DweepDiary.com | ABOUT US | Friday, 19 April 2024

കടമത്ത് ചരക്ക് ഇറക്കാതെ സമരം പ്രഖ്യാപിച്ച് തൊഴിലാളികൾ - ചരക്ക് നീക്കം പ്രതിസന്ധിയിൽ

In regional BY Admin On 21 June 2021
കടമത്ത്: കപ്പലിൽ നിന്നും ചരക്ക് ഇറക്കുമതി ചെയ്യാൻ വിസമ്മതിച്ച് തൊഴിലാളികൾ പ്രതിഷേധത്തിൽ. കപ്പലിൽ നിന്ന് വ്യാപാര സാധനങ്ങൾ തോണിയിൽ (കൊന്തളത്തിൽ) കയറ്റി പാലത്തിൽ ഇറക്കുന്നതിന് നിലവിൽ പത്ത് രൂപ മാത്രമാണ് നൽകുന്നത്. ഈ തുക പരിഷ്കരിക്കണമെന്ന തൊഴിലാളികളുടെ ദീർഘകാല ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ സമരത്തിലേക്ക് കടന്നത്. നിലവിലെ തുക ഇരുപത് രൂപയാക്കി തരണമെന്ന ആവശ്യവുമാണ് തൊഴിലാളികൾ ഉയർത്തിയിരിക്കുന്നത്.

2014ലെ തുറമുഖ കരാർ പ്രകാരം കപ്പലിൽ നിന്നും സാധനങ്ങൾ ഇറക്കാനുള്ള കരാർ പി എം പി ജബ്ബാർ എന്ന വ്യക്തിക്കാണ്. ഇദ്ദേഹം പോർട്ട് നൽകുന്ന തുക കൃത്യമായി തൊഴിലാളികൾക്ക് നൽകുന്നുവെന്ന് ദ്വീപ് ഡയറിയോട് പറഞ്ഞു.

കൂലി വർദ്ധിപ്പിക്കുന്നത് വരെ ചരക്ക് ഇറക്കാൻ തങ്ങൾ തയ്യാറല്ലെന്ന് തൊഴിലാളികൾ നിലപാട് അറിയിച്ചതോടെ കടമത്തിലെ ചരക്ക് നീക്കം സ്തംഭിച്ചു. വൻകരയിൽ നിന്ന് കടമത്ത് ദ്വീപിലേക്ക് പോർട്ട് അതോറിറ്റി വ്യാപാരികൾക്ക് ഷിപ്പിങ് ബിൽ നൽകുന്നതും നിർത്തി വെച്ചു.

ലക്ഷദ്വീപിൽ മൺസൂൺ സീസണിൽ കിഴക്ക് വശത്താണ് ചരക്ക്-യാത്രാ നീക്കങ്ങൾ നടത്തുന്നത്. പുറംകടൽവരെ നീണ്ട് കിടക്കുന്ന ഈസ്റ്റേൺ ജെട്ടിയുള്ള അഗത്തി, കവരത്തി, മിനിക്കോയ് ദ്വീപുകൾ ഒഴിച്ച് മറ്റു ദ്വീപുകളിൽ ചെറിയ വള്ളങ്ങൾ വഴിയാണ് യാത്രക്കാരെയും ചരക്കും ഇറക്കുന്നത്. മൺസൂൺ കാലം യാത്രക്കാർക്കും വ്യാപാരികൾക്കും സാധാരണ ദുരിത കാലമാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY