DweepDiary.com | ABOUT US | Thursday, 28 March 2024

അബ്ബാസ് പടിയിറങ്ങുന്നു, ദ്വീപുതീവണ്ടിയുടെ ആദ്യ ചൂളംവിളി ഓർമയിൽ

In regional BY Shihab Kavaratti On 01 July 2021
കവരത്തി: ലക്ഷദ്വീപിൽ ട്രെയിൻ ഓടിച്ച ആദ്യ ദ്വീപുകാരൻ കവരത്തി മന്നാപുര അബ്ബാസ് തന്റെ 32 വർഷത്തെ സർക്കാർ സേവനത്തിന് ശേഷം ജൂൺ 30ന് വിരമിച്ചു. 1989 ൽ ലക്ഷദ്വീപ് ഗവർണമെന്റ് പ്രസ്സിൽ മസ്ദൂർ ആയി സർക്കാർ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 1994 ൽ പ്രൊമോഷനോടുകൂടി അമിനി സബ്ഡിവിഷണൽ ഓഫീസിൽ ഡ്രൈവർ ആയി. സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഡിപാർട്ടുമെന്റ് മേധാവികളുടെ ഓഫീസ് ഡ്രൈവർ ആയി നീണ്ടകാലം സേവനമനുഷ്ഠിച്ചു. സർക്കാർ സർവ്വീസിൽ നിന്നും ഔദ്യോഗികമായി വിരമിക്കുമ്പോൾ ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് കം ചീഫ് കൗണ്സിലർ ഹസ്സൻ ബടുമുക്ക ഗോത്തിയുടെ ഡ്രൈവർ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു.

തീവണ്ടി ഇല്ലാത്ത ലക്ഷദ്വീപിലെ ദ്വീപ് ബാല്യങ്ങൾക്ക് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സമ്മാനിച്ച അത്ഭുതമായിരുന്നു പ്രസ്തുത തീവണ്ടി. മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാ സ്പീക്കറുമായിരുന്ന പി.എം സഈദ് ലോക്‌സഭാ അംഗമായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് ഇന്ദിരാഗാന്ധി ദ്വീപിലെത്തിയത്. ലക്ഷദ്വീപിലെ കുട്ടികളുമായി സംവദിക്കുന്നതിനിടെ, ആഗ്രഹം ചോദിക്കുമ്പോഴാണു കുട്ടികള്‍ ട്രെയിൻ വേണമെന്ന ആവശ്യം ഉയർത്തിയത്. കുട്ടികളുടെ ആഗ്രഹം ഗൗരവമായി എടുത്ത പ്രധാനമന്ത്രി ഉടനെ ഒരു മിനി ട്രെയിൻ കൊണ്ടുവരാൻ ഉത്തരവിടുകയായിരുന്നു. സതേൺ റെയിൽവെ ക്കായിരുന്നു നിർമ്മാണ ചുമതല. "കവരത്തി ക്യൂൻ" എന്ന പേരിൽ പ്രത്യേക ഡീസൽ എഞ്ചിൻ നിർമ്മിച്ച് കവരത്തിയിലെത്തിച്ചു. മൂന്ന് ബോഗികളായിരുന്നു ഉണ്ടായിരുന്നത്. ഒന്നര കിലോമീറ്റർ നീളത്തിൽ പാളവും ട്രാഫിക് സിഗ്നലോഡ് കൂടിയ റെയിൽവേ സ്റ്റേഷനും അന്ന് ഉണ്ടാക്കി. 1973 ൽ സ്ഥാപിതമായ പൊതുമരാമത്ത് വകുപ്പിന് ആയിരുന്നു ഇതിൻ്റെ നടത്തിപ്പ് ചുമതല. 1976 ഡിസംബർ 30 ന് ആണ് ദ്വീപിലെ കുട്ടികൾക്ക് വേണ്ടി ഇത് കമ്മീഷൻ ചെയ്തത്.

ആദ്യമൊക്കെ തീവണ്ടി നിയന്ത്രിച്ചിരുന്നത് കേരളത്തിൽ നിന്നുള്ള ലോക്കോ പൈലറ്റായിരുന്നു. പിന്നീട് ആണ് അബ്ബാസിന് അവസരം കിട്ടുന്നത്. ഇന്നലെ അബ്ബാസ് പടിയിറങ്ങുമ്പോൾ ഡീസൽ എൻജിൻ കവരത്തി ഡോക്കിൽ പൊടിപിടിച്ച് കിടക്കുകയായിരുന്നു. തന്നെ പഴയ പോലെ ഒന്ന് പുതുക്കി, ദ്വീപിന്റെ ബാലമനസുകളിൽ ചൂളം വിളിച്ച് ഓടാൻ അനുവദിക്കൂ എന്ന് കേഴുകയാവാം ഈ വയസൻ വണ്ടി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY