DweepDiary.com | ABOUT US | Tuesday, 16 April 2024

കിൽത്താൻ സ്വദേശി മഹദാ ഹുസൈൻ ബി. ജെ.പി യിൽ ചേർന്നു

In regional BY P Faseena On 18 September 2022
കിൽത്താൻ: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായ മഹദാ ഹുസൈൻ ബി. ജെ പി യിൽ ചേർന്നു. കഴിഞ്ഞ ദിവസം ഭാരതീയ ജനതാ പാർട്ടിയുടെ നാഷണൽ മൈനൊറിറ്റി മോർച്ച പ്രസിഡന്റിൽ നിന്നും മഹദാ ഹുസൈൻ മെമ്പർഷിപ് സ്വീകരിച്ചു. കിൽത്താൻ സ്വദേശിയായ മഹദാ എഴുത്തുകളിലൂടെയും രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിൽ സജീവമായ വ്യക്തിയാണ്. ലക്ഷദ്വീപ് പ്രശ്നങ്ങൾ പഠിക്കാൻ ബി.ജെ.പി ദേശീയ നേതൃത്വം നിയോഗിച്ച നാഷണൽ മൈനോറിറ്റി മോർച്ചാ പ്രസിഡന്റ് ജമാൽ സിദ്ധിക്കുമായി കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചർച്ചയ്ക്ക് ശേഷമാണ് ബി.ജെ.പി യിലേക്കുള്ള മഹദയുടെ പ്രവേശനം.
ലക്ഷദ്വീപിലെ നിലവിലെ സാമൂഹിക,രാഷ്ട്രീയ പ്രശ്നങ്ങൾ ജമാൽ സിദ്ധിക്കുമായി പങ്കുവെക്കുകയും അദ്ദേഹം അത് വളരെ ഗൗരവത്തോടെ കേൾക്കുകയും. വിഷയം ദേശീയ നേതൃത്വത്തിന്റെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ട് വന്ന് അടിയന്തിര പരിഹാരം കാണാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഭരിക്കുന്ന പ്രസ്ഥാനത്തോട് ചേർന്നു നിന്നാൽ മാത്രമേ നിലവിൽ ദ്വീപുജനത നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകു എന്ന് അദ്ദേഹം തന്നെ ബോധ്യപ്പെടുത്തുകയും പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തുന്ന വ്യക്തി എന്ന നിലയിൽ നിലവിലെ ദ്വീപ് രാഷ്ട്രീയത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കി കൊണ്ട് ക്ഷണം സ്വീകരിച്ചു എന്ന് മഹദാ ഹുസൈൻ ദ്വീപ് ഡയറിയോട് പറഞ്ഞു.
ലക്ഷദ്വീപിൽ നിലവിൽ അധികാരം കയ്യാളുന്ന രാഷ്ട്രീയ പാർട്ടികൾ ദ്വീപിലെ സാധാരണ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ഇമോഷണൽ രാഷ്ട്രീയത്തിലെ റബ്ബർ സ്റ്റാമ്പ്‌ ആയി നിലകൊള്ളുന്ന ജനപ്രതിനിധികൾ ആണ് ദ്വീപിൽ. നാൾകുനാൾ ഒരു സമൂഹത്തെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. ലക്ഷദ്വീപിൽ രാഷ്ട്രീയ ചർച്ചകൾ എന്നും വ്യക്തിപരമായ ആരോപണങ്ങളിൽ മാത്രമാണ് ഒതുങ്ങി നിൽക്കുന്നത്. നാടിന്റെ ഭാവിയും നന്മയും ചർച്ച ചെയ്യപ്പെടുന്നതിന് പകരം വൈരാഗ്യ മനോഭാവത്തോടെ പരസ്പരം തർക്കിക്കുക മാത്രമാണ് ദ്വീപിലെ രാഷ്ട്രീയത്തിൽ അന്നും ഇന്നും കണ്ടു വരുന്നത്. ദ്വീപുകാർ മതത്തേക്കാൾ ഏറെ പാർട്ടിയെ സ്നേഹിക്കുന്ന ഒരു സമൂഹമാണ്. പി.എം സഈദ്, ഡോ. ബംമ്പൻ എന്ന രണ്ടു മനുഷ്യരിലാണ് ദ്വീപു രാഷ്ട്രീയം എക്കാലവും നിഴലിച്ച് നിൽക്കുന്നത്. നേതൃത്വം ചെയ്യുന്നതെന്തും കണ്ണടച്ച് വിശ്വസിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നതാണ് രാഷ്ട്രീയ ദൗത്യം എന്ന ധാരണയിലാണ് ഇന്നും ദ്വീപിലെ ബഹുഭൂരിപക്ഷം ജനങ്ങളും. അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ ഒരു വ്യക്തിയുടെ അജണ്ട മാത്രമാണ്. ഇതിനെതിരെ നിലവിലുള്ള അധികാരം പോലും ഉപയോഗിക്കാൻ കഴിയാത്തവരാണ് ദ്വീപിലെ രാഷ്ട്രീയ നേതൃത്വങ്ങൾ. ലക്ഷദ്വീപിൽ 99ശതമാനം ജനങ്ങളും അടിമത്വ രാഷ്ട്രീയമാണ് അനുഭവിക്കുന്നത്. യഥാർത്ഥ രാഷ്ട്രീയം എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട് എന്നും മഹദാ ഹുസൈൻ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY