DweepDiary.com | ABOUT US | Saturday, 20 April 2024

അഗത്തിക്കാരുടെ സ്നേഹമുള്ള ഓ‌ജി മാമന്‍ പടിയിറങ്ങി

In regional BY Admin On 13 July 2016
അഗത്തി (13/07/2016): ലക്ഷദ്വീപ് ഗോള്‍ഡന്‍ ജൂബിലി മ്യൂസിയം അഗത്തിയിലെ അസിസ്റ്റന്‍റ് കൂറേറ്റര്‍ ശ്രീ ഓ‌ജി മൂസ വിരമിച്ചു. മിനിക്കോയ് സ്വദേശിയായ ഓ‌ജി 1994 മുതല്‍ 22 വര്‍ഷം അഗത്തിയില്‍ മ്യൂസിയം മേല്‍നോട്ടക്കാരനായിരുന്നു. അദ്ദേഹത്തിന്‍റെ പടിയിറക്കം അഗത്തിക്കാര്‍ക്ക് ഏറെ വിഷമമുണ്ടാക്കുന്നതാണ്. അര്‍പ്പിതമായ ജോലി തീരുന്നത് വരെ അഹോരാത്രം ഓടി നടക്കുന്ന ഓ‌ജി മാമന്‍ ഒരു കലാകാരന്‍ കൂടിയാണ്. വിവിധ ക്ലബുകള്‍ക്കും സംഘടനകള്‍ക്കും ലോഗോ വരയ്ക്കാനും യുവജന ഉല്‍സവങ്ങളില്‍ സംഘാടനം നടത്താനും ഓ‌ജി'ക്ക് മടിയില്ല. ലക്ഷദ്വീപിന്‍റെ ഏക ജനകീയ വാര്‍ത്താ മാധ്യമമായ ദ്വീപ് ഡയറിയുടെ ലോഗോ ഓ‌ജി'യുടെ ഭാവനയില്‍ നിന്നും വിരിഞ്ഞതാണ്. പ്രകൃതി ദ്യശ്യങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്താന്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം നിരവധി ദേശീയ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്.

15/11/1979'ല്‍ കൊച്ചിയിലെ ലക്ഷദ്വീപ് കപ്പല്‍ ഗതാഗത ഓഫീസിലെ അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്കായി ലക്ഷദ്വീപ് ഭരണ കൂടത്തില്‍ പ്രവേശിച്ച അദ്ദേഹം 1981'ല്‍ കവരത്തിയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. അദ്ദേഹത്തിന്‍റെ കലാവാസന മണത്തറിഞ്ഞ ലക്ഷദ്വീപ് ഭരണകൂടം 1981-82 വര്‍ഷത്തെ ലക്ഷദ്വീപ് സാഹിത്യ കലാ അക്കാദമിയുടെ ഭരണ സമിതി അംഗമാക്കി. 1984 വരെ കവരത്തിയില്‍ സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് ദ്വീപ് ഭരണ കൂടത്തിന്‍റെ പ്രത്യേക അഭിമുഖം വഴി ലക്ഷദ്വീപ് സാമൂഹിക ക്ഷേമ വകുപ്പില്‍ ടെക്‍നികള്‍ അസിസ്റ്റന്‍റ് തസ്തികയിലേക്ക് മാറ്റപ്പെട്ടു. 03/03/1994'ല്‍ അഗത്തി ഗോള്‍ഡണ്‍ ജൂബിലി മ്യൂസിയം അസിസ്റ്റന്‍റ് കുറേറ്ററായി സ്ഥാനം കയറ്റി നല്‍കി. 1996-97 കാലഘട്ടത്തില്‍ ചെന്നൈ എഗ്മോര്‍ മ്യൂസിയത്തില്‍ നടന്ന കലാകാരന്മാരുടെ ക്യാമ്പില്‍ നിറ സാന്നിധ്യമായി. ആന്തമാനില്‍ നടന്ന ഭക്ഷ്യമേളയിലും ഡല്‍ഹിയില്‍ നടന്ന ഇന്ത്യ - അന്താരാഷ്ട്ര വ്യാപാര മേളയിലും ലക്ഷദ്വീപിന് വേണ്ടി പവാലിയന്‍ രൂപപ്പെടുത്തിയത് ഓ‌ജി'യായിരുന്നു. 30/06/2016'നു വിരമിക്കുമ്പോള്‍ 37 വര്‍ഷത്തെ സ്ത്യുത്യാര്‍ഹമായ സേവനം പൂര്‍ത്തിയാക്കിയിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY