DweepDiary.com | ABOUT US | Thursday, 28 March 2024

ലക്ഷദ്വീപ് സീ കപ്പലില്‍ ക്യാപ്റ്റനൊപ്പം പഞ്ചാബി യുവതി - എമിഗ്രേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു

In main news BY Admin On 11 April 2016
മട്ടാഞ്ചേരി (11/04/2016): ഏഴാം തീയതി കൊച്ചിയില്‍ നിന്നും പുറപ്പെട്ട് 8ന് കവരത്തി 9നു മിനിക്കോയി വഴി കൊച്ചിയില്‍ ഇന്നലെ എത്തിയ ലക്ഷദ്വീപ് സീ എന്ന കപ്പലില്‍ ക്യാപ്റ്റനോടൊപ്പം കണ്ട പഞ്ചാബി യുവതിയെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി. മതിയായ രേഖകളില്ലാതെ യാത്രചെയ്ത യുവതി എങ്ങനെ കപ്പലില്‍ കയറി എന്നതില്‍ ദുരൂഹത നീങ്ങിയിട്ടില്ല. യുവതിയെ എമിഗ്രേഷന്‍ വിഭാഗം ഹാര്‍ബര്‍ പോലീസിന് കൈമാറി. ലക്ഷദ്വീപ് സീ കപ്പല്‍ ക്യാപ്‌റ്റന്‍ റോണി റിച്ചാര്‍ഡിനോടൊപ്പം കണ്ട പഞ്ചാബ്‌ ജലന്തര്‍ സ്വദേശിനി ജഫ്‌ജിത്ത്‌ കൗറിനെയാണ്‌ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്‌. ക്യാപ്റ്റനെ ചോദ്യം ചെയ്തുവെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാലാണ് യുവതിയെ പോലീസിന് കൈമാറിയത്. അതേസമയം, കപ്പലില്‍ അനാശാസ്യം സംബന്ധമായോ മറ്റു കുറ്റങ്ങളോ നടന്നതായി പരാതിയില്ലാത്തതിനാല്‍ ഇവര്‍ക്കെതിരെ കേസ്സെടുക്കാനാവില്ലെന്ന നിലപാടിലാണ് ഹാര്‍ബര്‍ പോലീസ്. സംഭവം നടന്നിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും ലക്ഷദ്വീപ് ഭരണകൂടം കുറ്റകരമായ മൌനം തുടരുകയാണ്. ക്യാപ്റ്റനോട് വിശദീകരണം ചോദിക്കാനോ എമിഗ്രേഷന്‍ വിഭാഗത്തിന് രേഖാമൂലം പരാതി നല്‍കാനോ തയ്യാറായില്ല. നാവിക സംബന്ധമായ കേസുകള്‍ അന്വേഷിക്കുന്ന മര്‍ക്കന്റൈന്‍ മറൈന്‍ വിഭാഗത്തിന് ഹാര്‍ബര്‍ പോലീസ് കേസ് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ വാരം ലക്ഷദ്വീപ് സന്ദര്‍ശനം കഴിഞ്ഞു വന്ന സ്വീഡന്‍ സ്വദേശിയെ സാറ്റലൈറ്റ് ഫോണുമായി കൊച്ചി വിമാനത്താവളത്തില്‍ അധികൃതര്‍ പിടികൂടിയിരുന്നു. ഈ കേസ് അന്വേഷണവും മന്ദഗതിയിലാണ്. രാജ്യത്തിന്‍റെ തന്ത്രപ്രധാനമായ ലക്ഷദ്വീപുകളില്‍ സന്ദര്‍ശനം നടത്താന്‍ ലക്ഷദ്വീപുകാരല്ലാത്തവര്‍ക്ക് മതിയായ രേഖകള്‍ ആവശ്യമാണ്. ലക്ഷദ്വീപിലെ രാഷ്ട്രീയ പ്രമുഖരുടെ ഇടപെടല്‍ മാത്രമാണ് ഇനി ഇതിനെ സംബന്ധിച്ച അന്വേഷണത്തിന് ഊര്‍ജ്ജമുണ്ടാവുക എന്ന്‍ കരുതേണ്ടിയിരിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY