DweepDiary.com | ABOUT US | Friday, 29 March 2024

ഏഴ് വര്‍ഷത്തെ നിയമപോരാട്ടം: കലാതിലകപട്ടം സ്വീകരിക്കാന്‍ റഷീദ ബീഗം എത്തും

In regional BY P Faseena On 19 May 2022
ആന്ത്രോത്ത്: വേദിയില്‍ അര്‍ഹതപ്പെട്ട കലാതിലകപട്ടം നിഷേധിക്കപ്പെട്ട് നീണ്ടകാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിക്കേണ്ട കലാതിലകപട്ടം സ്വീകരിക്കാന്‍ ഒടുവിൽ റഷീദബീഗം എത്തും. ഒരു ഉപ്പയുടെയും മകളുടെയും എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി അര്‍ഹതപ്പെട്ട അംഗീകാരം കൈവിട്ടുപോയത് 2015ലെ ലക്ഷദ്വീപ് സ്‌കൂള്‍ കലോത്സവവേദിയിലാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കലോത്സവവേദിയില്‍ കലാതിലകപട്ടം ലഭിക്കാതെ നിരാശയാകേണ്ടിവന്ന കവരത്തി ഗവ: സീനിയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ആന്ത്രോത്ത് പുത്തലം തൗഫീഖ് മന്‍സില്‍ സി.പി റഷീദ ബീഗത്തെ വര്‍ഷങ്ങള്‍ക്ക് ശേഷം കലാതിലകമായി ആന്ത്രോത്ത് മുന്‍സിഫ് കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്.
അര്‍ഹതപെട്ട അംഗീകാരം ലഭിക്കാതെ അന്ന് ഉപ്പയുടെ കൈപിടിച്ച് വേദിവിട്ട മകളുടെ സങ്കടം കണ്ട് നിയമപോരാട്ടത്തിന് ഇറങ്ങിയതാണ് പിതാവ് അബ്ദുല്‍ ജബ്ബാര്‍. നീതി തേടി നടന്ന വഴികളില്‍ ഈ പിതാവ് സഹിക്കേണ്ടിവന്ന അവഗണനകളും അനവധിയാണ്. പൊസിഷന്‍ പോയന്റിലും ഗ്രേഡ് പോയന്റിലും മുന്നിലായിരുന്ന റഷീദയുടെ കലാതിലകപട്ടം അധ്യാപകരടക്കം ഉറപ്പിച്ചതായിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സംഘാടകര്‍ കലാതിലകപട്ടം മകള്‍ക്ക് നിഷേധിച്ചെന്ന് ഉപ്പ ജബ്ബാര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പില്‍ പരാതി നല്‍കിയെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായില്ല. വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസില്‍ അപ്പീല്‍ നല്‍കി, കലക്ടറേയും അഡ്മിനിസ്‌ട്രേറ്ററേയും സമീപിച്ചു; എന്നിട്ടും തീരുമാനമൊന്നും ഉണ്ടായില്ല. ഒടുവില്‍ നീതിയുടെ അവസാന വാതിലായി ആന്ത്രോത്ത് മുന്‍സിഫ് കോടതിയില്‍ എത്തുകയായിരുന്നു.
കോടതി നടപടികള്‍ ആരംഭിച്ചെങ്കിലും അവിടെയും വെല്ലുവിളികള്‍ എത്തി: കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ മുന്‍സിഫ് സ്ഥലം മാറിപോയി. പുതിയ മുന്‍സിഫ് ചാര്‍ജെടുക്കാന്‍ വൈകിയതും എതിര്‍ഭാഗത്തിന്റെ അലംഭാവവും എല്ലാം കേസ് വൈകാന്‍ പിന്നെയും കാരണമായി. ഒടുവില്‍ കോടതിയുടെ ശക്തമായ ഇടപെടലില്‍ റഷീദയ്ക്ക് നീതി ലഭിക്കുകയായിരുന്നു. റഷീദയെ കലാതിലകമായി പ്രഖ്യാപിക്കണമെന്നും ഉചിതമായ വേദിയില്‍ പുരസ്‌കാരം സമ്മാനിക്കണമെന്നും ഒടുവില്‍ ആന്ത്രോത്ത് മുന്‍സിഫ് കോടതി ഉത്തരവിട്ടു. ബംഗളൂരു ഗവ: ഹോമിയോ കോളേജില്‍ പഠനം കഴിഞ്ഞ റഷീദ ഇപ്പോള്‍ അവിടെ തന്നെ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY