DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപ് കടലില്‍ വീണ്ടും കള്ളക്കടത്ത് - തീരദേശ സേന വെടിയുതിര്‍ത്തു രണ്ട് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടിച്ചെടുത്തു

In main news BY Admin On 10 November 2015
കവരത്തി (10/11/2015): വംശനാശ ഭീഷണി നേരിടുന്ന 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ 1'ല്‍ ഉള്‍പ്പെടുത്തിയ കടല്‍ വെള്ളരി (Sea Cucumber) കള്ളക്കടത്ത് വീണ്ടും സജീവമാകുന്നു. കള്ളക്കടത്ത് നടത്തുകയായിരുന്ന രണ്ട് ശ്രീലങ്കന്‍ ബോട്ടുകള്‍ തീരദേശ സംരക്ഷണ സേനാ കപ്പല്‍ സമുദ്ര പ്രഹാരി പിടികൂടി. തീരദേശ സംരക്ഷണ സേനയെ മാനിക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ സേന കടലില്‍ വെടിയുതിര്‍ത്തു മുന്നറിയിപ്പ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കീഴടങ്ങി. ഹോളി ക്രോസ് III, ഹോളി ക്രോസ് VI എന്നീ ബോട്ടുകളിലായി യഥാക്രമം 4000 വും 5000 വും കിലോഗ്രാം വരുന്ന കടല്‍വെള്ളരി കണ്ടെടുത്തു. ബോട്ടുകളിലെ 29 ശ്രീലങ്കന്‍ തൊഴിലാളികളേയും സേന കസ്റ്റഡിയില്‍ എടുത്ത് മംഗലാപുരം പോലീസിന് കൈമാറി. നിലവില്‍ ചെറിയപാണിയും വലിയപാണിയും ചെത്ത്ലാത് ദ്വീപിന്‍റെ ഭരണ നിയന്ത്രണത്തിലുള്ളതെങ്കിലും ഏറ്റവും അടുത്ത തുറമുഖമായ ന്യൂമാംഗളൂരിലാണ് ഇവരെ എത്തിക്കുന്നത്. ചെറിയപാണിയുടെ പടിഞ്ഞാറായി ഏകദേശം 35 കിലോമീറ്റര്‍ അടുത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ഒക്ടോബര്‍ 24നാണ് ലക്ഷദ്വീപ് അറിയാതെ പോയ കടല്‍ക്കൊള്ള അരങ്ങേറിയത്. ഒക്ടോബര്‍ 23 രാവിലെ 8 മണിക്ക് കവരത്തി പോലീസ് കംട്രോള്‍ റൂമിലേക്കെത്തിയ ഒരു അടിയന്തിര സന്ദേശമാണ് ഇവരെ പിടികൂടാന്‍ സഹായകമായത്. ചെറിയപാണിയില്‍ മീന്‍ പിടിക്കുകയായിരുന്ന തദ്ദേശീയരായ മീന്‍പിടിത്തക്കാരുടെ അറിയിപ്പ് പ്രകാരം രണ്ട് അസാധാരണ ബോട്ടുകള്‍ റോന്ത് ചുറ്റുന്ന വിവരം ലഭിച്ചു. തുടര്‍ന്ന് ലക്ഷദ്വീപ് കടലില്‍ പെട്രോളിങ്ങിലായിരുന്ന ICGS സമുദ്ര പ്രഹരി ഇവിടേക്ക് കുതിക്കുകയായിരുന്നു. ഇവരെ നിരീക്ഷിക്കുന്നതിന് വേണ്ടി ഒക്ടോബര്‍ 24നു രാവിലെ കൊച്ചിയില്‍ നിന്നും തീരദേശ സംരക്ഷണ സേനയുടെ നിരീക്ഷണ വീമാനം എത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന സമാനമായ കള്ളകടത്തും കോസ്റ്റ്ഗാര്‍ഡ് മീന്‍പിടിത്തക്കാരുടെ സഹായത്തോടെ തകര്‍ത്തിരുന്നു. കള്ളക്കടത്ത് കൂടിയ സാഹചര്യത്തില്‍ സേന നിത്യേന ആളില്ലാ നിരീക്ഷണ വിമാനങ്ങള്‍ ഉപയോഗിച്ചും കള്ളക്കടത്ത് തടയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


2007 ഏപ്രിലില്‍ നടന്ന കടല്‍ വെള്ളരി കള്ളകടത്തിന്‍റെ ദ്വീപ് ഡയറി വാര്‍ത്ത

SHARE YOUR FEEDBACK

RECENT IN THIS CATEGORY