DweepDiary.com | ABOUT US | Thursday, 28 March 2024

SPORTS'ല്‍ ലക്ഷങ്ങളുടെ അഴിമതി - CBI കേസെടുത്തു - ഉദ്യോഗസ്ഥന്‍റെ ഭാര്യയും കുടുങ്ങും

In main news BY Admin On 31 July 2015
കൊച്ചി (29/07/2015): ലക്ഷദ്വീപിലെ വിനോദ സഞ്ചാര മേഖല കൈയ്യാളുന്ന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ SPORTS (Society for Promotion of Nature & Sports)നു വേണ്ടി ബോട്ട് വാങ്ങാന്‍ ഭാര്യയുടെ കമ്പനിക്ക് വ്യാജകരാര്‍ നല്‍കി 35 ലക്ഷം രൂപയുടെ ക്രമക്കേടു നടത്തിയ ഉദ്യോഗസ്ഥനെതിരെ സിബിഐ കേസെടുത്തു. അസിസ്റ്റന്റ് ഡയറക്ടര്‍ കെ. എം. ഹുസൈന്‍, മുന്‍ ഉദ്യോഗസ്ഥന്‍ ബഷീര്‍, ഹുസൈന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള അക്വാട്ടിക് ഇംപെക്സ് ആന്‍ഡ് ട്രേഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരെ ഒന്നു മുതല്‍ മൂന്നുവരെ പ്രതികളാക്കി സിബിഐ കൊച്ചി യൂണിറ്റ് കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചൊവ്വാഴ്ച (28/07/2015) ഹുസൈന്റെ കാക്കനാട്ടെ ഫ്ളാറ്റിലും അക്വാട്ടിക്കിന്റെ ജോസ് ജങ്ഷനിലെ ഓഫീസിലും റെയ്ഡ് നടത്തിയ സിബിഐ സംഘം നിരവധി രേഖകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തു. സ്പോര്‍ട്സിനുവേണ്ടി അഞ്ച് ബോട്ടുകള്‍ വാങ്ങാന്‍ കെ എം ഹുസൈന്‍ തന്‍റെ അധികാരം ഉപയോഗിച്ച് ഭാര്യയും മറ്റൊരു സ്ത്രീയും പങ്കാളികളായ അക്വാട്ടിക്കിന് വ്യാജകരാര്‍ നല്‍കുകയായിരുന്നു. ബോട്ട് നിര്‍മിച്ച് പരിചയമില്ലാത്ത കമ്പനിക്ക് തന്‍റെ സ്വാധീനം ഉപയോഗിച്ച് ടെന്‍ഡര്‍ നല്‍കിയതു വഴി 35 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി സിബിഐ കണ്ടെത്തി. മാത്രമല്ല വൈദഗ്ധ്യമില്ലാതെ നിര്‍മിച്ച ബോട്ടുകള്‍ ഉപയോഗശൂന്യമായി. നീറ്റിലിറക്കിയതുമില്ല.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ മുന്‍ ഉദ്യോഗസ്ഥനായ ബഷീറാണ് തട്ടിപ്പിന് ഇടനിലക്കാരനായത്. കുറച്ചുനാള്‍ മുമ്പ് ജോലിരാജിവച്ച ബഷീര്‍ അക്വാട്ടിക് കമ്പനിക്കുവേണ്ടി സ്വാധീനം ഉപയോഗിച്ചതായും കണ്ടെത്തി. കെ എം ഹുസൈന്റെ ആവശ്യപ്രകാരമായിരുന്നു ഈ ഇടപാട്. അഴിമതിനിരോധ നിയമത്തിലെ വിവിധ വകുപ്പുകള്‍പ്രകാരവും അധികാര ദുര്‍വിനിയോഗത്തിനുമാണ് കേസ്. സമാന ഇടപാടുകള്‍ കെ എം ഹുസൈന്‍ നേരത്തെയും നടത്തിയിട്ടുണ്ടെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. കവരത്തിയില്‍ താമസിക്കുന്ന ഹുസൈനെ വരും ദിവസങ്ങളില്‍ സി‌ബി‌ഐ ചോദ്യംചെയ്യും. ഹുസൈന്റെ സ്വത്തുവിവരം സംബന്ധിച്ചും വിവരം ശേഖരിച്ചു വരികയാണ് സി‌ബി‌ഐ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY