജീലാനീ തങ്ങളടക്കമുള്ളവരുടെ ആശീർവാദങ്ങളുടെയും ഫലം കാണുകയായിരുന്നു. നിരവധി കറാമത്തുകളിലൂടെയും ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെയും ലക്ഷങ്ങൾക്ക് ആത്മനിർവൃതി പകർന്ന്, ഇന്ത്യയുടെ സുൽത്താനായി എന്നും ജനമനസ്സുകളിൽ ജീവിക്കുകയാണ് ഖാജാ തങ്ങൾ.

ഹിജ്‌റ 633, റജബ് ആറിനാണ് ഖാജാ തങ്ങളുടെ വഫാത്ത്. ആ ദിവസം മുഴുവൻ റൂമിൽ വാതിലടച്ച് ഏകാന്തനായി ധ്യാനനിരതനായിരുന്നു. വാതിലിന് സമീപം കാത്തിരുന്ന സ്‌നേഹജനങ്ങൾ റൂമിനകത്ത് പലരുടെയും ശബ്ദങ്ങൾ കേട്ടു. വാതിൽ തുറന്ന് നോക്കിയപ്പോൾ എന്നെന്നേക്കുമായി യാത്ര പറഞ്ഞിരുന്നു. ആ നെറ്റിത്തടത്തിൽ ദിവ്യപ്രകാശത്താലുള്ള ഒരു ലിഖിതം കണ്ടു. ‘ഹാദാ ഹബീബുല്ലാഹ്, മാത ഫീ ഹുബ്ബില്ലാഹ് (അല്ലാഹുവിന്റെ ഹബീബ് ഇതാ അവന്റെ പ്രീതിയിലായി വിട പറഞ്ഞിരിക്കുന്നു) മർഹൂം ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി (റ) യുടെ മവാഹിബുൽ റബ്ബിൽ മതീൻ (പേജ് 26) ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
നിരവധി അസാധാരണ സംഭവങ്ങൾ മഹാനിൽ നിന്ന് പ്രകടമായി. മരിച്ച വ്യക്തിയെ അല്ലാഹുവിന്റെ സഹായത്താൽ ജീവിപ്പിച്ചതും അഗ്നിയാരാധകരെ വെല്ലുവിളിച്ച് തന്റെ ഒരു അനുയായിയെ തീയിൽ നടത്തിച്ചതും അടക്കം നാലായിരത്തോളം കറാമത്തുകൾ ഖാജാ തങ്ങളിലൂടെ പ്രകടമായതായി ചരിത്രം രേഖപ്പെടുത്തുന്നു.അവരുമായുള്ള ആത്മബന്ധം ശക്തിപ്പെടുത്താനുതകുന്ന സത്കർമങ്ങൾ ചെയ്യാനും സ്വർഗത്തിൽ ഒരുമിച്ച് കൂടാനും റബ്ബ് തൗഫീഖ് ചെയ്യട്ടെ…

കടപ്പാട്: സിറാജ്

SHARE YOUR FEEDBACK

RECENT IN THIS CATEGORY