DweepDiary.com | ABOUT US | Thursday, 30 November 2023

ചെത്ത്‌ലാത്തിലെ സ്‌കൂള്‍ ലയനം: പ്രതിഷേധിച്ച് രക്ഷിതാക്കള്‍, നടപടിക്ക് ഹൈക്കോടതി സ്റ്റേ

In regional BY P Faseena On 29 September 2023
ചെത്ത്‌ലാത്ത്; ചെത്ത്‌ലാത്തിലെ ജെ ബി സ്‌കൂള്‍ ഡോ എ പി ജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ ഗവണ്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുമായി ലയിപ്പിക്കാനുള്ള നടപടിക്ക് കേരള ഹൈക്കോടതിയുടെ സ്‌റ്റേ. സെപ്റ്റംബര്‍ 27 നാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഗവണ്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് ഫോണ്‍ മുഖാന്തിരം സ്‌കൂള്‍ ലയനവുമായി ബന്ധപ്പെട്ട വാക്കാലുള്ള ഉത്തരവ് ലഭിക്കുന്നത്.
പ്രിന്‍സിപ്പല്‍ ജെ ബി സ്‌കൂള്‍ പ്രധാനാദ്ധ്യാപകന് നിർദ്ദേശം കൈമാറുകയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും അറിയിക്കുകയും ചെയ്തു. എന്നാല്‍ രക്ഷിതാക്കള്‍ ജെ ബി സ്‌കൂളില്‍ നിന്ന് കുട്ടികളെ മാറ്റാന്‍ തയ്യാറായില്ല. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നും ജെ ബി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയിരുന്നില്ല. വിദ്യാഭ്യാസ വകുപ്പ്സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുമായി കൂടിയാലോചിച്ചെടുത്ത തീരുമാനമല്ല ഇതെന്ന് രക്ഷിതാക്കള്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ പ്രതിരോധിക്കാന്‍ ആറംഗ കമ്മിറ്റിയുള്ള ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചിരുന്നു. നിലവില്‍ ജെ ബി സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലം വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ ഇടമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ മിസ്ബാഹ് ദ്വീപ് ഡയറിയോട് പറഞ്ഞു. 212 ഓളം വിദ്യാര്‍ഥികള്‍ ജെ ബി സ്‌കൂളിലുണ്ട്. ഇത്രയും വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള യാതൊരു സംവിധാനവും സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലില്ല.
അതേസമയം ജെ ബി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇബ്രാഹിമിനെ ആന്ത്രോത്ത് ജി ജെ ബി എസ് സ്‌കൂളിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ ഡയറക്ടര്‍ രാകേഷ് ദഹിയ ഡാനിക്‌സ് ഇന്ന് പുറത്തിറക്കിയിരുന്നു. ഇതിനിടയിലാണ് ലയന നടപടിക്ക് ഹൈക്കോടതി സ്‌റ്റേ നല്‍കിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY