DweepDiary.com | ABOUT US | Friday, 19 April 2024

യെമനില്‍ നിന്ന് ദൗത്യം പൂര്‍ത്തിയാക്കി കപ്പലുകള്‍ കൊച്ചിയില്‍ തിരിച്ചെത്തി

In main news BY Admin On 19 April 2015
കൊച്ചി (18.4.15):- ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ നിന്ന് 484 പേരുമായി രണ്ട് കപ്പലുകള്‍ കൊച്ചിയിലെത്തി. ഉച്ചക്ക് ഒന്നരയോടെ എം.വി കോറല്‍സ്, എം.വി കവരത്തി എന്നീ കപ്പലുകളാണ് തീരമണഞ്ഞത്. വിദേശികളടക്കമുളള കപ്പലില്‍ എത്തിയവരില്‍ 17 പേര്‍ മലയാളികളാണ്. ഏപ്രില്‍ 12നാണ് യമനിലെ ജിബൂത്തിയില്‍ നിന്ന് കപ്പലുകള്‍ യാത്ര തിരിച്ചത്.
ഇതോടെ കടല്‍ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം ഇന്ത്യ അവസാനിപ്പിച്ചു. വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. കടല്‍ക്കൊള്ളക്കാര്‍ക്കെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഐ.എന്‍.എസ് സുമിത്ര മാത്രമാണ് ഇപ്പോള്‍ യമന്‍ തീരത്തുള്ളത്.
എം.വി കോറല്‍സില്‍ 318ഉം എം.വി കവരത്തിയില്‍ 166ഉം യാത്രക്കാരുണ്ട്. കോറല്‍സിലെ 42 പേര്‍ ഇന്ത്യക്കാരും ബാക്കിയുള്ളവര്‍ ബംഗ്ലാദേശുകാരുമാണ്. രണ്ടാമത്തെ കപ്പലില്‍ 27 ഇന്ത്യക്കാര്‍ക്കു പുറമെ 64 ബംഗ്ലാദേശുകാരും ഇന്ത്യന്‍ വംശജരായ 75 യമന്‍കാരുമുണ്ട്.
പാസ്‌പോര്‍ട്ടോ മറ്റ് യാത്രാരേഖകളോ ഇല്ലാത്ത ബംഗ്ലാദേശുകാരെ ഇന്നു തന്നെ നെടുമ്പാശേരിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ധാക്കയിലേക്ക് അയക്കും. ഇതിനായി ബംഗ്ലാദേശ് നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. പുനരധിവാസം സംബന്ധിച്ച് അനിശ്ചിതത്വം ഉള്ളതിനാല്‍ യമന്‍കാരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാനാണ് നാവികസേനയുടെ തീരുമാനം.
കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെടുന്നതിന് മുമ്പ് കേരളത്തില്‍ നിന്നുള്ള രണ്ട് കപ്പല്‍ ജീവനക്കാര്‍ പിന്‍മാറിയിരുന്നു. പകരം 2 ദ്വീപില്‍ നിന്നുള്ള രണ്ട് പേര്‍ ആ ദൗത്യം ഏറ്റെടുത്തു. 20 ദിവസമായി രക്ഷാപ്രവര്‍ത്തലേര്‍പ്പെട്ട കപ്പലുകള്‍ക്ക് 6 കോടി രൂപയാണ് കേന്ദ്രം ചെലവാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട കപ്പല്‍ ജീവനക്കാര്‍ക്ക് ലക്ഷദ്വീപ് അഡ്മിനിസിസ്ട്രേറ്റര്‍ അഭിനന്ദനമറിയിച്ചതല്ലാതെ മറ്റൊന്നും ചെയ്തില്ലെന്ന ആരോപണവുമുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY