DweepDiary.com | ABOUT US | Thursday, 18 April 2024

ലക്ഷദ്വീപിൽ നിന്ന് കപ്പൽ ജോലിക്ക് വ്യാജ സർട്ടിഫിക്കറ്റ് മാഫിയ

In main news BY Admin On 20 June 2015
കൊച്ചി ∙ പതിനായിരങ്ങൾ ശമ്പളമുള്ള ജോലി ലഭിക്കാൻ ആറായിരം രൂപയുടെ ഡിപ്ലോമ സർട്ടിഫിക്കറ്റ്. പണത്തിനൊപ്പം എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ പകർപ്പും രണ്ടു ഫോട്ടോയും കൊടുത്താൽ മൂന്നു വർഷത്തെ കോഴ്സ് വിജയിച്ച സർട്ടിഫിക്കറ്റും മാർക്ക് ഷീറ്റും 24 മണിക്കൂറിനകം കയ്യിൽ. എറിയേണ്ടിടത്തു പണമെറിഞ്ഞാൽ ഈ സർട്ടിഫിക്കറ്റുമായി ഓഫിസർ തസ്തികയിൽ ജോലി ഉറപ്പ്. ഇത് ഏതെങ്കിലും റിക്രൂട്ടിങ് സ്ഥാപനത്തിന്റെ പരസ്യമല്ല. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ സഹായത്തോടെ ലക്ഷദ്വീപ് വികസന കോർപറേഷൻ ലിമിറ്റഡിനു (എൽഡിസിഎൽ) കീഴിലെ കപ്പലുകളിൽ വിവിധ തസ്തികകളിൽ നടക്കുന്ന നിയമനമാണ്. എൽഡിസിഎല്ലിനു കീഴിലെ കപ്പലുകളിലെ ഇലക്ട്രിക്കൽ ഓഫിസർ തസ്തികയിൽ മാത്രം രണ്ടു വർഷത്തിനകം ഇങ്ങനെ കയറിപ്പറ്റിയത് പത്തിലധികം പേർ.
അംഗീകൃത ബിരുദമോ പോളിടെക്നിക് ഡിപ്ലോമയോ ആണ് കപ്പലിലെ വൈദ്യുതി സംബന്ധമായ ജോലികളുടെ ചുമതലയുള്ള ഇലക്ട്രിക്കൽ ഓഫിസറുടെ യോഗ്യത. യോഗ്യത നേടിയവർ മുംബൈയിലെ ഷിപ്പിങ് ഡയറക്ടർ ജനറൽ ഓഫിസിൽ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ച് കൺടിന്യൂസ് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് (സിഡിസി) നേടിയാൽ കപ്പലിൽ ജോലി ചെയ്യാം. 17,000 രൂപ ശമ്പളത്തിൽ ട്രെയിനിയായാണ് ആദ്യ നിയമനം. ഒരു വർഷത്തെ പരിശീലനത്തിനു ശേഷം കുറഞ്ഞത് 75,000 രൂപ ശമ്പളത്തോടെ ഇലക്ട്രിക്കൽ ഓഫിസർ തസ്തികയിലെത്താം. ലക്ഷദ്വീപ് വികസന കോർപറേഷനിൽനിന്ന് കപ്പലുകൾ കരാറെടുക്കുന്ന മൈനിങ് ഏജൻസികളാണ് തങ്ങളുടെ കപ്പലിൽ നിയമനം നടത്തുന്നതെങ്കിലും നിയമനത്തിന് എൽഡിസിഎൽ ഉദ്യോഗസ്ഥരുടെ അംഗീകാരം വേണം. ഈ അധികാരം ഉപയോഗിച്ചാണ് കോർപറേഷനിലെ ചില ഉദ്യോഗസ്ഥരുടെ അവിഹിത ഇടപെടൽ.
ലക്ഷദ്വീപിലെയും ആൻഡമാൻ നിക്കോബാർ ദ്വീപിലെയും സംവരണ വിഭാഗത്തിൽപെട്ട, എസ്എസ്എൽസി വിജയിച്ചവരെ അദർ ക്രൂ എന്ന പേരിൽ കപ്പലുകളിൽ നിയമിക്കാമെന്ന് ഷിപ്പിങ് മന്ത്രാലയത്തിന്റെ നിർദേശമുണ്ട്. ഹോസ്പിറ്റാലിറ്റി, കേറ്ററിങ് വിഭാഗങ്ങളിൽ മാത്രമേ ഇങ്ങനെ നിയമനം നടത്താവൂ. എസ്എസ്എൽസിക്കു മുകളിലുള്ള വിദ്യാഭ്യാസമോ അനുഭവ പരിചയമോ വേണ്ട. തസ്തികകളുടെ എണ്ണം കുറവായതിനാൽ ഈ വിഭാഗത്തിൽ കൂടുതൽ പേരെയെടുക്കാനാകില്ല. ഈ സാഹചര്യത്തിലാണ് അദർ ക്രൂ വിഭാഗത്തിലേക്ക് ജോലി തേടിയെത്തുന്നവരെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇലക്ട്രിക്കൽ ഓഫിസർ ട്രെയിനിയായി തിരുകി കയറ്റുന്നത്.
വ്യാജ ഡിപ്ലോമ സർട്ടിഫിക്കറ്റ് മാഫിയയിലേക്കു വഴി കാട്ടുന്നതും ഈ ഉദ്യോഗസ്ഥർ തന്നെ. ഒരു വർഷത്തെ പരിശീലനത്തോടെ ഒരുവിധം ജോലി പഠിക്കുന്ന ഇവരെ ഒഴിവു വരുന്ന മുറയ്ക്ക് റൊട്ടേഷൻ വ്യവസ്ഥയിൽ കപ്പലുകളിൽ നിയമിക്കും. സർട്ടിഫിക്കറ്റും സിഡിസിയും എൽഡിസിഎൽ അംഗീകാരവുമുള്ളതിനാൽ ഇവർ യഥാർഥത്തിൽ യോഗ്യത നേടിയവരാണെന്നു കരുതിയാണ് മൈനിങ് ഏജൻസികൾ നിയമനം നടത്തുന്നത്. സിഡിസിക്കായി കിട്ടുന്ന സർട്ടിഫിക്കറ്റിന്റെ പരിശോധന ഷിപ്പിങ് ഡയറ്കടർ ജനറൽ ഓഫിസിൽ നടക്കാത്തതും തട്ടിപ്പിനു വളമാകുന്നു.
തോപ്പുംപടിയിലെ സ്വകാര്യ ഐടിഐ സ്ഥാപനമാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതിൽ പ്രധാനം. വ്യാജൻമാർക്കെതിരെ ലക്ഷദ്വീപ് വികസന കോർപറേഷനു പരാതി കൊടുത്തിട്ടും നടപടിയെടുക്കാത്തതിനാൽ, കപ്പൽ ജീവനക്കാരിൽ ചിലർ ഈ സ്ഥാപനത്തിൽ പണം കൊടുത്ത് വ്യാജ സർട്ടിഫിക്കറ്റ് വാങ്ങി തെളിവിനായി സൂക്ഷിച്ചിട്ടുണ്ട്. ഇതു സഹിതം ഷിപ്പിങ് മന്ത്രാലയത്തിനു പരാതി നൽകാനാണു തീരുമാനം. (Courtesy Marorama online)

SHARE YOUR FEEDBACK

RECENT IN THIS CATEGORY